മൂന്നാറിലെ തണുപ്പും കോടമഞ്ഞിന്റെ കാഴ്ചകളും കണ്ടിരിക്കാനൊരു ചെറിയ താവളം. മുട്ടിനു മുട്ടിന് റിസോർട്ടുകളുള്ള മൂന്നാറിൽ എങ്ങനെ വ്യത്യസ്തമായൊരു താമസ സൗകര്യം കൊണ്ടുവരാം എന്ന ആലോചനയിൽ നിന്നാണ് സ്നോ വാലി റിസോർട്ടിന്റെ പിറവിയെന്ന് ഡിസൈനറും ഉടമയുമായ രാജേഷ് പി ജനാർദ്ദനൻ പറയുന്നു.
പഴമയുടെ ഭംഗിയും ആധുനിക സൗകര്യങ്ങളും ഉൾക്കൊള്ളുന്ന 895 സ്ക്വയർഫീറ്റ് റിസോർട്ട് ആനച്ചാൽ– മൂന്നാർ റൂട്ടിലാണ്. മൂന്ന് ബെഡ്റൂം പിന്നെ ഒരു ചെറിയ കിച്ചൺ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പഴയ ഒരു ഇല്ലത്തിന്റെ സ്റ്റൈലിലാണ് രൂപകൽപന. കിണ്ടി, മൊന്ത, നിലവിളക്ക് എല്ലാം ഉൾക്കൊള്ളുന്ന പഴമയുടെ പ്രൗഢിവിളിച്ചോതുന്ന ആന്റിക് വസ്തുക്കളും ഇവിടുത്തെ ഇന്റീരിയറിന്റെ പ്രധാന ഭാഗമാണ്. പഴയ കതക്, കട്ടിള എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന താരങ്ങൾ. പഴയ അറയും നിരയും പൊളിച്ചതൊക്കെ ശേഖരിച്ച് ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. ഏഴ് സെന്റിലാണ് 895 സ്ക്വയർഫീറ്റ് റിസോട്ട് സ്ഥിതി ചെയ്യുന്നത്.
ഏഴു പേരടങ്ങുന്നൊരു ഫാമിലിക്ക് സുഖമായി താമസിക്കാം. പാചകസൗകര്യവും ഇവിടെ ഉണ്ട്. മൂന്ന് ബെഡ്റൂമുകളും സ്വതന്ത്രമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് നിർമ്മിച്ചിരുക്കുന്നത്. പ്ലോട്ടിന്റെ പുറകിൽ പന്ത്രണ്ട് ഏക്കറോളം വരുന്ന തേയിലത്തോട്ടമാണ്. വീടിന്റെ മുകളിലായി വാച്ച് ടവർ പോലെ ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ഇവിടെക്ക് പ്രവേശിക്കാൻ പുറത്ത് നിന്ന് സ്റ്റെയർ കൊടുത്തിട്ടുണ്ട്.
ഭൂചലന പ്രതിരോധ ശക്തിയുള്ള അൾട്രാബ്രിക്കാണ് നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്നത്. സ്ക്വയർഫീറ്റിന് 2000 രൂപയാണ് നിർമ്മാണ ചിലവ്. ഇവിടെ നിന്ന് മൂന്ന് കി.മി. അകലെയാണ് ചെങ്കുളം ഡാം. മാത്രമല്ല മാട്ടുപ്പെട്ടി, കുണ്ടള ഡാമൊക്കെ സമീപത്താണ്. ഒരു ദിവസത്തെ താമസത്തിന് ഒരു റൂമിന് 2500 രൂപയാണ് ഇവിടെ ചാർജ്.
വിന്റേജ് പ്രൗഢിവിളിച്ചോതുന്ന 52 മോഡൽ മോറിസ് മൈനർ കാർ, പഴയ കാളവണ്ടി, കുതിരവണ്ടി, 65 മോഡൽ ലാംബി സ്കൂട്ടർ, പഴയ സൈക്കിൾ ഇവയൊക്കെ പരിചയപ്പെടുന്നതിനും ഇവിടെ സൗകര്യമുണ്ട്.
ജയറാമിന്റെ മോറിസ് മൈനർ ഇവിടുത്തെ താരം!
സിനിമാതാരം ജയറാമിന്റെതായിരുന്നു ഈ മോറിസ് മൈനർ. പക്ഷേ കാർ കിട്ടിയ വഴി രസകരമാണ്. ജയറാം സംവിധായകൻ പ്രിയദർശനു കൈമാറിയ വാഹനം പ്രിയദർശൻ തന്റെ അമ്മാവൻ കൈമളിന് ഓടിക്കാൻ കൊടുത്തു... അമ്പലപ്പുഴയിൽ ഒരു വീട് നോക്കാൻ ചെന്നപ്പോഴാണ് വിറകുപുരയിൽ പൊടിപിടിച്ചു കിടന്ന മോറിസ് രാജേഷ് കണ്ടത്...കുറെ പ്രാവശ്യം ചോദിച്ചു. താത്പര്യം കണ്ടിട്ടാകണം എന്തായാലും കൊണ്ടുപൊയ്ക്കോളാൻ പറഞ്ഞു. കൈയിൽ കിട്ടിയപ്പോൾ ഓടിക്കാൻ പരുവത്തിലല്ലായിരുന്നു, മൊത്തത്തിലൊരു അഴിച്ചുപണി നടത്തി ഇപ്പോൾ ഓടിക്കാൻ പാകത്തിനാക്കി. ഇവിടെയെത്തുന്ന സന്ദർശകരുടെ സെൽഫിയിലെ താരമാണിപ്പോൾ ഈ മോറിസ് മൈനർ.
Project Facts
Location- ആനച്ചാൽ (മൂന്നാർ)
Area- 895 സ്ക്വയർഫീറ്റ്
Owner- രാജേഷ് പി. ജനാർദനൻ
Designer-കെൻ ഡിസൈനേഴ്സ് ആൻഡ് കൺസ്ട്രക്ഷൻ, ചങ്ങനാശേരി (kenrajeshp@gmail.com)
Mob- 9447129620
Completion year- 2018