മലയാളിയുടെ ജീവിതത്തിലെ വലിയ പ്രതീക്ഷകളിൽ ഒന്നാണ് വീട്. ബിസിനസുകാരനായ ഡാമിയൻ ഡേവിസും കുടുംബവും വീട് പണിതു കഴിഞ്ഞു നൽകിയ പേര് എക്സ്പരൻസ എന്നാണ്. സ്പാനിഷ് ഭാഷയിൽ പ്രതീക്ഷ എന്നർഥം.
നാലു കിടപ്പുമുറികളുള്ള ഒരുനില വീട് എന്നതായിരുന്നു ഇവരുടെ ആവശ്യം. തൃശൂർ കൈപ്പറമ്പിൽ 37.5 സെന്റിൽ 3000 ചതുരശ്രയടിയിലാണ് യൂറോപ്യൻ ശൈലിയിൽ ഒരുക്കിയ ഈ ഒരുനില വീട് സ്ഥിതി ചെയ്യുന്നത്. റെഡ്+ ഐവറി തീമിലാണ് വീടിന്റെ പുറംകാഴ്ച. ഇതിന് അകമ്പടിയായി പച്ചപ്പുമുണ്ട്. ചൂട്, ഈർപ്പം, ശബ്ദം എന്നിവയെ പ്രതിരോധിക്കുന്ന സവിശേഷ ഷീറ്റ് കൊണ്ടാണ് റൂഫിങ് ചെയ്തിരിക്കുന്നത്.
നീളൻ വരാന്തയും സിറ്റൗട്ടും കടന്നാണ് അകത്തേക്ക് കയറുന്നത്. സിറ്റൗട്ടിന്റെ പുറംഭിത്തികളിൽ സ്റ്റോണ്‍ ക്ലാഡിങ് പാകി. സിറ്റൗട്ടിന് പുറകിലായാണ് ലാൻഡ്സ്കേപ്. വൈകുന്നേരങ്ങളിൽ കുടുംബത്തിന്റെ ഒത്തുചേരലുകൾക്ക് വേദിയൊരുക്കുംവിധം സ്വകാര്യത നൽകിയാണ് ലാൻഡ്സ്കേപ്പ് ഒരുക്കിയിരിക്കുന്നത്.
പുറംകാഴ്ചയിൽ യൂറോപ്യൻ പ്രഭാവമുണ്ടെങ്കിലും അകത്തളങ്ങൾ പരമ്പരാഗത ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്.
ലിവിങ്- ഡൈനിങ് ഓപ്പൺ ശൈലിയിലാണ് ഒരുക്കിയത്. രാജസ്ഥാൻ ഗ്രാനൈറ്റാണ് പ്രധാന ഇടങ്ങളിൽ വിരിച്ചിരിക്കുന്നത്. മൾട്ടിവുഡും അക്രിലിക് ഗ്ലാസ്സും ഉപയോഗിച്ച് സീലിങ്ങിൽ ഡിസൈൻ നൽകിയിട്ടുണ്ട്. വാം ടോൺ ലൈറ്റുകൾ അകത്തളങ്ങളെ പ്രസന്നമാക്കുന്നു.
എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം ഒരു ഭിത്തി മുഴുവൻ ഗ്ലാസ് പാനലിങ് ചെയ്തിരിക്കുന്നു. ഇതിന്റെ പിന്നിലായി റിമോട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഷട്ടറുകൾ കൊടുത്തു. ഇത് ഉയർത്തുമ്പോൾ പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ അകത്തേക്ക് വിരുന്നെത്തും.
പുറത്തെ പച്ചപ്പിന്റെ കാഴ്ച്ചകൾ ആസ്വദിക്കാൻ പാകത്തിലാണ് നാലുകിടപ്പുമുറികളും ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകി.
ആഷ് കളർ തീമിലാണ് കിച്ചൻ. മൈക്ക പ്ലൈവുഡ് ഫിനിഷിലാണ് കബോർഡുകൾ. സമീപം വിശാലമായ വർക്ക് ഏരിയയുമുണ്ട്.
നാലംഗ കുടുംബത്തിന്റെ ആവശ്യങ്ങൾ ഒതുക്കി വീട് പണിതു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം, ഒപ്പം വീടിനുള്ളിൽ നിറയുന്ന പോസിറ്റീവ് എനർജിയാണ് പ്രധാന ഹൈലൈറ്റ്. പേരിനെ അന്വർഥമാക്കുംവിധം പ്രതീക്ഷകൾ നിറയുന്ന വീടുതന്നെ....
Project Facts
Location- Kaiparambu, Thrissur
Area- 3000 SFT
Plot- 37.5 cent
Owner- Damien Davis
Designer- Anil Anto
Designers Group, Thrissur
Mob- 9847286237