ഹൃദ്യമായ കാഴ്ചകളൊരുക്കി സുന്ദരി വീട്

പുറം ഭംഗിക്കും കാഴ്ചകൾക്കുമൊപ്പം പ്രകൃതിയെയും പരിഗണിച്ചുള്ള ഡിസൈനാണ് ഈ വീടിനെ ഒരു കാഴ്ചാനുഭവമാക്കി മാറ്റുന്നത്.

മലപ്പുറം ചങ്ങംപള്ളി മുസ്തഫ കുരിക്കളുടെ ബെയ്ത് ഉൽ റയാൻ എന്ന സുന്ദരി വീട്. ആരുടേയും കണ്ണുകളെ അപഹരിക്കുന്ന വശ്യതയാണ് വീടിന്റെ ഹൈലൈറ്റ്. ഒരേക്കറോളം വിശാലമായ പ്ലോട്ടിന്റെ മധ്യത്തിലായി ഒരു വെണ്ണക്കൽസൗധം പോലെ വീട് തലയുയർത്തി നിൽക്കുന്നു. 3750 ചതുരശ്രയടിയാണ് വിസ്തീർണം. വെള്ള നിറത്തോട് ഉടമസ്ഥന് പ്രത്യേക താല്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് വീട് വൈറ്റ് തീമിലേക്ക് മാറിയത്. ഇതിനു വേർതിരിവ് നൽകാൻ ബ്രൗൺ നിറങ്ങളും പുറംഭിത്തിയിൽ ഹാജർ വച്ചിരിക്കുന്നു.

പ്രധാന ഗെയ്റ്റ് മുതൽ 'വെള്ള'ക്കാഴ്ചകൾ ആരംഭിക്കുന്നു. ചുറ്റുമതിലും ഇന്റർലോക്കുമെല്ലാം വെള്ളമയം. ഡ്രൈവ് വേയുടെ ഇരുവശവുമായി വീടിന്റെ മൊത്തത്തിലുള്ള ലുക്കുമായി ചേർന്നു പോവുന്ന രീതിയിൽ ലാൻഡ്സ്കേപ്പിങ് ഒരുക്കി. ട്രഡീഷണൽ ശൈലി പ്രതിഫലിപ്പിക്കുന്ന സ്ലോപ് റൂഫുകളാണ് പുറംകാഴ്ചയിലെ ശ്രദ്ധാകേന്ദ്രം. സാധാരണ ഓടു വാങ്ങി അവയ്ക്കു മുകളിൽ ഗ്രേപ്പ് ബ്രൗൺ പെയിന്റ് നൽകിയാണ് റൂഫിൽ പാകിയിരിക്കുന്നത്. 

ഇന്റീരിയർ കന്റെംപ്രറി ശൈലിയിലാണ് ഒരുക്കിയത്. ഓപ്പൺ കൺസെപ്റ്റിൽ ഒരുക്കിയ വിശാലമായൊരു സിറ്റൗട്ടാണ് പോർച്ചിലെത്തുന്ന അതിഥികളെ സ്വാഗതം ചെയ്യുക. സിറ്റൗട്ടിന്റെ ഒരുവശത്തായി ഇൻബിൽറ്റ് സീറ്റിങ്ങും ഒരുക്കിയിട്ടുണ്ട്. മിൽക്കി വൈറ്റ് മാർബിളാണ് ഇവിടെ സീറ്റിങ് ഏരിയയ്ക്കു വേണ്ടി നൽകിയത്.

വിശാലമായ അകത്തളങ്ങളാണ് ഒരുക്കിയത്. സ്വീകരണമുറി ഡബിൾ ഹൈറ്റിലാണ് നൽകിയത്. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തവയാണ്. ഡബിൾ ഹൈറ്റിലുള്ള ചുമരിന്റെ മുകൾഭാഗത്തായി ചൂടു വായു പുറത്തു കളയാനുള്ള ചെറിയ വിൻഡോ ഓപ്പനിങ്ങുകളും നല്‍കിയിട്ടുണ്ട്. ലിവിങ് ഏരിയയുടെ എതിർവശത്താണ് ഡൈനിങ് സ്പേസ്. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. റബ് വുഡ് കൊണ്ടാണ് ഊണുമേശയും കസേരകളും നിർമിച്ചത്.

ഡൈനിങ് – ലിവിങ് ഏരിയകളുടെ ഇടയിലായി മനോഹരമായൊരു കോർട്‌യാർഡ് സ്പേസും ഒരുക്കി. പെബിൾസും ചെടികളും നൽകി കോർട്യാർഡ് അലങ്കരിച്ചു. മുകൾനിലയിൽ നിന്നും കോർട്യാർഡിലേക്കുളള കാഴ്ച മനോഹരമാണ്. മുകളിലെ പർഗോള ഗ്ലാസ് റൂഫിലൂടെ പ്രകാശം സമൃദ്ധമായി അകത്തേക്ക് വിരുന്നെത്തുന്നു.

സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകി ഒരുക്കിയ അടുക്കളയാണ് ഇവിടെ. വുഡ് ലാമിനേഷനാണ് കബോർഡുകൾക്ക് നൽകിയിരിക്കുന്നത്. പിങ്ക് ഗ്രാനൈറ്റാണ് കൗണ്ടർടോപ്പിൽ ഉപയോഗിച്ചിരിക്കുന്നത്.  

സ്‌റ്റീലും ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെയായി ഒരു ബാത്റൂം ക്രമീകരിച്ചു.

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികളാണ് വീട്ടിൽ. സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകി ധാരാളം വാഡ്രോബുകളും മുറികളിൽ സജ്ജീകരിച്ചു. കിഡ്സ്‌റൂം പിങ്ക്+ വൈറ്റ് തീമിൽ ഒരുക്കി. ജിപ്സം സീലിങ്ങും ഇൻഡയറക്ട് ലൈറ്റിങ്ങും മുറികളുടെ പ്രസന്നത വർധിപ്പിക്കുന്നു. ബാത്ത് അറ്റാച്ച്ഡാണ് ഇവിടുത്തെ എല്ലാ ബെഡ്റൂമുകളും. കിടപ്പുമുറികളിൽ  വുഡൻ ഫ്ളോറിങ് നൽകിയത് ഭംഗി വർധിപ്പിക്കുന്നു.

ക്രോസ് വെന്റിലേഷൻ നൽകിയ അകത്തളങ്ങളിൽ കാറ്റും വെളിച്ചവും സമൃദ്ധമായി പരിലസിക്കുന്നു. ചുരുക്കത്തിൽ പുറം ഭംഗിക്കും കാഴ്ചകൾക്കുമൊപ്പം പ്രകൃതിയെയും പരിഗണിച്ചുള്ള ഡിസൈനാണ് ഈ വീടിനെ ഒരു കാഴ്ചാനുഭവമാക്കി മാറ്റുന്നത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Thirunavaya, Malappuram

Area- 3750 SFT

Plot- 1 Acre

Owner- Mustafa Kurikkal 

Designer- Khais Muhammed

Kenza Design Interiors, Kaloor, Cochin

Mob- 9995650416; 9895897727