Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3.25 സെന്റിൽ 25 ലക്ഷത്തിന് ആഡംബര വീട് പണിയാം!

25-lakh-home-kuttikatur

എന്റെ പേര് ഫസീൽ. ഡിസൈനറാണ്. കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂർ എന്ന സ്ഥലത്ത് നിർമിച്ച എന്റെ പ്രോജക്ടുകളിൽ ഒന്നാണ് ഇത്. ആകെയുള്ളത് 3.25 സെന്റ് പ്ലോട്ടാണ്. അവിടെ പരമാവധി ചെലവ് കുറച്ച് പരമാവധി സൗകര്യങ്ങളുള്ള വീട്.. ഇതായിരുന്നു ഉടമസ്ഥനായ ഷുക്കൂറിന്റെ ആവശ്യം. ഡെഡ് സ്‌പേസുകൾ ഒഴിവാക്കി പരമാവധി സ്ഥല ഉപയുക്തത ലഭിക്കുംവിധമുള്ള പ്ലാനാണ് വരച്ചത്. 

25-lakh-home-porch

ഒരു കുന്നിൻചെരിവിലാണ് വീട്. ഈ ആനുകൂല്യം മുതലാക്കി പരമാവധി കാറ്റും വെളിച്ചവും കാഴ്ചകളും ഉള്ളിലേക്ക് ലഭിക്കുംവിധമാണ് ഇടങ്ങൾ ക്രമീകരിച്ചത്. സ്ഥലം ലാഭിക്കാൻ ബോക്സ് ആകൃതിയിൽ എലിവേഷൻ ഒരുക്കി. വെള്ള നിറമാണ് കൂടുതൽ നൽകിയത്. വശങ്ങളിൽ ഹൈലൈറ്റ് ചെയ്യാൻ ചെങ്കല്ല് കൊണ്ടുള്ള ക്ലാഡിങ്ങും നൽകി.

25-lakh-home-kuttikatur-elevation

സ്വീകരണമുറി, ഊണുമുറി, നാലു കിടപ്പുമുറികൾ, അടുക്കള, വർക്കേരിയ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയത്. റോഡ് നിരപ്പിൽ നിന്നും അൽപം താഴ്ന്നു നിൽക്കുന്നതുകൊണ്ട് ചെറിയ റാംപ് കൊടുത്താണ് വീട്ടിലേക്ക് പ്രവേശനം ഒരുക്കിയത്. ദീർഘചതുരാകൃതിയിലുള്ള സിറ്റൗട്ടിന്റെ ഭിത്തികളിൽ ഗ്രൂവുകൾ നൽകി വെള്ള നിറമുള്ള ടൈലുകൾ വിരിച്ചു.

25-lakh-home-kuttikatur-hall

വാതിൽ തുറന്നു പ്രവേശിക്കുന്നത് ഒരു ഹാളിലേക്കാണ്. ഇവിടെ സ്വീകരണമുറിയും ഊണുമുറിയും ക്രമീകരിച്ചു. അകത്തളങ്ങളിൽ തുല്യത നൽകുന്നതിനായി ഓറഞ്ച് ഫിനിഷുള്ള വോൾപേപ്പറാണ് ഭിത്തികളിലും സീലിങ്ങിലും ഉപയോഗിച്ചിരിക്കുന്നത്. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിൽ സിഎൻസി കട്ടിങ് നൽകി ജനാല കൊടുത്തു. ഇതിലൂടെ കാറ്റും വെളിച്ചവും അകത്തേക്കെത്തും. ഗോവണിയുടെ താഴെയായി വാഷ് ഏരിയ ക്രമീകരിച്ചു. ഇവിടെയും സ്‌റ്റോറേജിന്‌ ഇടം ഒരുക്കി. 

25-lakh-stair-dine

പ്ലൈവുഡ്, വെനീർ എന്നിവയാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്. കിടപ്പുമുറികളിലെ വാഡ്രോബുകൾ, അടുക്കളയിലെ ഷട്ടറുകളും കബോർഡുകളും എല്ലാം ഇതിൽ ഒരുക്കി.

25-lakh-home-kuttikatur-kitchen

വർക്കേരിയയിലെ മേൽക്കൂരയിൽ പഴയ മച്ചിന്റെ ശൈലിയിൽ  ഇൻഡസ്ട്രിയൽ വർക്ക് ചെയ്ത് അധികം സ്‌റ്റോറേജിന്‌ ഇടമൊരുക്കി.

25-lakh-home-kuttikatur-wa

ദൃശ്യസാധ്യത പരിഗണിച്ചു മൂന്ന് കിടപ്പുമുറികളും മുകൾനിലയിൽ ക്രമീകരിച്ചു. താഴെ ഒരു കിടപ്പുമുറി നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്. ഓപ്പൺ ടെറസിലേക്ക് ജിഐ ഇൻഡസ്ട്രിയൽ വർക്ക് ചെയ്ത് ഗോവണിയും വീടിന്റെ പിന്നിലായി നൽകി. വാട്ടർ ടാങ്കും മറ്റും ക്രമീകരിച്ചത് ഇവിടെയാണ്.

25-lakh-home-kuttikatur-bed

ചുരുക്കത്തിൽ സ്ട്രക്ച്ചറിന് 20 ലക്ഷവും ഫർണിഷിങ്ങിന് 5 ലക്ഷവും സഹിതം 25 ലക്ഷത്തിന് വീട് പൂർത്തിയായി. ഉടമസ്ഥന്റെ സഹായസഹകരണങ്ങളും ഉടനീളം ഉണ്ടായിരുന്നു. 

25-lakh-home-kuttikatur-view

ചെലവ് കുറച്ച വിധം

പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കളാണ് നിർമാണത്തിനുപയോഗിച്ചത്.

ഉറച്ച പ്രദേശമായിരുന്നതിനാൽ അടിത്തറ കെട്ടാൻ അധികം ചെലവ് ഉണ്ടായില്ല.

മാർക്കറ്റിലെ വിലനിലവാരം താരതമ്യം ചെയ്ത് ശരാശരിക്കും മേലെ നിലവാരമുള്ള, ചെലവ് കുറഞ്ഞ ഉൽപന്നങ്ങളാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്.

ചതുരശ്രയടിക്ക് 40 രൂപയുള്ള മാർബിളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്.  

ജിഐ ഫ്രയിമിൽ പോളികാർബണേറ്റ് ഷീറ്റ് വിരിച്ചാണ് കാർ പോർച്ചിനു സ്ഥലമൊരുക്കിയത്. സ്ട്രക്ച്ചറിന്റെ ചെലവ് ഇതിലൂടെ ലാഭിച്ചു.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Kuttikkattoor, Calicut

Area- 1200 SFT

Plot- 3.25 cent

Owner- Shukkoor

Designer- Fazil

Ample Space, Calicut

Mob- 9846222628

Budget- 25 Lakhs