Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകത്തുണ്ട് പച്ചപ്പും വെള്ളച്ചാട്ടവും!

waterfall-home-calicut ജീവസുറ്റ അകത്തളങ്ങൾ ഒരുക്കുന്നതിനൊപ്പം പരമാവധി സ്ഥല ഉപയുക്തതയും നൽകാൻ ശ്രമിച്ചതാണ് ഈ വീടിനെ വേറിട്ട ഒരു കാഴ്ചാനുഭവമാക്കുന്നത്.

വീട് പണിയുമ്പോൾ പുറത്തെ പച്ചപ്പിന്റെ ഒരംശം വീടിനുള്ളിലേക്കും കൊണ്ടുവരാൻ ആരാണ് ആഗ്രഹിക്കാത്തത്? ബിസിനസുകാരനായ ഫിറോസ് പുതിയ വീട് പണിതപ്പോൾ ഈ ആഗ്രഹം അകത്തളങ്ങളിൽ നടപ്പാക്കി. അതെങ്ങനെ എന്ന് വഴിയേ പറയാം...

കോഴിക്കോട് ജില്ലയിലെ പൂവാട്ടുപറമ്പയിൽ 60 സെന്റിൽ 3500 ചതുരശ്രയടിയിലാണ് വീട്. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. പല ലെവലുകളായി ഉയർന്നു നിൽക്കുന്ന സ്ലോപ് റൂഫിൽ ഷിംഗിൾസ് വിരിച്ചു. വെള്ള നിറമാണ് പുറംഭിത്തികൾക്ക് നൽകിയത്. ഇതിനു വേർതിരിവ് നൽകാൻ വശത്തായി പച്ച നിറത്തിൽ ഒരു ഷോവാൾ നൽകി.കാർ പോർച്ച് പ്രധാന സ്ട്രക്ച്ചറിന് സമീപം ചരിച്ചു നൽകി. മുറ്റം മഴവെള്ളം കിനിഞ്ഞിറങ്ങുംവിധം നാച്വറൽ സ്‌റ്റോണും ഗ്രാസും വിരിച്ച് മോടിയാക്കി.

ഇന്റീരിയറിലും കടുംനിറങ്ങൾ നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റിങ്ങും അകത്തളങ്ങൾക്ക് മിനിമൽ സൗന്ദര്യം നൽകുന്നു. സ്വീകരണമുറിയിൽ ടിവി യൂണിറ്റ് നൽകി. ഗ്ലോസി അക്രിലിക് ഫിനിഷിലാണ് പാനലിങ് നൽകിയത്. 

living

അകത്തളത്തിൽ ശ്രദ്ധാകേന്ദ്രം ഊണുമുറി അടങ്ങുന്ന ഹാളാണ്. ഇവിടെ ഊണുമേശയുടെ വശത്തായി സുന്ദരമായ പ്രകൃതിയുടെ ഒരു പരിഛേദം തയാറാക്കിയിരിക്കുന്നു. വശത്തെ ഭിത്തിയിൽ ഒരു വെർട്ടിക്കൽ ഗാർഡൻ ഒരുക്കി. ഇതിലൊരു കൃത്രിമ ജലധാരയും സജ്ജീകരിച്ചു. ഗ്രേ ക്ലാഡിങ് ടൈൽ പതിച്ചാണ് ഈ ഭിത്തിയെ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. ഇവിടെ സീലിങ്ങിൽ ഗ്ലാസ് സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു.

വാഷ് ഏരിയയുടെ ഭിത്തി സിമന്റ് ടെക്സ്ചർ നൽകി വേർതിരിച്ചു. ഇവിടേക്കുള്ള വഴിയിൽ നിലത്ത് കൺസീൽഡ് ശൈലിയിൽ ഒരു അക്വേറിയവും സ്ഥാപിച്ചു. ജലധാരയും അക്വേറിയവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇതിലെ വെള്ളം മോട്ടോർ സഹായത്തോടെ ചാക്രികമായി ഫിൽറ്റർ ചെയ്തെടുക്കുന്നു. വീട്ടുകാർക്കും ഏറ്റവും പ്രിയപ്പെട്ട ഇടമാണ് ജലധാരയുള്ള ഊണുമുറി.

dining

പ്ലൈവുഡ്- വെനീർ ഫിനിഷിലാണ് ഫർണിച്ചറുകൾ. ഗ്രാനൈറ്റാണ് നിലത്തു വിരിച്ചത്.  ഊണുമേശ, ഗോവണിയുടെ കൈവരികൾ എന്നിവ ടീക് വുഡിലാണ് നിർമിച്ചത്. ഗോവണിയുടെ താഴെയുള്ള സ്ഥലം സ്‌റ്റോറേജിന്‌ ഉപയുക്തമാക്കി.

stair

നാലു കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ സജ്ജീകരിച്ചു. ഓരോ കിടപ്പുമുറിയുടെയും ഹെഡ്ബോർഡിൽ വ്യത്യസ്ത നിറമുള്ള പാനലിങ് നൽകി അലങ്കരിച്ചു. ബാത്‌റൂമിൽ ഡ്രൈ- വെറ്റ് ഏരിയകൾ വേർതിരിച്ചു.

bed

ഐലൻഡ് ശൈലിയിലാണ് അടുക്കള. ഇവിടെ അക്രിലിക്-ലാമിനേറ്റ് ഫിനിഷിൽ കബോർഡുകൾ നൽകി.

kitchen

ചുരുക്കത്തിൽ ജീവസുറ്റ അകത്തളങ്ങൾ ഒരുക്കുന്നതിനൊപ്പം പരമാവധി സ്ഥല ഉപയുക്തതയും നൽകാൻ ശ്രമിച്ചതാണ് ഈ വീടിനെ വേറിട്ട ഒരു കാഴ്ചാനുഭവമാക്കുന്നത്. 

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

Project Facts

Location- Poovattuparamba, Calicut

Area- 3500 SFT

Plot- 60 cents

Owner- Firoz

Designer- Irshad

Intra Sketch, Calicut

Mob- 8281353595

Completion year- 2017