കോട്ടയം പുതുപ്പള്ളിയിലെ ഒരു ശ്രദ്ധാകേന്ദ്രമാണ് ഫിലിപ്പ് ചാക്കോയുടെ വീട്. ഏതാണ്ട് ഒന്നേകാൽ ഏക്കറിൽ 3800 ചതുരശ്രയടിയിൽ തലയുയർത്തി നിൽക്കുകയാണ്. വിശാലമായ പ്ലോട്ടിന്റെ ആനുകൂല്യം ഇവിടെ പരമാവധി ഉപയോഗിച്ചിരിക്കുന്നു. റോഡ് നിരപ്പിൽ നിന്നും ഉയർന്നു കിടക്കുന്ന പ്ലോട്ടാണിവിടെ. ഭൂമിയുടെ സ്വാഭാവിക പ്രകൃതി നിലനിർത്തി വീടും ഉദ്യാനവും ഒരുക്കി എന്നതാണ് ഹൈലൈറ്റ്. റോഡ് മുതൽ വീട് വരെ ഡ്രൈവ് വേ നൽകി. വശങ്ങളിൽ മനോഹരമായി ലാൻഡ്സ്കേപ് ഒരുക്കി. ചെടികളും മരങ്ങളും ലാൻഡ്സ്കേപ്പിനെ സജീവമാക്കുന്നു.
നീളത്തിലാണ് വീടിന്റെ പുറംകാഴ്ച. ഒറ്റനോട്ടത്തിൽ ഒരുനില എന്നുതോന്നുമെങ്കിലും രണ്ടു നിലകളുണ്ട് വീട്ടിൽ. എം എസ് ഫ്രയിമിൽ ട്രസ് വർക്ക് നൽകി അതിൽ ഓടുവിരിച്ചതോടെ പുറംകാഴ്ചയിൽ പരമ്പരാഗത വീടിന്റെ പ്രൗഢിയും കൈവന്നു. പുറംഭിത്തികളിൽ സ്ളേറ്റ് സ്റ്റോൺ ക്ലാഡിങ് വിരിച്ചത് ഭംഗിയേകുന്നു. വശത്തായി രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ പോർച്ച്.
പച്ചപ്പിലേക്ക് മിഴിതുറക്കുന്ന ഇടങ്ങളാണ് വീടിന്റെ അകത്തളത്തിലെ സവിശേഷത. ഫോർമൽ ലിവിങ്ങിന് സമീപം ഉദ്യാനത്തിലേക്ക് കാഴ്ച ലഭിക്കുംവിധം സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ നൽകി. ഇവിടെ L സീറ്റർ കുഷ്യൻ സോഫ നൽകി. ടിവി യൂണിറ്റും ഇവിടെയാണ്. പുറത്ത് ചെറിയ സിറ്റിങ് സ്‌പേസും ക്രമീകരിച്ചു.
വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. വേർതിരിവ് നൽകാനായി വുഡൻ ലാമിനേറ്റ് ടൈലുകൾ വിരിച്ചു. ഫർണിച്ചറുകൾ മിക്കവയും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. ഇളംനിറങ്ങളാണ് അകത്തളത്തിലും നിറയുന്നത്. ചില ഭിത്തികളിൽ ക്രീം നിറത്തിൽ ഹൈലൈറ്റർ ടെക്സ്ചർ പെയിന്റ് നൽകി.
രണ്ട് കോർട്യാർഡുകൾ വീടിന്റെ ഹൈലൈറ്റാണ്. ഊണുമുറിയുടെ വശങ്ങളിലായി ഇരു കോർട്യാർഡുകളും വരുന്നു. ഫ്ലോർ ലെവലിൽ നിന്നും അൽപം ഉയർത്തി സെന്റർ കോർട്യാർഡ്. ഇവിടെ വുഡൻ ഡെക്കും പെബിളും ചെടികളും നൽകി അലങ്കരിച്ചു. മുകളിൽ ഡബിൾ ഹൈറ്റിൽ സ്‌കൈലൈറ്റ് നൽകി. ഇതുവഴി പ്രകാശം സമൃദ്ധമായി അകത്തേക്ക് എത്തുന്നു.
ഊണുമുറിയുടെ പിറകിലായി ഫ്ലോർ ലെവലിൽ നിന്നും അൽപം താഴ്ത്തി സൈഡ് കോർട്യാർഡ്. ഇവിടെ നിലത്തു ടർഫ് വിരിച്ചു. പുറത്തെ കാഴ്ചകൾ അകത്തെത്താൻ ഗ്ലാസ് ഡോറുകളും നൽകി. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.
നാലു കിടപ്പുമുറികളാണ് വീട്ടിൽ. താഴത്തെ നിലയിൽ മൂന്നും മുകളിൽ ഒന്നും. അറ്റാച്ഡ് ബാത്റൂം, ഇതിനു സമീപം സ്വകാര്യത നൽകി ഡ്രസിങ് ഏരിയ എന്നിവ മുറികളിൽ നൽകി.
വൈറ്റ് തീമിലാണ് അടുക്കള. വൈറ്റ് ലാക്കർ ഗ്ലാസാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു.
റോഡിൽ നിന്നുള്ള വീടിന്റെ കാഴ്ച ഒന്നുകാണേണ്ടതുതന്നെയാണ്. രാത്രിയിൽ വിളക്കുകൾ കൂടി തെളിയുമ്പോൾ വീടിന്റെ പ്രൗഢി വീണ്ടും വർധിക്കുന്നു.
Project Facts
Location- Puthuppally, Kottayam
Area- 3800 SFT
Plot- 1.19 acre
Owner- Philip Chacko
Architect- Sebastian Jose
Silpi Architects, Thevara, Kochi
e: mail@silpiarchitects.com
Ph- +91-484-2663448 / 2664748