Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചപ്പിനകത്ത് പല നിലകളിലായി...

green-home-calicut

മെയിൻ റോഡിൽനിന്ന് ചെറിയൊരു ഡ്രൈവ്‌വേയിലൂടെ വരുമ്പോൾ ശശികുമാറിന്റെ ‘പടിപ്പുര’ എന്നു പേരിട്ടിരിക്കുന്ന വീട് ഊഷ്മളമായി സ്വാഗതമോതും. ചുറ്റും സർവ്വത്ര പച്ചപ്പ്. അരയേക്കർ സ്ഥലത്ത് പിറകിലെ അൽപം പൊങ്ങിയ മൂലയിലാണ് വീടിരിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന രണ്ടു തട്ടുകൾ ഇടിച്ചുകളയാതിരുന്നതിനാൽ വീടിനകം പല നിലകളിലായാണ് പ്ലാൻ ചെയ്തിരിക്കുന്നത്. സുഹൃത്തു കൂടിയായ ആർക്കിടെക്ട് വരുണുമായുള്ള അടുപ്പം ഇരുകൂട്ടരെയും നല്ലൊരു വീട് സാക്ഷാത്കരിക്കാൻ സഹായിച്ചു.

Elevation

പല തട്ടിലായി ഷിംഗിൾസ് വിരിച്ച മേൽക്കൂരയിലാണ് ആദ്യം നോട്ടമെത്തുക. താഴത്തെ മാസ്റ്റർബെഡ്റൂമും മുകളിലെ ബെഡ്റൂമും ഒരേ കൂരയ്ക്കു കീഴിൽ വരത്തക്കവിധം ചെയ്തിട്ടുള്ള കുത്തനെയുള്ള റൂഫ് ആണ് എലിവേഷന്റെ മകുടം. മനോഹരമായ ചുറ്റുപാടിന്റെ തുടർച്ചയെന്നോണം ജനലുകൾക്കും അഴികൾക്കും പച്ചനിറം കൊടുത്തതും ശ്രദ്ധേയം.

Sitout

green-home-calicut-balcony

ഒരു റിസോർട്ടാണോ എന്നു തോന്നിപ്പിക്കുന്നു ഈ സിറ്റ്ഔട്ട്. ചുറ്റും ചെടികളും മരങ്ങളും. സമീപത്തുള്ള ഹരിതാഭ മുഴുവൻ ആസ്വദിക്കാവുന്ന വിധത്തിലാണ് സിറ്റ്ഔട്ടിന്റെ രൂപകൽപന. ബുദ്ധ പ്രതിമയും ചെടികളും സിറ്റ്ഔട്ടിന് കൂടുതൽ ശാന്തഭാവം പകർന്നുതരുന്നു. പോർച്ചിനും സിറ്റ്ഔട്ടിനും ഫ്ലാറ്റ് റൂഫ് ആണ് കൊടുത്തത്. സിറ്റ്ഔട്ട്, ലിവിങ്, കോർട്‌യാർഡ് എന്നിവയാണ് ആദ്യത്തെ ലെവലിലുള്ള മുറികൾ.

Living Area

green-home-calicut-living

പുറത്തെ കാഴ്ചയിൽ നിന്ന് ലിവിങ് ഏരിയയിലേക്ക് കടക്കുമ്പോഴും സ്വച്ഛമായ അകത്തളങ്ങൾ മനസ്സ് കുളിർപ്പിക്കും. പ്രത്യേകമായി ചെയ്യിപ്പിച്ചെടുത്ത ഫർണിച്ചർ ഇന്റീരിയറിന്റെ ശാന്തത ഒട്ടും ഭഞ്ജിക്കുന്നില്ല. കോർട്‌യാർഡിലേക്കാണ് ലിവിങ് ഏരിയ തുറന്നിരിക്കുന്നത്. മുകളിലെ ചില്ലു ജാലകങ്ങളിലൂടെ പതിക്കുന്ന സൂര്യപ്രകാശം തുറസ്സായ അകത്തളത്തിലെല്ലായിടത്തും ലഭിക്കുന്നു. റബ്‌വുഡിലാണ് തടിപ്പണി ചെയ്തിരിക്കുന്നത്.

Family Area

green-home-calicut-interior

ഗോവണിയുടെ ലാൻഡിങ്ങിലാണ് ഫാമിലി ഏരിയയുടെ സ്ഥാനം. ടിവി, ബുക്ക്ഷെൽഫ് എന്നിവയൊക്കെ ഇവിടെയുണ്ട്. സ്റ്റെയർ കയറി വരുന്ന ഭാഗത്ത് വുഡൻ പാനലിങ് കൊടുത്ത് ‘ഫോട്ടോ വോൾ’ വ്യത്യസ്തമാക്കി. ഡൈനിങ് ഏരിയയിൽ നിന്നാണ് മുകളിലേക്കു കയറുന്നത്. താഴത്തെ നിലയ്ക്കും മുകളിലെ നിലയ്ക്കും ഒരുപോലെ അടുത്താണ് ഫാമിലി ഏരിയയുടെ സ്ഥാനം എന്നതാണ് ഇവിടത്തെ പ്രത്യേകത.

