ഇതുപോലെ ഒരു വീട് ആരാണ് ആഗ്രഹിക്കാത്തത്!

25-lakh-house
വാരാന്ത്യങ്ങളിൽ വഴിക്കണ്ണുമായി ഈ വീട് കാത്തിരിക്കുന്നു. ചുരം കയറിയെത്തുന്ന ഉടമസ്ഥനെയും കുടുംബത്തെയും കാത്ത്...

പച്ചപ്പട്ടുടുത്ത മലനിരകളുടെ മടിത്തട്ടിൽ  കോടമഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന വയനാട്. സഞ്ചാരികളുടെ പറുദീസയായ ഇവിടെയാണ് ആരുടേയും കണ്ണുകളെ കവർന്നെടുക്കുന്ന ഈ സുന്ദരൻ വീട് സ്ഥിതിചെയ്യുന്നത്. വയനാട് വൈത്തിരിയിൽ വെറും 5 സെന്റിൽ നിർമിച്ച വീടിനു 1000 ചതുരശ്രയടി വിസ്തീർണമേയുള്ളൂ. കോഴിക്കോടുകാരനായ സതീഷിനും കുടുംബത്തിനും നാട്ടിലെത്തുമ്പോൾ വാരാന്ത്യങ്ങൾ ചെലവഴിക്കാനുള്ള വീക്ക് എൻഡ് ഹോം ആയിട്ടാണ് ഈ വീട് നിർമിച്ചത്. രണ്ടു കിടപ്പുമുറികൾ മാത്രമേ ഇവിടെയുള്ളൂ.

25lakh-home-wayanad

പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ചരിവുള്ള ഭൂമിയാണ് ഇവിടെ. വാസ്തുപ്രകാരം നിർമാണത്തിന് അനുയോജ്യമായ ഭൂമി. ദിക്കുകളുടെ ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് രണ്ടു തട്ടുകളായി വീട് പണിതത്. കരിങ്കല്ല് കൊണ്ടാണ് അടിത്തറ കെട്ടിയത്. ഉയരവ്യത്യാസമുള്ള പ്ലോട്ടിൽ സ്ട്രക്ച്ചറിന് ശക്തി നൽകുന്നതിനായി പ്ലിന്ത് ബീമുകൾ ഇരു ലെവലുകളിലുമായി നൽകി. പുറംഭിത്തികളിൽ ടെക്സ്ചർ പെയിന്റ് നൽകി. ചെങ്കല്ല് കൊണ്ടുള്ള ക്ലാഡിങ് ടൈലുകൾ മുൻവശത്തെ ഭിത്തികൾക്ക് മനോഹാരിത പകരുന്നു. പ്രകൃതിരമണീയമായ സ്ഥലത്തിന്റെ കാഴ്ചകൾ പരമാവധി ലഭിക്കുന്നതിന് മുന്നിലും പിന്നിലും സിറ്റ്ഔട്ട് സ്‌പേസുകൾ നൽകിയിട്ടുണ്ട്.

25-lakh-upper

പരിപാലനം പരിഗണിച്ചു മിനിമൽ ശൈലിയിലാണ് ഇന്റീരിയർ ഒരുക്കിയത്. ഓരോ ഇടങ്ങളെയും വേർതിരിച്ച് സ്ഥലഉപയുക്തത നൽകിയിട്ടുണ്ട്. പ്ലൈവുഡ്+ ഓട്ടോമോട്ടീവ് പെയിന്റ് ചെയ്താണ് ഫർണിച്ചറുകൾ നിർമിച്ചത്. വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിനു നൽകിയത്.

നാലുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഡൈനിങ് കം കിച്ചൻ സ്‌പേസാണ് ഒരുക്കിയത്. ബ്രേക്ഫാസ്റ്റ് കൗണ്ടറിന്റെ ഡിസൈൻ ശ്രദ്ധേയമാണ്. നാലു പേർക്കിരുന്നോ നിന്നോ ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള കൗണ്ടറാണ് ഇവിടെ നൽകിയത്. 

രണ്ടു കിടപ്പുമുറികളും യെലോ തീമിലാണ് ഒരുക്കിയത്. ഹെഡ്ബോർഡിലെ ചുവരും കർട്ടനുകളും എല്ലാം ഈ കളർ സ്‌കീം പിന്തുടരുന്നു. കിടപ്പുമുറികളിൽ നിന്നും വയനാടിന്റെ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കുകയുമാകാം.

സ്ട്രക്ച്ചറും ഇന്റീരിയറുമടക്കം 25 ലക്ഷം രൂപയാണ് ഈ വീടിനു ചെലവായത്.

വാരാന്ത്യങ്ങളിൽ വഴിക്കണ്ണുമായി ഈ വീട് കാത്തിരിക്കുന്നു. ചുരം കയറിയെത്തുന്ന ഉടമസ്ഥനെയും കുടുംബത്തെയും കാത്ത്...

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Vythiri, Wayanad

Plot- 5 cent

Area- 1000 SFT

Owner- Satheesh Kumar

Designer- Vineesh Vidhyadharan

Vineesh & Associates

Mob- 9846054889

Completion year- 2017

Budget- 25 Lakhs