കണ്ണൂരിൽ അഞ്ചരക്കണ്ടി എന്ന സ്ഥലത്ത് 3486 സ്ക്വയർഫീറ്റിൽ സ്ഥിതി ചെയ്യുന്ന റഷീദിന്റെയും കുടുംബത്തിന്റെയും 'ബാബുസലാമ' എന്ന ഭവനമാണിത്. ആദ്യ കാഴ്ചയിൽ പ്രകൃതി ഒരുക്കിയ ക്യാൻവാസിൽ വീട് ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നതു പോലെ തോന്നും. വീടിനൊത്തൊരു ലാൻഡ്സ്കേപ്പ്, ലാൻഡ്സ്കേപ്പിനൊത്തൊരു വീട് എന്ന് വേണമെങ്കില്‍ കുറച്ചുകൂടി വ്യക്തമായി പറയാം.
നാട്ടിലൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ച് കൊടുത്തത് റഷീദിന്റെ സുഹൃത്തും ഡിസൈനറുമായ രാധാകൃഷ്ണനാണ്. അതുകൊണ്ടുതന്നെ ആവശ്യങ്ങളും ആഗ്രഹങ്ങളും വളരെ എളുപ്പത്തിൽ പ്രാവർത്തികമാക്കിയൊരു പ്ലാൻ തയാറാക്കാൻ രാധാകൃഷ്ണന് എളുപ്പം സാധിച്ചു.
സെമി കന്റെംപ്രറി ശൈലിയിലാണ് വീടിന്റെ മൊത്തം രൂപകൽപന. വെൺമയുടെ ചാരുതയിൽ ഒരുക്കിയതിനാൽ ഹരിതാഭയോട് ലയിച്ചു ചേരുന്നുണ്ട്. വീട്ടുടമസ്ഥന്റെ പ്രത്യേക താൽപര്യത്തിനനുസരിച്ച് ഏർപ്പെടുത്തിയ പില്ലറുകളാണ് എലിവേഷന്റെ ആകർഷണീയത. വിശാലമായ ബാൽക്കണിയും, സൂര്യപ്രകാശം നേരിട്ടെത്തിക്കുന്ന പർഗോളയും, നാച്വറൽ സ്റ്റോൺ ക്ലാഡിങ്ങും, ലാൻഡ്സ്കേപ്പിലെ നടപ്പാതയും എല്ലാം എലിവേഷന് മാറ്റ് കൂട്ടുന്ന ഘടകങ്ങളാണ്. കുറച്ചു ഭാഗം മാത്രമാണ് ലോൺ ഏരിയയ്ക്കായി മാറ്റിവെച്ചത്. ബാക്കിയുള്ള സ്ഥലം മുഴുവൻ കൃഷിക്കനുയോജ്യമാകുംവിധം ഒരുക്കിയെടുത്തു.
അകത്തും പുറത്തുമുള്ള അനുയോജ്യമായ ലൈറ്റ് ഫിറ്റിങ്ങുകൾ രാത്രി ഭംഗിക്ക് മാറ്റ് കൂട്ടുന്നു. മഴ നനയാതെ കാർപോർച്ചിലേക്ക് ഇറങ്ങാനുതകും വിധമാണ് പോർച്ച് സജ്ജീകരിച്ചിട്ടുള്ളത്. ബെർജർ സിൽക്ക് ഗ്ലാമർ ഇമൽഷൻ പെയിന്റിന്റെ ഭംഗി വീടിന് പ്രത്യേക ആംപിയൻസ് പ്രദാനം ചെയ്യുന്നു.
ജീവസ്സുറ്റ ഉൾത്തളങ്ങൾ
ഇന്റീരിയറിനും തുല്യ പ്രാധാന്യം നൽകി കൊണ്ടുള്ള ഡിസൈൻ നയങ്ങളാണ് ആകമാനം സ്വീകരിച്ചിട്ടുള്ളത്. വീടിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത സൂര്യപ്രകാശത്തെ ഉള്ളിലേക്കെത്തിക്കുന്ന പര്‍ഗോള ഡിസൈൻ ആണ്. സ്ക്വയർ പാറ്റേണിൽ എംഎസ് സെക്ഷനിൽ മൾട്ടിവുഡിൽ സിഎൻസി വർക്കാണ് പർഗോളയ്ക്ക് ഏർപ്പെടുത്തിയത്. വിശാലമായ നീളൻ ജനാലകളും, പർഗോളയിൽ നിന്നെത്തുന്ന സൂര്യപ്രകാശവും കാറ്റും വെളിച്ചവും ആവോളം ഉൾത്തളങ്ങളിലേക്കെത്തിക്കുന്നുണ്ട്.
ഇന്റീരിയറിലെ ഒരു സ്പേസു പോലും പാഴാകാതെയുള്ള ഡിസൈൻ രീതി വേണമെന്ന വീട്ടുടമസ്ഥന്റെ ആവശ്യപ്രകാരം വളരെ ഉപയുക്തമായി വിന്യസിച്ചിരിക്കുന്നു. പാർട്ടീഷനുകൾ ഒഴിവാക്കി, എന്നാൽ സ്വകാര്യതയ്ക്കു മുൻതൂക്കം നൽകികൊണ്ടുള്ള ക്രമീകരണം അകത്തളങ്ങളെ കൂടുതൽ വിശാലമാക്കുന്നു. ഇന്റീരിയറിലെ തടിപ്പണികൾ പരമ്പരാഗത ശൈലിയോട് ചേർന്നു നിൽക്കുന്നു. ഫർണിച്ചറുകൾക്കെല്ലാം നിലമ്പൂർ തേക്കാണ് ഉപയോഗിച്ചിട്ടുള്ളത്. ലിവിങ്ങും ഡൈനിങ്ങിനുമിടയിൽ പാർട്ടീഷൻ ഒഴിവാക്കി. എന്നാൽ മുകളിലേക്ക് നൽകിയിരിക്കുന്ന സ്റ്റെയർകേസ് ഇവിടെ സ്വകാര്യത നൽകുന്നതിനൊപ്പം ഒരു ഡിസൈൻ എലമെന്റായും വർത്തിക്കുന്നു.