Kitchen

green-home-calicut-kitchen

ലിവിങ്ങിൽനിന്ന് നാല് പടി കയറിയാണ് പൂജ, ഡൈനിങ്, കിച്ചൻ, വർക്ഏരിയ, രണ്ടു കിടപ്പുമുറി എന്നിവയുടെ ലെവലിലേക്ക് എത്താൻ. മോഡുലർ കിച്ചൻ പണിയിപ്പിച്ചെടുത്തപ്പോൾ ആഷ് നിറത്തിലുള്ള വോൾടൈലുകളും വെളുത്ത നിറമുള്ള കൗണ്ടർടോപ്പും കൊടുത്ത് കിച്ചനെ മോഡേൺ സുന്ദരിയാക്കി. ഡൈനിങ്ങിൽനിന്ന് കിച്ചനിലേക്കുള്ള കൗണ്ടറിനുമുണ്ടൊരു ശേല്. ബ്ലൈൻഡ്സ് ഇട്ട് മറച്ചിരിക്കുന്ന ഈ ഭാഗം ആവശ്യമുള്ളപ്പോൾ തുറക്കാം. രണ്ടു കിച്ചനുണ്ട് ഇവിടെ.

Passage

ലിവിങ്ങും കോർട്‌യാർഡുമാണ് താഴത്തെ നിലയിൽ ഏറ്റവും താണ ലെവലിലുള്ളത്. തൊട്ടുമുകളിലുള്ള ലെവലിൽ കിടപ്പുമുറികളിലേക്കു കടക്കാനുള്ള ഇടനാഴിയാണ് ചിത്രത്തിൽ. ഈ ലെവൽ വ്യത്യാസം ‘പടിപ്പുര’യ്ക്ക് കാൽപനികഭാവം വരുത്തുന്നു. 4x2 വലുപ്പത്തിലുള്ള മാറ്റ് ഫിനിഷ് ടൈലുകളാണ് മുറികളിലെല്ലാം ഉപയോഗിച്ചത്. സ്റ്റെയറിന് മാത്രം തടിയും ഗ്രാനൈറ്റും. പകൽസമയത്ത് ഫാൻ പോലും വേണ്ടിവരാറില്ലെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

Bath Area

മുകളിലെ ബാത്റൂമിന് ഒരു കിടിലൻ സവിശേഷതയുണ്ട്. ആകാശം കണ്ട് കുളിക്കാം. ഒരു അരഭിത്തി കെട്ടി വേർതിരിച്ചതാണ് ‘ആകാശക്കുളി’ക്കുള്ള വെറ്റ് ഏരിയ. ചുവപ്പു കലർന്ന വോൾടൈലുകളുമായി ഡ്രൈ ഏരിയയും ലുക്കിൽ ഒട്ടും പിറകിലല്ല. രണ്ട് ഏരിയകളും തട്ടികൊണ്ട് മറയ്ക്കാം.

Master Bedroom

green-home-calicut-bed

താഴത്തെ നിലയിലാണ് മാസ്റ്റർ ബെഡ്റൂമിന്റെ സ്ഥാനം. സീലിങ്ങാണ് ഈ കിടപ്പുമുറിയുടെ പ്രത്യേകത. ഏകദേശം 4.5 മീറ്ററോളം പൊക്കത്തിലാണ് റൂഫ്. റൂഫിനോട് ചേർന്ന് വെന്റിലേഷനും കൊടുത്തു. സ്റ്റോറേജും കൂടി ചേർന്നാണ് കട്ടിൽ തയാറാക്കിയിരിക്കുന്നത്. പുറമെ, മാസ്റ്റർബെഡ്റൂമിനും പോർച്ചിനും ഇടയ്ക്കായി ഒരു ആമ്പൽക്കുളവും സജ്ജീകരിച്ചിട്ടുണ്ട്.

Project Facts

Area: 2500 Sqft

Architect: വരുൺ ഗോവിന്ദ്

കലീഡ് ആർക്കിടെക്ട്സ്

കോഴിക്കോട് റോഡ്, മഞ്ചേരി

kaleidarchitects@gmail.com

Location: മുക്കം, കോഴിക്കോട്

Year of completion: ഏപ്രിൽ, 2017