ഫാനും ലൈറ്റും വേണ്ടാത്ത വീട്! കാരണം..

അകത്തെ വർണശബളിമയേക്കാൾ പുറത്തെ പച്ചപ്പിനും പ്രകൃതിക്കും പ്രാധാന്യം കൊടുത്തതാണ് ഈ വീടിനെ വേറിട്ട കാഴ്ചാനുഭവമാക്കി മാറ്റുന്നത്.

എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ 40 സെന്റിൽ 3700 ചതുരശ്രയടിയിലാണ് പ്രവാസിയായ ജിൻസിന്റെ വീട്. ഈ വീട്ടിൽ ഹൈലൈറ്റ് ലാൻഡ്സ്കേപ്പാണ്.  40 സെന്റിൽ നല്ലൊരു ഭാഗം മരങ്ങൾക്കും ചെടികൾക്കും ഉദ്യാനത്തിനുമായി മാറ്റിവച്ചിരിക്കുന്നു. റോഡിൽ നിന്നും പച്ചപ്പ് കുട വിരിക്കുന്ന പാതയിലൂടെയാണ് പോർച്ചിലേക്കെത്തുക.

പോർച്ചിന്റെ ഡിസൈനിലുമുണ്ട് സവിശേഷത, ചെറിയ വളവ് തിരിഞ്ഞു വേണം പോർച്ചിലെത്താൻ. ഇതിനനുസൃതമായി പോർച്ചിന്റെ സമീപമുള്ള ഭിത്തികൾ വളച്ച് നിർമിച്ചു. മുൻവശത്തെ പുറംഭിത്തികളിൽ ഉടനീളം ക്ലാഡിങ് ടൈലുകൾ വിരിച്ചത് ശ്രദ്ധേയമാണ്. വീടിന്റെ തുടർച്ച എന്ന നിലയിൽ ക്ലാഡിങ് ടൈലുകൾ ഈ വളഞ്ഞ ഭിത്തിയിലും കാണാം.

പരമ്പരാഗത ഭംഗി നൽകുന്ന പുറംകാഴ്ചയും പുതിയകാല സൗകര്യങ്ങളും വീടിനുള്ളിൽ ഒരുക്കിയിരിക്കുന്നു. എം എസ് ഫ്രെയിം കൊണ്ട് ട്രസ് ചെയ്ത് ഓടു വിരിച്ചു. പല ലെവലുകൾ ആയാണ് റൂഫിങ്. ഒരു നിലയാണെങ്കിലും മെസനൈൻ ശൈലിയിലൂടെ രണ്ടുനിലയുടെ സൗകര്യങ്ങളും വീടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. പുറത്തെ പച്ചപ്പ് ആസ്വദിക്കാനായി വീടിന്റെ പല ഭാഗങ്ങളിലും പുറത്തേക്ക് തുറക്കുന്ന ഗ്ലാസ് വാതിലുകൾ കാണാം.

ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തതാണ്. വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. ഇതിനൊപ്പം വേർതിരിവ് നൽകുന്നതിനായി വുഡൻ ലാമിനേറ്റ് ഫ്ളോറിങ്ങും നൽകിയിട്ടുണ്ട്. സ്വീകരണമുറി വുഡൻ ടൈലുകൾ പാകി വേർതിരിച്ചിട്ടുണ്ട്. ഇവിടെ ഒരു ഭിത്തിയും ടെക്സ്ചർ ഫിനിഷ് നൽകി ഹൈലൈറ്റ് ചെയ്തു. 

ഊണുമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ഒതുങ്ങിയ മേശയുടെ ഒരു വശത്തു കസേരകളും മറുവശത്തു ബെഞ്ചുമാണ് നൽകിയത്.  ഊണുമുറിയും ഫാമിലി ലിവിങും ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. ഇതിനിടയിലായി നടുമുറ്റം ക്രമീകരിച്ചു. സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി അകത്തളങ്ങളിൽ നിറയുന്നു.

ഫാമിലി ലിവിങ്ങിൽ നിന്നും പുറത്തെ പാഷ്യോയിലേക്കിറങ്ങാം. ഇവിടെ സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകി.

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. മുറികളിൽ നിന്നും പുറത്തെ ഉദ്യാനകാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ ജനാലകൾ നൽകി. അറ്റാച്ഡ് ബാത്റൂമുകൾ നൽകി. ലളിതമായ അടുക്കള.

മെസനൈൻ നിലയിൽ ചെറിയൊരു ലോഫ്ട് സ്‌പേസ് നൽകിയിട്ടുണ്ട്. ഇവിടെ നിന്നും താഴത്തെ കോർട്യാർഡിലേക്ക് നോട്ടമെത്തും. സ്വാഭാവിക പ്രകാശം ആവോളമെത്തുന്നതിനാൽ പകൽ സമയത്തു ലൈറ്റിടേണ്ട ആവശ്യമില്ല. ചുറ്റുപാടും മരങ്ങളും വീടിനുള്ളിൽ മികച്ച ക്രോസ്‌വെന്റിലേഷനും  ലഭിക്കുന്നതിനാൽ ഫാനും എസിയും വേണ്ട. വീടിനുള്ളിലേക്ക് കയറുമ്പോൾ തന്നെ തണുപ്പിന്റെ കമ്പളം കൊണ്ട് കെട്ടിപ്പിടിച്ചതുപോലെ തോന്നും. ചുരുക്കത്തിൽ വീടിനകത്തെ വർണശബളിമയേക്കാൾ പുറത്തെ പച്ചപ്പിനും പ്രകൃതിക്കും പ്രാധാന്യം കൊടുത്തതാണ് ഈ വീടിനെ വേറിട്ട കാഴ്ചാനുഭവമാക്കി മാറ്റുന്നത്.

Project Facts

Location- Kolenchery, Ernakulam

Area- 3700 SFT

Plot- 40 cents

Owner- Jins

Architect- Sebastian Jose

Silpi Architects, Thevara, Kochi

e: mail@silpiarchitects.com

Ph- +91-484-2663448 / 2664748