ഫ്ലോർ ലെവൽ അൽപം താഴ്ത്തിയാണ് ഗസ്റ്റ് ലിവിങ്ങിന്റ സജ്ജീകരണം. സ്റ്റെയർ ഏരിയയ്ക്കു താഴെ ചെറിയൊരു പെബിൾകോർട്ടും അതിനോട് ചേർന്ന് ഇരിപ്പിടസൗകര്യവും ഒരുക്കി. അകത്തെ ലൈറ്റ് ഫിറ്റിങ്ങുകൾ ഇന്റീരിയറിന്റെ ആംപിയൻസ് വർദ്ധിപ്പിക്കുന്നു. തടിപ്പണികളുടെ തുടർച്ച സീലിങ്ങിലും നൽകിയിരിക്കുന്നത് ഡിസൈൻ എലമെന്റായി വർത്തിക്കുന്നു. നാച്വറൽ നിറങ്ങള്‍ മാത്രമാണ് ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ളത്.
സ്പേഷ്യസ് ബ്യൂട്ടി
മുകളിലും താഴെയുമായി 5 ബെഡ്റൂമുകളാണ് ഈ വീട്ടിൽ ഉള്ളത്. അനാവശ്യമായ അലങ്കാരങ്ങൾ ഒഴിവാക്കികൊണ്ട് ക്ലീൻ ഫീൽ തോന്നിപ്പിക്കും വിധമാണ് ബെഡ്റൂമിലെ സജ്ജീകരണങ്ങൾ. എല്ലാം മുറികളും ബാത്അറ്റാച്ച്ഡ് ആണ്. ബെഡ്റൂമുകളിലെ സോഫ്റ്റ് ഫർണിഷിങ്ങുകളിൽ മാത്രമാണ് നിറങ്ങളുടെ സാന്നിധ്യം നൽകിയത്. മുറിക്കുള്ളിലേക്ക് കാറ്റും വെളിച്ചവും യഥേഷ്ടം കയറി ഇറങ്ങത്തക്കവിധത്തിലാണ് എല്ലാ മുറികളും ക്രമീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സദാ കുളിർമ നിലനിർത്താൻ ഇത് സഹായിക്കുന്നു. മുകൾനിലയിലെ മാസ്റ്റർ ബെഡ്റൂമിൽ ഗ്ലാസ് പാർട്ടീഷൻ കൊടുത്തിട്ടുണ്ട്. ഇവിടെനിന്നും താഴത്തെ ലിവിങ് സ്പേസിലേക്കും, വീടിനു പുറത്തെ ഗേറ്റിലേക്കുവരെ കാഴ്ച സാധ്യമാക്കുന്നുണ്ട്. വാഡ്രോബ് യൂണിറ്റുകളും ഡ്രസിങ് ഏരിയയും ഉൾപ്പെടുത്തിക്കൊണ്ടാണ് എല്ലാ കിടപ്പുമുറികളും ക്രമീകരിച്ചിട്ടുള്ളത്.
‘C’ ഷെയ്പ്പിൽ നൽകിയ വിശാലമായ കിച്ചനും വർക്ഏരിയയുമാണ് ഈ വീട്ടിൽ ഉള്ളത്. അടുക്കളയുടെ കൗണ്ടർടോപ്പിന് ബ്ലാക്ക് ഗ്രാനൈറ്റാണ്. ഷട്ടറുകൾക്ക് മറൈൻ പ്ലൈ ലാമിനേറ്റ്സും വൈറ്റ് ഫിനിഷിങ്ങില്‍ ഏർപ്പെടുത്തി. വർക്ഏരിയയോട് ചേർന്ന് ഒരു കിണറിനും ഇവിടെ സ്ഥാനം കൊടുത്തിട്ടുണ്ട്.
ക്ലയന്റിന്റെ ജീവിതശൈലിയും അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അടിസ്ഥാനമാക്കിയാണ് ഈ വീട് ചെയ്തതെന്ന് രാധാകൃഷ്ണൻ പറയുന്നു. തന്റെ സുഹൃത്തു കൂടി ആയതിനാൽ പരസ്പരമുള്ള ആശയസംയോജനത്തിന്റെ പ്രതിഫലനം ഓരോ സ്പേസിലും ദർശിക്കാനാവുമെന്ന് റഷീദും പറയുന്നു. വളരെ കാര്യക്ഷമവും സൗന്ദര്യാത്മകവുമായ ഡിസൈൻ രീതികൾ അവലംബിച്ചു കൊണ്ടുള്ള ഈ 'ബാബുസലാമ' ഏറെ ശ്രദ്ധയാകർഷിക്കുന്നു.
Project Facts
Location- Ancharakandy, Kannur
Area- 3486 SFT
Owner- Rasheed
Designer- Radhakrishnan
SDC architects.trivandrum
Mail Id - nrks2003@gmail.com
Mob- 9447206623
Completion year- 2018