30 ലക്ഷത്തിനു നിങ്ങളും മോഹിക്കും ഇതുപോലെ ഒരു വീട്‌!

എന്റെ പേര് സുരേഷ്. ദീർഘകാലം പ്രവാസിയായിരുന്നു. നാട്ടിൽ മടങ്ങിയെത്തിയ ശേഷം വീടു പണിയാൻ തീരുമാനിച്ചപ്പോൾ ഒരു കാര്യം ആദ്യമേ മനസ്സിൽ ഉറപ്പിച്ചിരുന്നു. നമ്മുടെ പരമ്പരാഗത ശൈലിയിലുള്ള ഒരു വീട്. അധികം ആഡംബരങ്ങൾ ഒന്നും വേണ്ട. അടുത്ത ബന്ധു കൂടിയായ ആർക്കിടെക്ട് അനൂപിനെയും ഭാര്യ മനീഷയെയും കിട്ടിയതോടെ പകുതി ആശ്വാസമായി. ആശയവിനിമയം എളുപ്പമായല്ലോ...അങ്ങനെ ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മുടെ മനസ്സിലുള്ള ആഗ്രഹത്തിനൊത്തവണ്ണം ഒരു ഗൃഹം ഇരുവരും പണിതു തന്നു.

തൃശൂർ വാടാനപ്പള്ളിയിൽ 15 സെന്റിൽ 1700 ചതുരശ്രയടിയിലാണ് വീട്. വാസ്തുശാസ്ത്രപ്രകാരമാണ് വീടൊരുക്കിയത്. ആദ്യ കാഴ്ചയിൽ തന്നെ ആകർഷിക്കുന്നത് ഓടിട്ട ചെരിഞ്ഞ മേൽക്കൂരയിൽ നൽകിയ മുഖപ്പാണ്. ഇതിനുള്ളിൽ ജാളി വർക്ക് നൽകിയതോടെ ഭംഗി വർധിക്കുന്നു. പച്ചപ്പും മരങ്ങളും കുടവിരിക്കുന്ന മുറ്റത്തു നിന്ന് കയറുന്നത് L ഷേപ്പിലുള്ള പൂമുഖത്തേക്കാണ്. പുറത്തെ കാഴ്ചകൾ ആസ്വദിച്ചിരിക്കാവുന്ന പൂമുഖം വീടിന്റെ ഒരു ഹൈലൈറ്റാണ്. 

സ്വീകരണമുറി ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ഇത് വിശാലതയും വെന്റിലേഷനും നൽകുന്നു. ഓപ്പൺ ശൈലിയിലാണ് ലിവിങ്- ഡൈനിങ്. ഇതിനിടയിൽ പൂജ ഏരിയ നൽകി.

കോർട്യാർഡാണ്‌ ശ്രദ്ധാകേന്ദ്രം. പ്ലോട്ടിൽ ഉണ്ടായിരുന്ന ജാതിത്തൈ സംരക്ഷിച്ചു കൊണ്ടാണ് കോർട്യാർഡ് ഒരുക്കിയത്. ഇതിന്റെ ഇലകൾ വീടിനുള്ളിലേക്ക് തലനീട്ടുന്നുണ്ട്. വശത്തെ ഭിത്തിയിൽ എക്സ്പോസ്ഡ് ബ്രിക് വർക്ക് നൽകിയിട്ടുണ്ട്. വീട്ടിൽ ഞങ്ങൾക്ക് ഏറ്റവും പോസിറ്റീവ് എനർജി നൽകുന്ന ഇടമാണ് കോർട്യാർഡ്. കാറ്റും വെളിച്ചവും കടന്നുവരാനായി ഇവിടെ സീലിങ്ങിൽ പർഗോള നൽകിയിട്ടുണ്ട്. അകത്തളത്തിൽ ചൂടുവായുവിനെ പുറന്തള്ളി വെന്റിലേഷനും ഉറപ്പാക്കുന്നു. നിലത്തു പെബിളുകൾ വിരിച്ചു അലങ്കരിച്ചു. 

L ഷേപ്പിലൊരുക്കിയ അടുക്കള. സമീപം വർക്കേരിയയുമുണ്ട്. അലുമിനിയം ഫാബ്രിക്കേറ്റു ചെയ്ത ക്യാബിനറ്റുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഗ്രാനൈറ്റാണ് കൗണ്ടർ ടോപ്. 

മൂന്നു കിടപ്പുമുറികളാണ് ഇവിടെയുള്ളത്. മുറികൾ അലങ്കരിക്കുന്നത് കൈകൊണ്ടു വരച്ച ചിത്രങ്ങളാണ്. അറ്റാച്ഡ് ബാത്റൂം സൗകര്യവും നൽകിയിട്ടുണ്ട്. 

നിർമാണച്ചെലവ് റോക്കറ്റ് പോലെ കുതിക്കുന്ന ഈ കാലത്തു മുപ്പതു ലക്ഷം രൂപയിൽ വീട് പൂർത്തിയാക്കാനായി എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു കൂട്ടായ്മയുടെ വിജയമാണ് നിങ്ങൾ കാണുന്ന ഞങ്ങളുടെ ഈ വീട്.

ചെലവു ചുരുക്കിയത്

  • ഉറപ്പുള്ള ഭൂമിയിൽ അടിത്തറയ്ക്ക് അധികം ചെലവിടേണ്ടി വന്നില്ല.
  • പഴയ കെട്ടിടം പൊളിച്ചു കിട്ടിയ ഓടുപയോഗിച്ചാണ് മേൽക്കൂര നിർമ്മിച്ചത്. 
  • ഇലക്ട്രിക്കൽ, പ്ലംബിങ്, സാനിറ്ററി സാമഗ്രികളും, ടൈലുകളും മൊത്ത വിതരണക്കാരിൽ നിന്ന് നേരിട്ടു വാങ്ങി.
  • ആറു മാസം കൊണ്ടു പണി പൂർത്തീകരിച്ചു.

Project Facts

Location- Vadanappilly, Thrissur

Plot- 15 cents

Area- 1700 SFT

Owner- Suresh

Architect- Anoop Chandran, Maneesha Anoop

Amac Architects, Thrissur

Mob- 9995000222