തൊട്ടാൽ പൊള്ളുന്ന വിലയുള്ള സ്ഥലത്ത് പണിത വീട്

നഗരമധ്യത്തിലെ ഭീമമായ വിലയുള്ള പ്ലോട്ട് മുഴുവൻ മുതലെടുക്കുന്ന വിധത്തിലാകണം അവിടുത്തെ വീടുകൾ. ഇതാ ഉദാഹരണം...

ഏകദേശം നാലര സെന്റുള്ള പ്ലോട്ടിന് (35 അടി X 55 അടി) പ്രത്യേകതകളൊന്നുമുണ്ടായിരുന്നില്ല. വലുപ്പക്കുറവും അടുത്തടുത്തുള്ള വീടുകളുടെ സാന്നിധ്യവും നഗരമധ്യത്തിലെ പ്ലോട്ടുകളുടെ സ്ഥിരം സ്വഭാവമാണല്ലോ. അതുകൊണ്ടുതന്നെ, പാർക്കിങ്ങിനും പച്ചപ്പിനും വേർതിരിക്കാവുന്ന ഇടങ്ങളും ഇത്തരം പ്ലോട്ടുകളിൽ കുറവാണ്. ഡിസൈനിന്റെ മേന്മ കൊണ്ടു മാത്രം വേണം ഇത്തരം പരിമിതികൾ മറികടക്കാൻ. 

എല്ലാ വീട്ടുകാരും ആഗ്രഹിക്കുന്നതുപോലെ വെട്ടവും വായുസഞ്ചാരവുമുള്ള വീടായിരുന്നു ഈ വീട്ടുകാരുടെയും സ്വപ്നം. പണിത ഭാഗങ്ങളും പണിയാത്ത ഭാഗങ്ങളും തമ്മിൽ സംതുലനം ഉണ്ടാക്കുക എന്നത് വളരെ പ്രധാനമാണ്. പച്ചപ്പിന്റെ പല തുണ്ടുകൾ പല ഭാഗത്തായി കൊടുത്താണ് ഈ പ്രശ്നം പരിഹരിച്ചത്. പല നിലകളിലായാണ് ഇടങ്ങൾ വിന്യസിച്ചിരിക്കുന്നത്. സ്പേസിന്റെ പൂര്‍ണമായ വിനിയോഗത്തിന് ഇതു സഹായിക്കും. ബേസ്മെന്റിന്റെ പകുതി ഭാഗം റോഡ്നിരപ്പിനേക്കാൾ താഴെയാണ്. ഇവിടെ പാർക്കിങ്ങിന് ആവശ്യത്തിനുള്ള സ്ഥലം കിട്ടി. കൂടാതെ ഒരു ഓഫിസ് ഏരിയയുമുണ്ട്.

അടുത്ത നിലയിലെ പൂന്തോട്ടം മുകളിലെ നിലകളിൽ നിന്നും കാണാവുന്ന രീതിയിലാണ് ക്രമീകരിച്ചത്. ഡൈനിങ് ഏരിയയിൽ നിന്നും പൂന്തോട്ടത്തിലേക്ക് കടക്കാം. ലിവിങ്ങിൽനിന്നു കാണാവുന്ന തരത്തിൽ കാർപാർക്ക് റാംപിനു മുകളിലുമുണ്ടൊരു പൂന്തോട്ടം.

അതിനും മുകളിലാണ് സ്വകാര്യഇടങ്ങൾ ക്രമീകരിച്ചത്. ബെ‍ഡ്റൂമുകളുടെ സ്വകാര്യത ഇതുവഴി സൂക്ഷിക്കാനാവും. മാസ്റ്റർ ബെഡ്റൂമിന് ഒരു സ്വകാര്യ ബാൽക്കണിയും കൊടുത്തു.

വീടിന്റെ ഒരു ഭാഗമായി ടെറസ് ഏരിയയും ഡിസൈൻ ചെയ്യാൻ ശ്രമിക്കാവുന്നതാണ്. ബെംഗളൂരുവിലെ ഈ വീട്ടിൽ ഞാൻ ചെയ്തത് ടെറസിനെ ഒരു കൂട്ടായ്മ ഇടമായി മാറ്റുകയാണ്. അതുകൊണ്ട്, ഇവിടെ ഓപൻ ബാൽക്കണി, എന്റർടെയ്ൻമെന്റ് ഏരിയ, ബാർ ഏരിയ എന്നിവ സജ്ജീകരിച്ചു.

