പുറംകാഴ്ചയിൽ ഇരുനില വീടെന്നു തോന്നണം, പക്ഷേ ഒറ്റനില മതി. കേട്ടാൽ വിചിത്രമെന്നു തോന്നുന്ന ആവശ്യമായിരുന്നു ആ പ്രവാസിയുടേത്. എങ്കിലും പരമ്പരാഗത ശൈലിയിൽ 3000 ചതുരശ്രയടിയിൽ ആർക്കിടെക്റ്റ് ആൽബിൻ പോൾ അങ്ങനെയൊരു വീട് പണിതു, തൃശൂർ ഇരിഞ്ഞാലക്കുടയിൽ ! 25 സെന്റിൽ 3000 ചതുരശ്രയടിയിലാണ് ഈ വീട്. പല തട്ടുകളായി തിരിച്ച സ്ലോപ് റൂഫിന് മുകളിൽ ഓടുപാകി.
സമീപത്തെ വയലിൽനിന്നു തണുത്ത കാറ്റിനെ സ്വീകരിക്കാനായി സ്ലിറ്റുകളും ലൂവർ ജനാലകളും എലിവേഷനിൽ കൂടുതലായി നൽകി. ലളിതമായ വൈറ്റ് + വുഡൻ തീമാണ് ഇന്റീരിയറിൽ നിറയുന്നത്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. സ്ഥലഉപയുക്തതയാണ് മറ്റൊരു ഹൈലൈറ്റ്. ഡെഡ് സ്‌പേസുകൾ ഒഴിവാക്കിയുള്ള ഡിസൈനാണ് ഇതിനു സഹായകരമാകുന്നത്.
ഇരുനില വീടിന്റെ പ്രതീതി ലഭിക്കാനായി ലിവിങ് ഡൈനിങ് ഏരിയകൾ ഡബിൾ ഹൈറ്റിലാണ് നിർമിച്ചിരിക്കുന്നത്. 25 സെന്റിന്റെ അനൂകൂല്യം മുതലെടുത്ത് വിശാലതയ്ക്ക് മുൻതൂക്കം നൽകിയാണ് വീടിന്റെ ഓരോ ഭാഗവും രൂപകൽപന ചെയ്തിരിക്കുന്നത്. സ്വീകരണമുറിയുടെ ഭിത്തി വോൾപേപ്പർ ഒട്ടിച്ചു ഭംഗിയാക്കിയിരിക്കുന്നു.
അകത്തളത്തിന്റെ ഭംഗി ഒട്ടും ചോരാത്തെ മൾട്ടിവുഡ്, പ്ലൈവുഡ്, വെനീർ ഫിനിഷുകളിലാണ് ഫർണിച്ചറുകൾ. ഗുണമേന്മയുള്ള വിട്രിഫൈഡ് ടൈലുകളാണ് തറയിൽ. മരവും ഗ്ലാസും സമന്വയിപ്പിച്ചുള്ള സെമി പാർട്ടീഷൻ ഫോർമൽ ലിവിങ്ങിനു സ്വകാര്യത നൽകുന്നു. കിടപ്പുമുറികൾ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയോടൊപ്പം സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നു.
ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുള്ള അടുക്കളയിൽ പ്ലൈവുഡ് കൊണ്ടാണ് കബോർഡുകൾ. കൗണ്ടറിന്റെ മുകളിൽ ഗ്രാനൈറ്റ് വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. ചുരുക്കത്തിൽ, ഭംഗിയും സൗകര്യങ്ങളും ഒത്തുചേരുന്ന ഈ വീട് ആർക്കും ഇഷ്ടമാകും.
Project Facts
Location- Irinjalakuda, Thrissur
Area- 3000 SFT
Plot- 25 cents
Owner- Tony Jacob
Architect- Albin Paul
De_Studio, Kakkanad
Mob- 9846979960
Completion year- 2018