തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഫൊട്ടോഗ്രഫർമാരിലൊരാളായിരുന്നു രാജൻ. ഫൊട്ടോഗ്രഫർമാരുടെ സംഘടനയിലെ സജീവ അംഗം. സ്വന്തമായി വീടെന്ന സ്വപ്നം മനസ്സിൽ സൂക്ഷിച്ച് രാപകൽ അധ്വാനിച്ചിരുന്ന ശരാശരി മലയാളി. എന്നാലാ സ്വപ്നങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. ഒരു വാഹനാപകടത്തെത്തുടർന്ന് ഭാര്യ മണിയെയും മകൾ അഖിലയെയും തനിച്ചാക്കി രാജൻ യാത്ര പറയുമ്പോൾ വീടെന്ന സ്വപ്നം ബാക്കിയായി. ആ മോഹം യാഥാർഥ്യമാക്കാൻ നല്ലവരായ നാട്ടുകാർ മുന്നിട്ടിറങ്ങി. ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വീടിനാവശ്യമായ പണം നൽകി. പിന്നീട് കാര്യങ്ങൾ വളരെ പെട്ടെന്നായിരുന്നു. ഫൊട്ടോഗ്രഫർമാരുടെ സംഘടനയും കൈമെയ്യ് മറന്ന് കൂടെ നിന്നപ്പോൾ രാജന്റെ സ്വപ്നം പൂവണിഞ്ഞു. ചെലവായത് വെറും ഏഴു ലക്ഷം രൂപ. ഇത്ര ചെറിയ തുകയ്ക്ക് തട്ടിക്കൂട്ടിയ വീടാണോ എന്ന് ചിന്തിക്കുന്നവർക്കുള്ള ഉത്തരം ഈ ചിത്രങ്ങൾ തരും.
റോഡിൽനിന്ന് നല്ല ഉയരത്തിലുള്ള പ്ലോട്ടായിരുന്നു. കരിങ്കല്ലുകൊണ്ട് അടിത്തറ വാർത്ത് ബെൽറ്റിട്ടു. ആറ് ഇഞ്ച് കനമുള്ള സോളിഡ് ബ്ലോക്ക് ഉപയോഗിച്ചാണ് ഭിത്തി കെട്ടിയത്. ടെറസ്സിലേക്ക് കയറാൻ പുറമേ നിന്ന് സ്റ്റെയർകെയ്സും നൽകിയിട്ടുണ്ട്. തനി ബോക്സ് ടൈപ്പ് എക്സ്റ്റീരിയർ ആയിപ്പോകാതിരിക്കാൻ മുൻവശത്ത് ഇരുഭാഗങ്ങളിലും ജിഐ പൈപ്പ് കൊണ്ട് ഡിസൈൻ വർക്ക് ചെയ്തിട്ടുണ്ട്. കിണറും മുൻവശത്ത് തന്നെ.
ഇളംപച്ചയും വെള്ളയുമാണ് അകത്തെ നിറങ്ങൾ. ചെറിയ ബജറ്റിലുള്ള വീടാണെങ്കിലും ഇന്റീരിയർ ബിഗ് ബജറ്റ് വീടുകളോട് കിടപിടിക്കും. നീണ്ടൊരു ഹാൾ പകുത്താണ് ലിവിങ് ഡൈനിങ് ഏരിയകൾക്ക് സ്ഥലം നൽകിയത്. ഭിത്തികളെ അലങ്കരിക്കാൻ പലതരത്തിലുള്ള വോൾ ഡെക്കറുകൾ. സാധാരണ ബെഞ്ചും ഡസ്ക്കും പെയിന്റടിച്ചെടുത്തപ്പോൾ ഊണിടത്തിലേക്കുള്ള ഫർണിച്ചറായി. ഒരെണ്ണത്തിന് 600 രൂപ മാത്രമാണ് ചെലവ്. രണ്ട് അറ്റാച്ഡ് കിടപ്പുമുറികളുണ്ട്. ഇവിടങ്ങളിൽ ത്രെഡ് കർട്ടൻ ഉപയോഗിച്ചു.
