Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ന് ലോക പരിസ്ഥിതിദിനം, ഇതാ പ്രകൃതിയിലേക്ക് മടങ്ങാനുള്ള വഴി!

organic-architecture ഭക്ഷണത്തിന്റെ എന്നപോലെ പാർപ്പിടത്തിന്റെ കാര്യത്തിലും വരുന്നു ‘ഓർഗാനിക്’ മുന്നേറ്റം.

പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ കരുതുന്ന കെട്ടിടങ്ങൾ! അന്തരീക്ഷത്തിനും ആരോഗ്യത്തിനും ഹാനികരമായ ചേരുവകളൊന്നും അവയിലുണ്ടാകില്ല. ഭക്ഷണത്തിന്റെ എന്നപോലെ പാർപ്പിടത്തിന്റെ കാര്യത്തിലും ‘ഓർഗാനിക്’ ആശയങ്ങൾക്ക് പ്രചാരമേറുകയാണ്.

കൃത്രിമമായതൊന്നും ചേരുന്നില്ല എന്നതാണ് ഓർഗാനിക് കെട്ടിടങ്ങളുടെ സവിശേഷത. മണ്ണും മുളയും കുമ്മായവുമൊക്കെപ്പോലെ പ്രകൃതിയിലുള്ളവ തന്നെയാണ് നിർമാണവസ്തുക്കൾ. സിമന്റും സ്റ്റീലും ഗ്ലാസുമടക്കമുള്ള ഉൽപന്നങ്ങൾ നിർമിക്കാൻ വളരെയധികം ഊർജം (Embodied Energy) ചെലവഴിക്കേണ്ടി വരുമ്പോൾ ഇവ ഒട്ടുംതന്നെ ഊർജം പാഴാക്കുന്നില്ല. നിർമാണസ്ഥലത്ത് തന്നെ സുലഭമായി ലഭിക്കുമെന്നതിനാൽ ഫാക്ടറിയിൽ നിന്ന് സാധനങ്ങൾ എത്തിക്കാൻ ചെലവാകുന്ന ഇന്ധനവും അധ്വാനവും ലാഭിക്കാം. ലളിതമായ നിർമാണവിദ്യയും പ്രദേശിക തൊഴിൽ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്നതിനാൽ യന്ത്രസഹായവും വേണ്ടിവരുന്നില്ല.

കാലാവധി കഴിഞ്ഞ് ഉപേക്ഷിക്കേണ്ട ഘട്ടമെത്തുമ്പോൾ കരിങ്കല്ലൊഴികെ മുഴുവൻ കെട്ടിടഭാഗങ്ങളും പൂർണമായി മണ്ണിൽ ലയിച്ചുചേരും. ഈ മണ്ണ് പുനരുപയോഗിച്ച് പുതിയ കെട്ടിടം നിർമിക്കാം. കാലങ്ങൾക്കു ശേഷവും ഓർഗാനിക് കെട്ടിടങ്ങൾ മണ്ണിനും മനുഷ്യനും ബാധ്യതയാകുന്നില്ല.

എന്താണ് ഓർഗാനിക് ആർക്കിടെക്ചർ..?

പ്രകൃതിയുമായി സമരസപ്പെടുന്ന രീതിയിൽ ആവാസവ്യവസ്ഥയൊരുക്കുന്ന നിർമാണശൈലിയാണ് ഓർഗാനിക് ആർക്കിടെക്ചർ. കെട്ടിടത്തിന്റെ രൂപം, സ്ഥലവിനിയോഗം, നിർമാണവസ്തുക്കൾ എന്നിവയിലൊക്കെ ഈ പൊരുത്തം കാണാം.

soil-house

ഇന്നത്തെ സാഹചര്യത്തിൽ, പ്രകൃതിദത്ത നിർമാണവസ്തുക്കളും പ്രാദേശിക നിർമാണവിദ്യയും പ്രയോജനപ്പെടുത്തുന്ന നിർമാണശൈലി എന്ന വിശേഷണമാണ് ഓർഗാനിക് ആർക്കിടെക്ചറിന് (ജൈവ നിർമാണവിദ്യ) കൂടുതൽ ഇണങ്ങുക. മണ്ണ്, മുള, കല്ല്, കുമ്മായം, തടി തുടങ്ങിയവയൊക്കെയാണ് പ്രധാന ചേരുവകൾ. ഘടനാപരമായി യാതൊരു മാറ്റവും വരുത്താതെയാകും ഇവയുടെയൊക്കെ ഉപയോഗം.