കന്റെംപ്രറിയും റസ്റ്റിക് ഘടകങ്ങളും ചേരുന്ന ഡിസൈനാണ് വീടിനുള്ളത്. മിനിമലിസ്റ്റിക് രീതിയിലുള്ള നേർരേഖകൾക്കൊപ്പം പുറംഭാഗത്തുള്ള വെട്ടുകല്ലിന്റെ പരുപരുത്ത പ്രതലങ്ങളും ചേർന്നപ്പോൾ ഈ പ്രതീതി ലഭിച്ചു. സിമന്റ് ഫിനിഷാണ് സ്റ്റെയറിന്റെ ഭിത്തിയിലും സൺഷേഡിലും പൗഡർ റൂമിലും പരീക്ഷിച്ചത്. ഇതിനൊപ്പം തന്നെ മിനുസപ്പെടുത്താത്ത തടിപ്പലകകളും കോർത്തിണക്കി. സുസ്ഥിര നിർമാണത്തിന്റെ പാത പിന്തുടർന്ന് പുനരുപയോഗം ചെയ്ത തടിയാണ് പ്രോജക്ടിൽ മുഴുവനും ഉപയോഗിച്ചത്.

Entrance

എക്സ്പോസ്ഡ് രീതിയിലുള്ള വെട്ടുകല്ലാണ് വീടിന്റെ മുൻഭാഗത്തെ വേറിട്ടു നിർത്തുന്നത്. മൂന്ന് ഗെയ്റ്റുകളുണ്ട് ഇവിടെ. പ്രധാന ഗെയ്റ്റ് വഴി വാഹനങ്ങള്‍ക്ക് താഴെ ബേസ്മെന്റിലുള്ള പാർക്കിങ്ങിലെത്താം. കൂടാതെ, മറ്റു രണ്ട് ഗെയ്റ്റുകളുമുണ്ട്. കണ്ണൂരില്‍ നിന്നുള്ള വെട്ടുകല്ല് ആണ് ഉപയോഗിച്ചത്. ബേസ്മെന്റ് കൂടാതെ രണ്ടു നിലകളും ടെറസും ഉള്ള രീതിയിലാണ് ഡിസൈൻ.

Basement

ബേസ്മെന്റിൽ പാർക്കിങ് കൂടാതെ ഓഫിസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തൽക്കാലം ഇവിടമൊരു ട്യൂഷൻ ഏരിയയായി ഉപയോഗിക്കുന്നു. സ്റ്റോറേജ് സൗകര്യം ധാരാളം ഒരുക്കിയിട്ടുണ്ട്. ചില സ്റ്റോറേജ് ഷട്ടറുകൾ വൈറ്റ് ബോർഡ് ആയി ഉപയോഗിക്കാമെന്നത് കൗതുകകരമാണ്. സ്റ്റെയറിന്റെ ഹാൻഡ്റെയ്‌ലിന് പൊതുവായ ഡിസൈൻ ആണ്. ഇതേ ഡിസൈൻ തന്നെ മുകളിലെ നിലകളിലേക്കുള്ള ഗോവണിയിലും കാണാം.

Living

കാർപാർക്കിങ്ങിന് മുകളിലായാണ് ലിവിങ്. മറ്റു മുറികളിൽനിന്ന് ആറ് ഇ‍ഞ്ച് പൊക്കത്തിലാണ് ലിവിങ്. കാർപാർക്കിങ്ങിന് കൂടുതൽ ഉയരം കിട്ടാനും ലിവിങ്ങിന് പ്രാധാന്യം ലഭിക്കാനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ലിവിങ്ങിന്റെ ഇരുവശത്തും പച്ചപ്പിലേക്കുള്ള കാഴ്ച ഒരുക്കിയിട്ടുണ്ട്. മുള കൊണ്ടുള്ള ലളിതമായ ഫർണിച്ചറാണ് കൂടുതലും വീടിനകത്തുള്ളത്. ചുവരിൽ ഏതാനും നീഷുകൾക്ക് സ്ഥാനം കൊടുത്തിട്ടുണ്ട്.

Dining

ഡൈനിങ്ങിൽ നിന്ന് പൂന്തോട്ടത്തിലേക്ക് ഇറങ്ങാമെന്നതാണ് ഡിസൈനിന്റെ സവിശേഷത. ഗ്ലാസ് പതിപ്പിച്ച നാലു നീളൻ വാതിലുകളാണ് പുറത്തേക്കു തുറക്കുന്നത്. കാറ്റും വെളിച്ചവും കാഴ്ചയും കൊണ്ടുവരുന്ന ഈ ഡിസൈൻ ഊണിടത്തിന് പ്രത്യേക വ്യക്തിത്വം നൽകുന്നു. രണ്ടു തരത്തിലുള്ള ജയ്സാൽമീർ സ്റ്റോണുകൾ ഫ്ലോറിങ്ങിന് ഒരു പാറ്റേണ്‍ കൊടുക്കുന്നുണ്ട്.

