കോട്ടയത്തെ സുന്ദരൻ വീട്

കന്റെംപ്രറി, കൊളോണിയൽ ശൈലികളുടെ സമന്വയമാണ് എലിവേഷൻ...

പതിമൂന്ന് സെന്റില്‍ 3300 ചതുരശ്രയടിയുള്ള ഈ വീട് ഒരുക്കിയിരിക്കുന്നത് കൃത്യമായ പഠനത്തിനു ശേഷമാണ്. ഉടമസ്ഥരായ ജിമ്മി മാത്യുവും എലിസബത്തും സുഹൃത്ത് സ്റ്റാൻലി സിറിയക്കിനെയാണ് പ്ലാൻ വരയ്ക്കാൻ ഏൽപ്പിച്ചത്. പ്ലോട്ടിന്റെ പ്രത്യേകതകൾ കാരണം സ്റ്റെല്ലാർ, ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ എന്നിങ്ങനെ മൂന്നു നിലയിലാണ് വീട് പണിതത്.

Elevation

എലിവേഷന്‍ ആദ്യം തീരുമാനിച്ചതിനു ശേഷമാണ് പ്ലാൻ വരച്ചത്. ധാരാളം യാത്രകൾ ചെയ്ത് പല വീടുകൾ കണ്ടതിനു ശേഷമാണ് എലിവേഷന്‍ തീരുമാനിച്ചത്. തട്ടുകളായുള്ള മേൽക്കൂരയാണ് വെള്ള, വാടാമുല്ല നിറങ്ങളിലുള്ള എലിവേഷന്റെ ഹൈലൈറ്റ്. ചൂടു കൂടുമെന്നതിനാല്‍ മേൽക്കൂരയിൽ കോൺക്രീറ്റ് ഓട് ഒഴിവാക്കി ടെറാക്കോട്ട ഓട് നൽകി.

Sitout

വേറിട്ട സീറ്റിങ് ആണ് സിറ്റ്ഔട്ടിൽ ഒരുക്കിയിരിക്കുന്നത്. സ്വകാര്യതയ്ക്കു വേണ്ടിയാണ് ഈ ഡിസൈൻ തിരഞ്ഞെടുത്തത്. പ്ലൈവുഡ് കൊണ്ടുള്ള അഴികളും അതിനു താഴെ ഇരിപ്പിടവും വരുന്ന രീതിയിലാണ് ഡിസൈൻ. ഒരു കടയിൽ ഈ ഇരിപ്പിടം കണ്ടിഷ്ടപ്പെട്ടപ്പോൾ അവർക്ക് പണിത് നൽകിയ ആളെ തന്നെ വിളിച്ച് പണിയിക്കുകയായിരുന്നു.

Living Area

അംഗങ്ങൾ കൂടുതലുള്ളതിനാൽ വലിയ ഹാൾ ആണ് നൽകിയത്. ഇരിപ്പിടങ്ങളും ആവശ്യത്തിനു നൽകി. ക്രീം, കോഫി ബ്രൗൺനിറങ്ങളിൽ ഒരുക്കിയ മുറിയിലെ ആക്സസറികളും ഈ നിറക്കൂട്ട് പിന്തുടരുന്നു. കൂടുതൽ സ്ഥലം ലഭിക്കാൻ ചെറിയ സെന്റർ ടേബിൾ ആണ് നൽകിയത്. ലിവിങ്ങിനോടു ചേർന്ന് പ്രെയർ ഏരിയയുമുണ്ട്. അതിന്റെ ചുമരിൽ വോൾ പേപ്പർ ഒട്ടിച്ച് ഭംഗിയാക്കി.

Dining Area

ആവശ്യാനുസരണം ആറ് സീറ്റർ ആക്കാവുന്ന നാല് സീറ്റർ റെഡിമെയ്ഡ് ഊണുമേശ സ്ഥലം ലാഭിക്കുന്നു. ഊണുമുറിയോടു ചേർന്ന് ഫാമിലി ലിവിങ്ങുമുണ്ട്. പഴയ സോഫയ്ക്ക് പുതിയ അപ്ഹോൾസ്റ്ററി ചെയ്ത് ഇവിടെ ഉപയോഗിച്ചു. ഫാമിലി ലിവിങ്ങിൽ നിന്ന് പാഷ്യോയിലേക്കിറങ്ങാം. വീട്ടുകാരുടെ ഇഷ്ടയിടമാണ് പാഷ്യോ. ക്രോസ് വെന്റിലേഷൻ നൽകിയിട്ടുള്ളതിനാൽ വീടിനുള്ളിൽ പകൽ ഫാൻ വേണ്ട.

Partition

സ്റ്റെല്ലാറിൽ രണ്ട് കിടപ്പുമുറികൾ, ഹോം തിയറ്റര്‍, യൂട്ടിലിറ്റി ഏരിയ എന്നിവയും ഗ്രൗണ്ട് ഫ്ലോറിൽ ലിവിങ്, ഡൈനിങ്, അടുക്കള, മൂന്ന് കിടപ്പുമുറികൾ എന്നിവയുമാണുള്ളത്. ഒന്നാം നിലയിലെ വലിയ ഹാൾ കുട്ടികളുടെ പ്ലേ ഏരിയ ആണ്. പർഗോള വഴിയാണ് പൊതുവായ ഇടങ്ങളെല്ലാം വേർതിരിച്ചിട്ടുള്ളത്.

Bedrooms

അഞ്ച് കിടപ്പുമുറികളാണുള്ളത്. ഓരോന്നും ഓരോ തീമിൽ ഒരുക്കി. മകളുടെ മുറിക്ക് പിങ്ക് നിറമാണ്. പൂമ്പാറ്റകളുടെ ചിത്രം മുറിയിൽ സ്റ്റെൻസിൽ ചെയ്തു. ബേ വിൻഡോയില്‍ ഇരിക്കാം; താഴെ സ്റ്റോറേജുമുണ്ട്.

11 അടി പൊക്കത്തിലാണ് മുറികളെല്ലാം. അതിനാൽ വീടിനുള്ളിൽ ചൂട് കുറവാണ്. വാർത്തപ്പോൾ തന്നെ എൽഇഡി ലൈറ്റുകൾ നൽകിയതിനാൽ ഫോൾസ് സീലിങ്ങിന്റെ ആവശ്യം വന്നില്ല.‌

Kitchen

ഈർപ്പമടിച്ചാലും പ്രശ്നമില്ലാത്ത അലുമിനിയം കോംപസിറ്റ് പാനൽകൊണ്ടാണ് കിച്ചൻ കാബിനറ്റുകൾ. വൃത്തിയാക്കാനും എളുപ്പമാണ്. സിങ്കിനു മുകളിൽ മാത്രമേ ഓവർഹെഡ് കാബിനറ്റ് ഉള്ളൂ. രണ്ട് ചുമരുകൾ നിറയെ നീളത്തിൽ കാബിനറ്റുകൾ നൽകി. പാത്രങ്ങളുടെ വലുപ്പമനുസരിച്ച് കാബിനറ്റിലെ തട്ടുകൾ പാത്രങ്ങളുടെ വലുപ്പമനുസരിച്ച് കാബിനറ്റിലെ തട്ടുകൾ പ്ലാൻ ചെയ്തതിനാൽ എല്ലാം കാബിനറ്റിനുള്ളിലൊതുങ്ങും.

Project Facts

Area: 3300 Sqft

Location: അമ്മഞ്ചേരി, കോട്ടയം

Year of completion: ജൂൺ, 2017