ആഞ്ഞിലിയുടെ റെഡിമെയ്ഡ് വാതിലുകളും ജനാലകളും ലാഭത്തിൽ വാങ്ങാനായതും ഗുണമായി. ഗൃഹപ്രവേശത്തിന് നാട് മുഴുവൻ ഒഴുകിയെത്തി. തങ്ങൾക്ക് വേണ്ടി എന്തിനും മുന്നിട്ടു നിന്നിരുന്ന രാജനോടുള്ള കടപ്പാട് അവർ വീട്ടി.
വീടിന് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും മണിയുടെ മുഖത്തൊരു തെളിഞ്ഞ ചിരി വരുന്നില്ല. ഫൊട്ടോഗ്രഫറുടെ ആവർത്തിച്ചുള്ള അഭ്യർഥനയ്ക്കിടെ ഇടറിയ സ്വരത്തോടെ മണി പറഞ്ഞു “ഒരുപാട് നാള് കൂടിയാണൊന്ന് ചിരിക്കുന്നത്. പടം ശരിയാകുമോ എന്തോ.” മനസ്സ് തുറന്നുള്ള ആ ചിരിയുടെ മീതെ ഫ്ലാഷ് തുരുതുരാ മിന്നി. അങ്ങനെ ഈ ലക്കത്തിലെ ഏറ്റവും നല്ല ചിത്രം പിറന്നു.
Idea
∙ ഉപയോഗശൂന്യമെന്ന് കരുതി പുറന്തള്ളുന്ന പല വസ്തുക്കളും ഇന്റീരിയർ അലങ്കാരത്തിന് മുതൽക്കൂട്ടാകും. വാഹനങ്ങളുടെ പഴയ ഭാഗങ്ങൾ വർക്‌ഷോപ്പിൽ നിന്ന് സംഘടിപ്പിച്ച് പോളിഷ് ചെയ്തെടുത്താൽ നന്നായിരിക്കും. ഫിലിം പ്രൊജക്ടറിന്റെ വീൽ ഇവിടെ വോൾ ഡെക്കറായി മാറി.
∙ ഇൻബിൽറ്റ് സീറ്റിങ് പണം ലാഭിക്കും. ഫെറോസിമന്റ് കൊണ്ട് ഇരിപ്പിടം ഒരുക്കി കുഷൻ പിടിപ്പിച്ചാൽ അടിപൊളി സോഫയായി. ഇടയ്ക്കിടെ മുറിയുടെ ലുക്ക് മാറ്റാൻ പറ്റില്ലെന്നേയുള്ളൂ.
∙ 800 ചതുരശ്രയടിയാണ് ഈ വീടിന്റെ വിസ്തൃതി. സ്ഥലം കൂടുതൽ തോന്നിക്കാൻ ഇളംനിറങ്ങളാണ് നൽകിയത്. വെളിച്ചം നന്നായി പ്രതിഫലിക്കുമ്പോൾ സ്ഥലം കൂടുതലാണെന്ന പ്രതീതിയുളവാകും
∙ പാർട്ടീഷന് എന്തെങ്കിലും തരത്തിലുള്ള ബോർഡ് ഉപയോഗിച്ചാല്‍ സ്പേസ് കുറച്ചു കാണിക്കും. കബോർഡ് നൽകിയാൽ അതിൽ ഷോപീസുകൾ വയ്ക്കേണ്ടി വരുമെന്ന് മാത്രമല്ല, ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം. ഈ പ്രശ്നത്തിനൊക്ക മറുമരുന്നെന്ന രീതിയിലാണ് ഇവിടെ കയർകൊണ്ട് സ്പേസ് ഭാഗിച്ചത്.
∙ പൊതുഇടങ്ങളിൽ മാത്രം വിലകൂടിയ ഭംഗിയുള്ള ടൈലുകൾ ഇട്ടാൽ മതി. താരതമ്യേന വിലക്കുറവുള്ള സെറാമിക് ടൈലുകളാണ് ബാത്റൂമിലും ബെഡ്റൂമിലും അടുക്കളയിലുമെല്ലാം പാകിയത്. ഹാളിൽ മാത്രം വിട്രിഫൈഡ് ടൈലുകൾ നൽകി. മുഴുവനായും സെറാമിക് ഉപയോഗിച്ചിരുന്നെങ്കിൽ നിർമാണച്ചെലവ് ഇനിയും കുറയുമായിരുന്നു.
