എന്റെ പേര് ജെയ്‌സൺ. എറണാകുളം ജില്ലയിലെ പള്ളിക്കരയിലാണ് എന്റെ പുതിയ വീട്. രണ്ടു തട്ടുകളായി കിടക്കുന്ന 12 സെൻറ് പ്ലോട്ടാണ്. രണ്ടാമത്തെ തട്ട് റോഡ് നിരപ്പിൽ നിന്നും 12 അടി താഴെയും. പ്ലോട്ടിന്റെ ഈ പ്രത്യേകതയ്ക്കനുസരിച്ചാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്. പുറംകാഴ്ചയിൽ ശരാശരി ഒരുനില വീട് എന്നേ തോന്നുകയുള്ളൂ. എന്നാൽ ബേസ്മെന്റിൽ ഒരുനില കൂടി കൂട്ടിച്ചേർത്തു ഇരുനിലകളുള്ള വീടാണിത്.
കൊളോണിയൽ, ട്രഡീഷണൽ രൂപഭാവാദികൾ വീടിനുണ്ടാകണമെന്നു ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. സ്ലോപ് റൂഫിൽ ക്ലേ റൂഫ് ടൈൽ വിരിച്ചു. കാഴ്ചയുടെ ഭംഗിക്കായി രണ്ടു ഡോർമർ വിൻഡോ ഡിസൈനും റൂഫിൽ നൽകി.
2092 ചതുരശ്രയടി വിസ്തീർണമുണ്ട്. ഒന്നാംനിലയിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി, ഓപ്പൺ ടെറസ് എന്നിവ ഒരുക്കി. താഴത്തെ നിലയിൽ രണ്ടു കിടപ്പുമുറികൾ, ലിവിങ്, രണ്ടു കാറുകൾക്കുള്ള പാർക്കിങ് സ്‌പേസ് എന്നിവയും സജ്ജീകരിച്ചു.
മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിനു ഉപയോഗിച്ചത്. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിഷിങ്. ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഊണുമുറിയിൽ നിന്നും പുറത്തേക്ക് ഒരു പാഷ്യോ സ്‌പേസ് നൽകിയിട്ടുണ്ട്. ഈ വശത്തെ ഭിത്തി നിറയെ ജാലകങ്ങൾ നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു.
വൈറ്റ്, ഗ്രേ ഫിനിഷിലാണ് അടുക്കള. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ഷട്ടറും കബോർഡുകളും. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
മൂന്ന് കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. ഹെഡ്ബോർഡ് ഹൈലൈറ്റ് ചെയ്ത് റീഡിങ് ലാംപുകൾ നൽകിയിട്ടുണ്ട്.
വീടിന്റെ പിന്നിലൂടെ ഒരു പുഴയുടെ കൈവഴി ഒഴുകുന്നുണ്ട്. ഇതിന്റെ കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന ജാലകങ്ങൾ നൽകിയാണ് വീടിന്റെ മിക്ക ഇടങ്ങളും ഒരുക്കിയിരിക്കുന്നത്.
മിക്ക വീടുകളിലും 'പ്രധാന നിലയിൽനിന്നും മുകളിലേക്ക്' എന്ന ആശയത്തിൽ ഗോവണി ഒരുക്കുമ്പോൾ ഇവിടെ അത് നേർവിപരീതമായി ഒരുക്കിയിരിക്കുന്നു. പുറംകാഴ്ച കണ്ടു അകത്തേക്കെത്തുന്ന സന്ദർശകർക്കായി ഞങ്ങൾ ഒരുക്കുന്ന സർപ്രൈസാണ് ഒളിഞ്ഞിരിക്കുന്ന താഴത്തെ നില. എന്തായാലും കണ്ടുമടങ്ങുന്ന അതിഥികൾക്കെല്ലാം വീടിനെക്കുറിച്ചു പറയാൻ നല്ല വാക്കുകൾ മാത്രം.. അതാണ് ഞങ്ങളുടെ സന്തോഷവും...
Project Facts
Location- Pallikkara, Ernakulam
Plot- 12 cent
Area- 2092 SFT
Owner- Jaison Jacob
Designer- Sunil T.B
Mob- 9388617151