Terrace

ടെറസ് ഏരിയ പരമാവധി ഉപയോഗപ്പെടുത്തുന്നത് മെട്രോ നഗരങ്ങളുടെ പ്രത്യേകതയാണ്. പാർട്ടി ഏരിയകൾക്കാണ് ഇവിടെ ടെറസ് രൂപപ്പെടുത്തിയിരിക്കുന്നത്. മുളയും അതിനു മുകളിൽ ഗ്ലാസും ഉപയോഗിച്ചാണ് സീലിങ്. ഇത്, ടെറസിന് ഒരു ‘ഇക്കോഫ്രണ്ട്‌ലി’ പ്രതീതി കൊടുക്കുന്നുണ്ട്. ചുവരിൽ തടി റീപ്പറുകൾ ഒട്ടിച്ചും വേറിട്ട ഡിസൈൻ കൊണ്ടുവന്നു.

Kitchen

ഡ്രൈ, വെറ്റ് രീതിയിലാണ് അടുക്കള വേർതിരിച്ചിരിക്കുന്നത്. രണ്ടിനും ഇടയില്‍ ഒരു കൗണ്ടർ ആണുള്ളത്. ഡ്രൈ കിച്ചന് യൂറോപ്യൻ സ്റ്റൈൽ ഉണ്ട്. അവ്ൻ, മൈക്രോവേവ് എന്നിവ ഇവിടെയാണ്. ബെയ്ജ് നിറത്തിലുള്ള കൊറിയന്‍ സ്റ്റോൺ ആണ് കൗണ്ടർടോപ്പിന്. ഗ്ലാസ് ഫിനിഷ് ആണ് കബോർഡുകൾ

Staircase

വീടിന്റെ മൂന്നു നിലകളെ ബന്ധിപ്പിക്കുന്ന സ്റ്റെയറിന് ഒരേ ഡിസൈൻ ആണുള്ളത്. ‘കട്ട്ഔട്ട്’ എന്ന് ആർക്കിടെക്ട് വിശേഷിപ്പിക്കുന്ന ഇവിടം കാഴ്ചയ്ക്ക് ഒരു തുടർച്ചാനുഭവം പകരുന്നുണ്ട്. തടികൊണ്ടുള്ള ഫ്ലോറിങ് സ്റ്റെയറിനോടു ചേർന്ന ഇടനാഴിയിൽ ഊഷ്മളത പകരുന്നു. സീലിങ്ങിൽ നിന്ന് തൂങ്ങിക്കിടക്കുന്ന പഴയ വാതിലില്‍ ഷാൻഡ്‌ലിയർ ബൾബുകൾ ക്രമീകരിച്ചതും പുതുമയാണ്.

Bedrooms

നാലു കിടപ്പുമുറികളും അതീവ ലളിതമായാണ് ചെയ്തിരിക്കുന്നത്. ഗെസ്റ്റ് ബെഡ്റൂം താഴെയും മറ്റുള്ളവ മുകളിലും. മാസ്റ്റർ ബെഡ്റൂമിന് സ്വകാര്യ ബാൽക്കണിയുണ്ട്. ഹെഡ്ബോർഡുകൾക്ക് തടി ഉപയോഗിച്ചു. ഫ്ലോറിങ് ജയ്സാൽമീർ സ്റ്റോൺ ഉപയോഗിച്ചാണ്. സാധനങ്ങൾ കുത്തിനിറച്ച ഇന്റീരിയർ വേണ്ട എന്നതിനാൽ മിനിമലിസ്റ്റിക് രീതിയിലാണ് ക്രമീകരണങ്ങൾ.

Powder Room

റസ്റ്റിക് ഫിനിഷിനാണ് പൗഡർ റൂമിൽ പ്രാധാന്യം കൊടുത്തത്. സിമന്റ് ഫിനിഷാണ് ഭിത്തിക്ക്. തടി പാനലിങ്ങും റസ്റ്റിക് രീതിയിലാണ്. കോപ്പർ കൊണ്ടുള്ള ടാപ്പും വാഷ്ബേസിനും പൗഡർ റൂമിന് ആഢ്യത്വം പകരുന്നു.

Project Facts

Area: 4000 Sqft

Architect: നവീൻ ജോർജ് ജോസഫ്

ഡി സ്ക്വയര്‍ ആർക്കിടെക്ട്സ്

naveen@desquare.net

Location: ബെംഗളൂരു

Year of completion: ഓഗസ്റ്റ്, 2017