ഒരു സുന്ദരചിത്രം പോലെ വീട്! പ്ലാൻ

ഏറെ നാളത്തെ കാത്തിരിപ്പും പ്ലാനിങ്ങും ഈ വീടിനു പിന്നിലുണ്ടായിരുന്നു. വീട്ടുകാരുടെ ആഗ്രഹമനുസരിച്ചുള്ള പ്ലാൻ നേരത്തെ വരച്ചുവച്ചിരുന്നു. അതിൽ ആവശ്യമായ ഭേദഗതികൾ വരുത്തുക മാത്രമാണ് ചെയ്തത്. തൃശൂർ പാലയ്ക്കലിൽ വിശാലമായ രണ്ടേക്കർ പ്ലോട്ടിൽ 2900 ചതുരശ്രയടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പഴയ കാല ക്രിസ്ത്യന്‍ ഭവനങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഡിസൈൻ. ആഷ് – വൈറ്റ് നിറങ്ങളാണ് പുറംഭിത്തിയിൽ നൽകിയിരിക്കുന്നത്. വാസ്തുവനുസരിച്ചാണ് ഇടങ്ങൾ ക്രമീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. കാറ്റും വെളിച്ചവും സമൃദ്ധമായി വിരുന്നെത്താൻ ഇത് സഹായകരമാകുന്നു. 

സ്വീകരണമുറിയിലെ പ്രധാന ആകർഷണം പ്രെയർ ഏരിയയാണ്. നാച്വറൽ സ്റ്റോൺ ക്ലാഡിങ് നൽകിയിരിക്കുന്ന ചുമരിൽ സ്ട്രിപ്പ്‌ലൈറ്റുകൾ നൽകി അലങ്കരിച്ചിരിക്കുന്നു. ഗ്രാനൈറ്റാണ് ഫ്ലോറിങ്ങിനായി ഉപയോഗിച്ചത്. ജനലുകൾക്കും വാതിലുകൾക്കും തേക്കിൻതടി ഉപയോഗിച്ചിരിക്കുന്നത് വീടിന്റെ പ്രൗഢി കൂട്ടി. 

ലിവിങ്ങിനും ഡൈനിങ്ങിനുമിടയിൽ സിഎൻസി സെമി പാർടീഷൻ നൽകിയിരിക്കുന്നു. ഇതിൽ സ്ട്രിപ്പ് ലൈറ്റുകൾ കൊടുത്തിരിക്കുന്നു. രാത്രിയിൽ ഇതിന്റെ പ്രകാശമുണ്ടെങ്കിൽ മറ്റു ലൈറ്റുകളുടെ ആവശ്യമില്ല. വിശാലമായ ഹാളിൽ ഊണുമുറിയും ഫാമിലി ലിവിങും സജ്ജീകരിച്ചിരിക്കുന്നു. വ്യത്യസ്തമായാണ് വാഷ് ഏരിയയുടെ ഡിസൈൻ. സി.എൻ.സി ഡിസൈനുകളും ലൈറ്റിങ്ങുമാണ് ഇവിടം ഹൈലൈറ്റ് ചെയ്യുന്നത്.  

ഗ്ലാസിലും ടീക്ക് വുഡിലുമാണ് ഗോവണി. ഈ ഭാഗത്തിന് മുകളിൽ പർഗോള നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. സ്റ്റെയറിന്റെ താഴെയുള്ള ഭാഗം കമ്പ്യൂട്ടർ ഏരിയയാക്കി സ്ഥലം ഉപയുക്തമാക്കി.

നാലു കിടപ്പുമുറികളാണ് വീട്ടിൽ. ലളിതമായാണ് മുറികൾ ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ഒരുക്കി. ടീക്ക് ഫിനിഷിലും അലുമിനിയം പൗഡർ കൊട്ടിങ്ങിലുമാണ് കബോർഡുകൾ നിർമിച്ചത്.

അലുമിനിയം കോട്ടിങ് കൊണ്ടാണ് അടുക്കളയുടെ കബോർഡുകളും. ചെലവ് കുറവ്, കൂടുതൽ ഈടുനിൽക്കും എന്നീ ഗുണങ്ങളുമുണ്ട്. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് വിരിച്ചത്. സമീപം ഒരു ചിമ്മിനി അടുക്കളയുമുണ്ട്.

എന്തായാലും കാത്തിരിപ്പു സഫലമായ സന്തോഷത്തിലാണ് ഗൃഹനാഥനും കുടുംബവും.

Project Facts

Location- Palakkal, Thrissur

Plot- 2 acre

Area- 2900 SFT

Owner- E.D Porinchu

Designer- Satheesh

Veedu engineers& contractors, Thrissur

Mob- 9847254777

Completion year- 2018