Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുന്നിൻചെരിവിലെ സ്വപ്നഗൃഹം

thrissur-eyal-home-exterior

ഭൂമിയുടെ സ്വാഭാവിക പ്രകൃതി നിലനിർത്തി എങ്ങനെ വീട് പണിയാം എന്നതിന് ഉദാഹരണമാണ് തൃശ്ശൂർ ജില്ലയിലെ ഇയ്യാലിൽ നിർമിച്ച ഈ വീട്. ഒരു കുന്നിൻചെരിവിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. താഴെ പച്ചപ്പും മുകളിൽ ചെറിയ മലനിരകളും. 10 സെന്റ് പ്ലോട്ടിൽ 2200 ചതുരശ്രയടിയാണ് വിസ്തീർണം. തട്ടുകളായുള്ള പ്ലോട്ടിന്റെ സ്വാഭാവിക നിലനിർത്തിയാണ് വീട് പണിതത്. അതിനാൽ ഉയരവ്യത്യാസം ഇന്റീരിയറിലും പ്രകടമാണ്.  

thrissur-eyal-home

പരമ്പരാഗത ശൈലിക്കൊപ്പം സമകാലിക സൗകര്യങ്ങളും വീട്ടിൽ ഒരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. വെള്ള നിറത്തിന്റെ വെണ്മയാണ് പുറംഭിത്തികളിൽ നിറയുന്നത്. ഇതിനു വേർതിരിവ് നൽകാൻ വെട്ടുകല്ല് കൊണ്ടുള്ള ക്ലാഡിങ് വർക്കുകളും നൽകിയിട്ടുണ്ട്. സിറ്റ്ഔട്ടിൽ നിന്ന് ഫോർമൽ ലിവിങ് കം ഡൈനിങ് ഏരിയയിലേക്കാണ് പ്രവേശനം. ഈ ഏരിയയിൽ നിന്ന് ഒരു ലെവൽ ഉയർന്നാണ് ഫാമിലി ലിവിങ്, ബെഡ്റൂമുകൾ, കിച്ചൻ, ഗോവണി തുടങ്ങിയ സ്പേസുകൾ ഒരുക്കിയത്. 

thrissur-eyal-home-dine

ധാരാളം കാറ്റും വെളിച്ചവും ഉള്ള പ്രദേശമാണ്. ഇവയെ വീടിനകത്തേക്ക് ക്ഷണിക്കാൻ വെന്റിലേഷനിൽ ശ്രദ്ധിച്ചിട്ടുണ്ട്. ലിവിങ് –ഡൈനിങ് ഏരിയകൾ ഡബിൾ ഹൈറ്റിൽ ഒരുക്കി. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. ഇവിടെ സീലിങ് അധികം മിനുക്കുപണികൾ നൽകാതെ റസ്റ്റിക് ഫിനിഷിൽ ഒരുക്കിയത് ശ്രദ്ധേയമാണ്. 

thrissur-eyal-home-hall

കോട്ടാ – ജയ്സാൽമീർ സ്റ്റോണുകൾ കൊണ്ടാണ് ഫ്ളോറിങ്. ഒരേസമയം റസ്റ്റിക് – ബ്രൈറ്റ് ഫീൽ ലഭിക്കും എന്നതാണ് ഇതിന്റെ സവിശേഷത.

പഴയ വീട്ടിലെ ഫർണിച്ചർ പലതും പുനരുപയോഗിച്ചു. സ്റ്റീലും ഗ്ലാസും കൊണ്ടാണ് ഗോവണിയും കൈവരികളും. ഗോവണി കയറി ചെല്ലുന്നത് മൾട്ടിപർപ്പസ് ഏരിയയിലേക്കാണ്.

ഊണുമുറിയിൽ നിന്നും പുറത്തെ ഗാർഡനിലേക്ക് ഒരു സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകിയിട്ടുണ്ട്.

thrissur-eyal-home-dine

പുറത്തെ കാഴ്ചകൾ പരമാവധി ആസ്വദിക്കത്തക്ക വിധത്തിലാണ് മൂന്നു കിടപ്പുമുറികളും ഒരുക്കിയത്. ധാരാളം ജാലകങ്ങൾ മുറികളിൽ നൽകിയിരിക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകിയിട്ടുണ്ട്.

thrissur-eyal-home-kitchen

ഗ്രേ–വൈറ്റ് തീമിലാണ് കിച്ചൻ. പ്ലൈവുഡിൽ പെയിന്റ് ഫിനിഷിലാണ് കബോർഡുകൾ. ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് ടേബിളും ഇവിടെ നൽകിയിട്ടുണ്ട്. 

വീടിന്റെ തുടർച്ച അനുഭവപ്പെടുംവിധമാണ് ചുറ്റുമതിലും രൂപകൽപന ചെയ്തത് എന്നത് ശ്രദ്ധേയമാണ്. വീടിനു ചുറ്റുമുള്ള ഫലവൃക്ഷങ്ങളും വീടിന്റെ ഭംഗിക്ക് പിന്തുണയേകുന്നു.

Project Facts

Location- Eyyal, Thrissur

Plot- 10 cents

Area- 2200 SFT

Owner- Jose Santhosh

Architect- Vinod Kumar

DD Architects, Thrissur