11 ലക്ഷം 3 മാസം; മുകളിൽ പുതിയ വീട് റെഡി

വെള്ളം കയറുന്ന സ്ഥലമായതിനാൽ അതിൽ നിന്ന് ഒരു രക്ഷ എന്ന നിലയ്ക്കാണ് മുകളിലെ നിലയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്.

പഴയ വീടിനു മുകളിൽ ഒരു നില കൂടി പണിയാൻ ആഗ്രഹിക്കുന്നവർ കോട്ടയത്ത് ഇല്ലിക്കലിൽ ചിന്മയ സ്കൂളിനടുത്തുള്ള ഷാജൻ വർഗീസിന്റെ വീട്ടുവിശേഷങ്ങൾ അറിയുന്നത് നല്ലതാണ്. 40 വർഷം പഴക്കമുള്ള വീടിനു മുകളിൽ പണിയാൻ പറ്റിയ നിർമാണ സാമഗ്രി അന്വേഷിച്ച് ഷാജൻ കുറേയലഞ്ഞു.

വെള്ളം കയറുന്ന സ്ഥലമായതിനാൽ അതിൽ നിന്ന് ഒരു രക്ഷ എന്ന നിലയ്ക്കാണ് മുകളിലെ നിലയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ചുറ്റുമുള്ള സ്ഥലമൊക്കെ മണ്ണിട്ട് പൊക്കിയതും തിരിച്ചടിയായി. മുകളിലൊരു നില, വീട് താങ്ങുമെന്നതിന് ഉറപ്പില്ല. അതിനാൽ ഭാരം കുറഞ്ഞ സാമഗ്രികൊണ്ട് വേണം പണിയാൻ. പോരാത്തതിന് വീടിന്റെ കുറച്ചുഭാഗം ചരിച്ചു വാർത്തതുമാണ്.

അങ്ങനെയിരിക്കെയാണ് ഷാജൻ ഷെറാ ബോർഡിനെക്കുറിച്ച് അറിയുന്നത്. അതേക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ ഷെറാബോർഡ്കൊണ്ട് ചുവരു കെട്ടാമെന്ന് തീരുമാനമായി. ചരിഞ്ഞ മേൽക്കൂരയ്ക്കും ഷാജന്‍ പോംവഴി കണ്ടെത്തി. ചിരട്ടവച്ച് മേൽക്കൂര നിരപ്പാക്കി. ഒന്നാം നിലയുടെ മേൽക്കൂരയ്ക്കു മേൽ തറയിൽ ആദ്യം വെള്ളം ഒഴിച്ച് സിമന്റ് പൊടി തൂവിക്കൊടുത്തു. അതിനു മുകളിലേക്ക് ചിരട്ട വച്ചതിനുശേഷം മാനുഫാക്ചേർഡ് സാൻഡും സിമന്റും പുട്ടിനു കുഴയ്ക്കുന്ന പരുവത്തിൽ കുഴച്ച് വിതറിക്കൊടുത്തു. അതിനു മുകളിലേക്ക് അടുത്ത ലെയർ ചിരട്ട വച്ചു. ചരിവ് കൂടുതലുള്ളിടത്ത് അഞ്ച് ലെയർ ചിരട്ട വരെ വച്ചു. 17,000 ചിരട്ടയാണ് ആകെ വേണ്ടിവന്നത്.

ആദ്യം തറ നിരപ്പാക്കിയത് ഒരു കിടപ്പുമുറിയുടേതാണ്. അവിടെ പക്ഷേ, ചിരട്ടയല്ല ഉപയോഗിച്ചത്. 2x2 അകലത്തിൽ ഒന്നരയിഞ്ച് സ്ക്വയർ പൈപ്പു വച്ച് മുകളിൽ 15 എംഎം കനമുള്ള ഷെറാബോർഡ് പിടിപ്പിച്ച് അതിനും മുകളിലാണ് ടൈൽ വിരിച്ചത്. ചവിട്ടുമ്പോൾ ശബ്ദം കേൾക്കുമെന്നതാണ് ഇതിന്റെ പോരായ്മ. അതോടെ ഹാൾ ചിരട്ടകൊണ്ട് നിരപ്പാക്കി. ഹാളും ഒരു കിടപ്പുമുറിയും മാത്രമേ ചരിഞ്ഞ ഭാഗത്തുള്ളൂ. മറ്റു മുറികൾക്കു താഴെ നിരപ്പായ വാർക്കയാണ്.

