മോഹൻലാലും മമ്മൂട്ടിയും താക്കോൽ കൈമാറി; ഇത് കൂട്ടായ്മയുടെ വീട്

‘അമ്മ’യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങില്‍ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചത് മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ്.

മേക്ക്അപ് ആർട്ടിസ്റ്റായ ബിനീഷിന്റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെയാണ് കാൻസർ രോഗം വിരുന്നെത്തിയത്. കുടുംബത്തിന്റെ ഏക അത്താണിയായ ബിനീഷ് കിടപ്പിലായതോടെ വീട്ടിലെ അവസ്ഥ പരിതാപകരമായി. കൂടെ ഭാര്യയും പറക്കമുറ്റാത്ത മകനും മാത്രം. ഇവരുടെ ദുരവസ്ഥ അറിഞ്ഞു സുമനസ്സുകൾ പലവഴി സഹായങ്ങൾ എത്തിച്ചു. 

സ്വന്തമായി തലചായ്ക്കാൻ നല്ലൊരു വീടില്ലാതിരുന്ന ഈ കുടുംബത്തിനു വേണ്ടി മലപ്പുറം ചേളാരിയിലെ ബിൽഡിങ് ഡിസൈനേഴ്സിന്റെ സാരഥിയായ ഡിസൈനര്‍ കെ.വി. മുരളീധരനും കൂട്ടരും നിർമിച്ചു നൽകിയതാണ് ഈ സ്‌നേഹവീട്. ബിൽഡിങ് ഡിസൈനേഴ്സിലെ പല തൊഴിലാളികളും ഈ സദുദ്യമത്തിൽ പങ്കാളികളാണ്. 5 ലക്ഷം രൂപയോളം ബിൽഡിങ് ഡിസൈനേഴ്സിലെ സുമനസ്സുകളുടെ കൂട്ടായ്മയുടെ ഫലമാണ്. ഇടുക്കി ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്താണ് അ‍ഞ്ചു സെന്റിൽ 785 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട് സ്ഥിതി ചെയ്യുന്നത്.

ഈ സ്നേഹവീടിന്റെ നിർമ്മാണത്തിനു പിന്നില്‍ താരസംഘടനയായ ‘അമ്മ’യുടെയും സഹായസ്പർശമുണ്ട്. വീടിന്റെ നിർമ്മാണത്തിനാവശ്യമായ 5 സെന്റ് ഭൂമിയും 5 ലക്ഷം രൂപയും ‘അമ്മ’ നൽകിയതാണ്.  2018 മാർച്ചിൽ പണി പൂർത്തിയായ ഭവനത്തിന്റെ താക്കോൽ ദാനച്ചടങ്ങ് 2018 മെയ് 1 ആയിരുന്നു. ‘അമ്മ’യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങില്‍ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചത് മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ്.

ഏകദേശം 6 മാസക്കാലം കൊണ്ടു പൂർത്തിയാക്കിയ വീടിന്റെ നിർമ്മാണച്ചെലവ് ഇന്റീരിയർ ഉൾപ്പെടെ വെറും 10 ലക്ഷം രൂപയാണ്.

സമകാലിക ശൈലിയിലാണ് വീടൊരുക്കിയത്. സിറ്റൗട്ട്, ലിവിങ് കം ഡൈനിങ്, രണ്ട് കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് ഈ വീട്ടിൽ ഒരുക്കിയത്. മുറികളിൽ എല്ലാം ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. അടുക്കളയ്ക്ക് ഫെറോ സിമന്റ്  ഫ്രെയിം വർക്കിൽ ഹൈലം ഷീറ്റ് ഉപയോഗിച്ച് ഷട്ടർ ചെയ്തെടുത്തു. 

അർഹതപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ പാർപ്പിടം ഒരുക്കിക്കൊടുക്കുന്ന രീതിയിലുള്ള സേവനപ്രവർത്തനങ്ങൾ മുരളീധരൻ ഓരോ വർഷവും ചെയ്തു വരുന്നു. നിർമാണ മേഖലയിലെ മറ്റുള്ളവർക്കും മാതൃകയാക്കാവുന്ന പ്രവർത്തനം തന്നെ...

ബിനീഷും കുടുംബവും

ചെലവ് കുറച്ച ഘടകങ്ങൾ

  • ചതുരശ്രയടി കുറച്ച് പരമാവധി സ്ഥല ഉപയുക്തത നൽകി.
  • അടിത്തറ കെട്ടാൻ പ്രാദേശികമായി ലഭ്യമായ കരിങ്കല്ല് ഉപയോഗിച്ചു.
  • ഭിത്തി കെട്ടാൻ ഇന്റര്‍ലോക്ക് ബ്രിക്കുകൾ ഉപയോഗിച്ചു.
  • ഫ്ലോറിങ്ങിനായി 30 രൂപ വില വരുന്ന സെറാമിക് ടൈൽ ഉപയോഗിച്ചു.
  • ഡോറുകൾക്കും മറ്റും തടി ഒഴിവാക്കി സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചു.
  • പ്ലാസ്റ്ററിങ്ങിനു ജിപ്സം ഉപയോഗിച്ചു.

Project Facts

Location- Thodupuzha, Idukki

Area- 785 SFT

Owner- Bineesh

Designer - KV Muraleedharan 

Building Designers 

Chelari, Malappuram

Mob - 9895018990 / 04942400202