പ്രവാസിയായ ഗിരീഷ് കുമാറിന് കേരളത്തനിമയുടെ രൂപസൗകുമാര്യമുള്ള എന്നാൽ മോഡേൺ സൗകര്യങ്ങളുമുള്ള ഒരു വീട് വേണം എന്നതായിരുന്നു ആഗ്രഹം. അത്യാവശ്യം ഗൃഹപാഠം ചെയ്താണ് ഗിരീഷ് വീടുപണി തുടങ്ങിയത്. പത്തനംതിട്ട അടൂരിലാണ് നാലുകെട്ട് ശൈലിയിലുള്ള ഈ വീട്. ആഗ്രഹിച്ചതുപോലെതന്നെ പരമ്പരാഗത ശൈലിയിലുള്ള പുറംകാഴ്ചയും പുതിയ കാലത്തിന്റെ സൗകര്യങ്ങളുള്ള അകത്തളങ്ങളുമാണ് വീടിന്റെ ഹൈലൈറ്റ്.
3000 ചതുരശ്രയടിയുള്ള വീട്ടിൽ ലിവിങ്, ഫാമിലി ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, കിച്ചൻ, വർക് ഏരിയ, അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ മൂന്ന് കിടപ്പുമുറികൾ എന്നിവ ഒരുക്കിയിരിക്കുന്നു. വാസ്തു പ്രമാണങ്ങൾ പാലിച്ചാണ് വീടിന്റെയും മുറികളുടെയും ക്രമീകരണം. സ്ലോപ് റൂഫിൽ ഓടുവിരിച്ചതോടെ വീടിന് കേരളത്തനിമ കൈവന്നു. പ്രധാന ബ്ലോക്കിൽ നിന്നും മാറി സമീപമായി തന്നെ കാർ പോർച്ച് നൽകി. മുറ്റം കുറച്ചിട ഇന്റർലോക്ക് ചെയ്തു. ബാക്കിയിടങ്ങളിൽ ബഫലോ ഗ്രാസും ചെടികളും വച്ച് പിടിപ്പിച്ചു.
ലളിതമായ ഇന്റീരിയർ. കടുംനിറങ്ങളുടെ ആഘോഷമൊന്നുമില്ല ഉള്ളിൽ. വൈറ്റ് തീമിലാണ് ചുവരുകൾ. വീടിനകത്ത് പൊസിറ്റീവ് ആയ അന്തരീക്ഷം നിലനിർത്തുന്നതിൽ ഇളംനിറങ്ങൾ സഹായകരമാകുന്നുണ്ട്. മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. പ്ലൈവുഡ്, വെനീർ ഫിനിഷിൽ ഫർണിഷിങ് ചെയ്തു.
പ്രധാന വാതിലിനു ഇടതുവശത്തായി പൂജാമുറി നൽകി. ഇവിടെ നിന്നും സ്വീകരണമുറിയിലേക്ക്. സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് ഓരോ ഇടങ്ങൾക്കും ആവശ്യം വേണ്ട വേർതിരിവ് നൽകുന്നതിനോടൊപ്പം ഇന്റീരിയറിനു വിശാലതയും നൽകുന്നു.
നടുമുറ്റമാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. വീടിന്റെ ഒട്ടുമിക്ക മുറികളിൽനിന്നും ഇവിടേക്ക് കാഴ്ചയെത്തും. ക്രോസ് വെന്റിലേഷൻ ലഭിക്കുന്നതിനാൽ കാറ്റും വെളിച്ചവും സമൃദ്ധമായി അകത്തളങ്ങളിൽ എത്തുകയും ചെയ്യും.
നടുമുറ്റത്ത് പെബിളുകൾ വിരിച്ചു. മുകളിൽ സ്‌കൈലൈറ്റ് നൽകി. വീടിനുള്ളിലേക്ക് പ്രകാശം എത്തിക്കുന്നതിൽ കോർട്യാർഡ് വലിയ പങ്കുവഹിക്കുന്നു. നടുമുറ്റത്തിനു നാലുചുറ്റും ഇരിക്കാൻ പാകത്തിന് വരാന്തയും നൽകി.
എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.
മൾട്ടിവുഡ് ഫിനിഷിൽ മോഡുലാർ കിച്ചൻ. നാനോവൈറ്റാണ് കൗണ്ടറുകൾക്ക് വിരിച്ചത്. സമീപം വർക്കിങ് കിച്ചനുമുണ്ട്. ഇവിടെ ഗ്രാനൈറ്റ് വിരിച്ചു.
ലളിതമായ മൂന്ന് കിടപ്പുമുറികൾ. സ്‌റ്റോറേജിന് പ്രാധാന്യം നൽകി കിടപ്പുമുറികൾ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകി.
വീട്ടിൽ എത്തുന്ന അതിഥികൾക്കും വീടിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ കൗതുകമാണ് ഇപ്പോൾ.
Project Facts
Location- Adoor, Pathanamthitta
Area- 3000 SFT
Owner- Girish
Mob- 00971502866567
Completion year- 2017