ഏറ്റവുമൊടുവിൽ തറ

മുകളിലെ നിലയ്ക്ക് ജിഐ ഷീറ്റുകൊണ്ടുള്ള റൂഫ് നൽകി. രസകരമായ കാര്യം മേൽക്കൂരയും ചുവരും പണിതതിനു ശേഷമാണ് തറ നിരപ്പാക്കിയതും ടൈൽ ഇട്ടതും എന്നതാണ്. തറ നിരപ്പാക്കുമ്പോഴുള്ള ഉയരവ്യത്യാസം കണക്കിലെടുത്ത് മേൽക്കൂര അൽപം പൊക്കിയാണ് ആദ്യം തന്നെ നൽകിയത്. ജിഐ ഷീറ്റിനുതാഴെ ജിപ്സം ബോർഡുകൊണ്ട് ഫോൾസ് സീലിങ് ചെയ്ത് ഭംഗിയാക്കി.

ട്രസ് താങ്ങിനിർത്തുന്നത് മൂന്ന് ഇഞ്ചിന്റെ മൂന്ന് സ്ക്വയർ പൈപ്പ് തൂണുകളാണ്. അവയുടെ രണ്ടു വശങ്ങളിലും നൽകിയിട്ടുള്ള ഒരിഞ്ച് ജിഐ സ്ക്വയർ പൈപ്പുകൊണ്ടുള്ള ഫ്രെയിമിലാണ് എട്ട് എംഎം കനമുള്ള ഷെറാബോർഡ് പിടിപ്പിച്ചിരിക്കുന്നത്. 8x4 അടി വലുപ്പമുള്ള ഷെറാബോർഡ് ഷീറ്റിന് 1440 രൂപയാണ് വില. ഇത്തരത്തിലുള്ള 76 ഷീറ്റ് വേണ്ടിവന്നു. 1600 ചതുരശ്രയടി വിസ്തീർണമുള്ള ഈ നിലയിൽ ഒരു വലിയ ഹാൾ, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി, അടുക്കള, ഒരു ബാത്റൂം എന്നിവയാണുള്ളത്. സ്ക്വയർപൈപ്പ് തൂണിൽ ഷെറാബോർഡ് ഒട്ടിച്ച് അതിന്മേൽ ടൈലും പിടിപ്പിച്ച് ഭംഗിയാക്കി.

കട്ടിളയ്ക്ക് മൂന്ന് ഇഞ്ച് സ്ക്വയർ ട്യൂബ് ഉപയോഗിച്ചു. പഴയ ജനലുകളാണ് നല്‍കിയിട്ടുള്ളത്. ഇലക്ട്രിക്കൽ, പ്ലംബിങ് ഫിറ്റിങ്ങുകളെല്ലാം ഷെറാബോർഡിലൂടെ തന്നെയാണ്. മുറികളിലെല്ലാം സീലിങ്ങിൽ കൺസീൽഡ് എൽഇഡി ലൈറ്റ്സ് നൽകി. മീറ്ററിന് 100 രൂപ വിലയുള്ള തുണി വാങ്ങി ഷാജന്റെ ഭാര്യ ജിലുവും അമ്മയും കൂടി തയ്ച്ചപ്പോൾ കുറഞ്ഞ ചെലവിൽ ഭംഗിയുള്ള കർട്ടനും കിട്ടി. അങ്ങനെ 11 ലക്ഷം രൂപയ്ക്ക് മൂന്നുമാസം കൊണ്ട് മുകളിലൊരു നില പണിയാനായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.