∙ വീട്ടുകാരുടെ എണ്ണത്തിനനുസരിച്ച് വേണം മുറികളുടെ എണ്ണം തീരുമാനിക്കാൻ. ഇവിടെ അമ്മയും മകളും മാത്രമാണ് താമസം. അതിനാൽ രണ്ട് കിടപ്പുമുറികൾ തന്നെ ധാരാളം. സ്ഥിരമായി അതിഥികൾ വരുന്ന വീടാണെങ്കില്‍ ഒന്നിലധികം ഉപയോഗമുള്ള മൾട്ടിപർപ്പസ് മുറികൾ പണിയുന്നതാണ് ബുദ്ധി. അനാവശ്യമായ മുറികള്‍ വീട്ടമ്മയുടെ ജോലിഭാരം കൂട്ടുകയേ ഉള്ളൂ.
∙ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമെല്ലാം ഗ്ലാസ് ഉപയോഗിക്കുന്നതാണ് ഇന്നത്തെ രീതി. പാർട്ടീഷൻ, കോർട്‌യാർഡ്, പർഗോള എന്നിവിടങ്ങളിലെല്ലാം ഗ്ലാസ് മയം. ഇവിടെ ജനാലകൾക്ക് വേണ്ടി മാത്രമേ ഗ്ലാസ് ഉപയോഗിച്ചുള്ളു. വിദേശങ്ങളില്‍ ഗ്ലാസ് ഉപയോഗിക്കുന്നത് അവരുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നതു കൊണ്ടാണ്. ഇവിടെ അത് ചൂട് കൂട്ടാനേ ഉപകരിക്കൂ.
∙ പണി കഴിഞ്ഞ പല വീട്ടിലും ബാക്കി വന്ന സാമഗ്രികൾ കുന്നുകൂട്ടിയിട്ടിരിക്കുന്നതു കാണാം. അൽപം ക്രിയാത്മകമായി ചിന്തിച്ചാൽ വേസ്റ്റ് സാമഗ്രികൾ നമുക്ക് പ്രയോജനപ്പെടുത്താം. അത് ടൈലാണെങ്കിൽ പിൻവശത്തെ മതിലിന് ക്ലാഡിങ് തീർക്കാം. തടിഉരുപ്പടികൾ ക്ലാഡിങ്ങിന് മാത്രമല്ല, ചെറിയൊരു കസേര ഉണ്ടാക്കിയിടാനും ഉപകരിക്കും.
∙ ചതുരശ്രയടിക്കുള്ള റേറ്റ് അടിസ്ഥാനമാക്കിയാണ് മിക്കവരും ബജറ്റ് കണക്കാക്കുന്നത്. എന്നാലിത് സ്ട്രക്ചർ പൂർത്തിയാക്കാൻ മാത്രം വേണ്ടി വരുന്ന തുകയാണ്. ചുറ്റുമതിൽ, സ്ഥലമൊരുക്കൽ, ഗെയ്റ്റ്, കിണർകുത്തൽ, ഇന്റീരിയർ, വെള്ളം, ഇലക്ട്രിസിറ്റി കണക്ഷൻ തുടങ്ങിയവയ്ക്കുള്ള തുക കൂടി വകയിരുത്തിയാലേ ബജറ്റ് പൂർണമാകൂ. സാമഗ്രികൾക്ക് വിപണി വിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളും മനസ്സിലുണ്ടാകണം.
Project Facts
Area: 800 Sqft
Designer: സബീർ തിരുമല
സിന്ദൂരം ചാരിറ്റി ട്രസ്റ്റ്
sabeer_nh@yahoo.co.in
Location: മണ്ണന്തല, തിരുവനന്തപുരം
Year of completion: നവംബർ, 2017
Cost: ഏഴ് ലക്ഷം
ചിത്രങ്ങൾ: ഹരികൃഷണൻ