പുതിയ ഫ്ലാറ്റ് വാങ്ങുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് അതിലെ സ്ഥലവിനിയോഗമാണ്. ഫർണിച്ചർ എവിടെയൊക്കെയിടാം. ഫർണിച്ചർ ഇട്ടശേഷം എത്രമാത്രം സ്ഥലം ലഭിക്കും. തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിലുൾപ്പെടും. ഇത്തരം കാര്യങ്ങൾ മനസ്സിൽ കണ്ട് ധാരണയായതിനുശേഷം വേണം ഫ്ലാറ്റ് വാങ്ങാൻ.
ഇന്റീരിയർ ഡിസൈനർ വേണമെങ്കിൽ ആദ്യം തന്നെ തീരുമാനിക്കണം. എങ്കിൽ പണി എളുപ്പമാകും. ബിൽഡർ ചെയ്തു തരുന്ന ഇലക്ട്രിക് വർക്കുകൾ പലതും പിന്നീട് ഇന്റീരിയർ ചെയ്യുമ്പോൾ മാറ്റേണ്ടി വരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. എന്നാൽ തുടക്കം മുതലേ ഡിസൈനറുടെ സഹായം ലഭ്യമാക്കിയാല്‍ പിന്നീടുള്ള പല പൊളിച്ചു പണികളും ഒഴിവാക്കാൻ സാധിക്കും. അതുവഴി സമയം, പണം, മെറ്റീരിയൽ എന്നിവ ലാഭിക്കാം.
ചെലവു കുറച്ച് ഇന്റീരിയർ
പുതിയ ഫ്ലാറ്റിലേക്കു ചേക്കേറുമ്പോൾ കുറഞ്ഞ ബജറ്റിൽ ഇന്റീരിയർ ഒരുക്കണമെന്നുള്ളവർക്ക് അതിനും വഴികളുണ്ട്. ആദ്യം സൂചിപ്പിച്ചതുപോലെ കൃത്യമായി പ്ലാൻ ചെയ്ത് ഫർണിച്ചർ സെറ്റ് ചെയ്യുക. ഇന്റീരിയര്‍ ഘടകങ്ങൾ വഴി ചില ഇടങ്ങൾ ഹൈലൈറ്റ് ചെയ്യുക. ഉദാഹരണത്തിന് ചെടികൾ, സെറാമിക്/ ടെറാക്കോട്ട പോട്ടുകൾ, കരകൗശല വസ്തുക്കൾ എന്നിവയെല്ലാം ഇതിന് ഉപയോഗിക്കാം. ഈ അപാർട്മെന്റിൽ നൽകിയിട്ടുള്ളതു പോലെ ഹാങ്ങിങ് ലൈറ്റുകളെയും ആശ്രയിക്കാം.
കടുംനിറങ്ങൾ, വോൾ പേപ്പർ, പെയിന്റിങ്, കരകൗശല വസ്തുക്കൾ തുടങ്ങിയവയെ കൂട്ടുപിടിച്ചാൽ ആവശ്യമുള്ള ചുമരുകളെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റാം. കർട്ടൻ, കിടക്കവിരി, അപ്ഹോൾസ്റ്ററി എന്നിവ കൂടി മുറിയോട് യോജിക്കുന്നതായാൽ ലളിത സുന്ദരമായ ഇന്റീരിയർ ഒരുങ്ങിക്കഴിഞ്ഞു. അൽപം പച്ചപ്പും ഒരു ഊഞ്ഞാലുമായാൽ ബാൽക്കണി ജോറാക്കാം.
കീശ ചോരാതിരിക്കാൻ ഫോൾസ് സീലിങ് ഒഴിവാക്കുന്നതില്‍ തെറ്റില്ല. ചിലപ്പോൾ മുറിക്കുള്ളിൽ വെളിച്ചക്കുറവ് അനുഭവപ്പെടാം. ചുമരു മുറിച്ച് ജനാല കൊടുക്കുകയാണ് പോംവഴി. അതിന് താൽപര്യമില്ലെങ്കിൽ മുറിക്കുള്ളിലേക്കു വെളിച്ചവും വായുസഞ്ചാരവും ലഭിക്കുന്നതു പോലെ ഫർണിച്ചറും മറ്റും ക്രമീകരിക്കുകയേ മാർഗമുള്ളൂ.
Living Area
വുഡ്, ഗ്രീൻ, ഗോൾഡ് കോംബിനേഷനിലാണ് 1400 ചതുരശ്രയടി വിസ്തീർണമുള്ള അപാർട്മെന്റിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ലിവിങ് ഏരിയയ്ക്ക് പ്രീ ലാമിനേറ്റഡ് വുഡൻ ഫ്ലോറിങ്ങാണ്. ഗ്ലോസി, വെനീർ ഫിനിഷിലുള്ള മറൈന്‍ പ്ലൈയുടെ കോമ്പിനേഷനിലാണ് ടിവി യൂണിറ്റ്. അതോടു ചേർന്നുള്ള ചുമരിൽ വോൾപേപ്പറിന്റെ ചന്തം. ലെതർ സോഫയ്ക്കു കൂട്ടായി തടിയും മൈൽഡ് സ്റ്റീലും കൊണ്ടുള്ള സെന്റർ ടേബിൾ.
Dining Area
ലിവിങ് റൂമിനെയും ഊണുമുറിയെയും തമ്മിൽ വേർതിരിക്കാൻ എംഎസ് ഫ്രെയിമിൽ വെനീർ ഫിനിഷിലുള്ള പ്ലൈവുഡ് ബോക്സുകൾ ഉണ്ടാക്കി അതിനുള്ളിൽ ചെടികൾ വച്ചു. ഊണുമേശയ്ക്കു മുകളിൽ കയർ കൊണ്ടുള്ള ഹാങ്ങിങ് ലൈറ്റ് നൽകിയിട്ടുണ്ട്. വളച്ചെടുത്ത മഹാഗണി തടികൊണ്ട് കസേരകളും ഊണുമേശയും പണിതു. മൂന്ന് ഫ്രൂട്ട് ബൗളുകൾ കൊണ്ടാണ് ഒരു ചുമർ ഹൈലൈറ്റ് ചെയ്തിട്ടുള്ളത്. വെറും ബൗളല്ല, നടുവിൽ കോപ്പർ പ്ലേറ്റ് വച്ച് ഭംഗിയാക്കിയ ഫ്രൂട്ട് ബൗൾ.
Kitchen
ഈ ക്ലോസ്ഡ് കിച്ചന് ‘L’ ആകൃതിയാണ്. അകവും പുറവും ലാമിനേറ്റ് ചെയ്ത മൾട്ടിവുഡ് ബോക്സുകൾ കൊണ്ടാണ് കാബിനറ്റുകൾ പണിതത്. ലാമിനേറ്റ് ചെയ്ത മറൈൻ പ്ലൈ കൊണ്ടാണ് ഓവർഹെഡ് കാബിനറ്റുകൾ. കൗണ്ടർടോപ്പിന് ഗ്രാനൈറ്റ് ആണ്. ജനാലകൾക്ക് വെനീഷ്യൻ ബ്ലൈൻഡ് നൽകി.
Work Station
വീട്ടുകാരനായ അബ്ദുൾ മനാഫ് ഐടി രംഗത്തായതിനാൽ വീട്ടിലിരുന്നും ജോലി ചെയ്യാൻ ഇടം നൽകി. ലിവിങ് റൂമിൽ സോഫയുടെ അരികിലായാണ് വർക് സ്റ്റേഷന്‍ ഒരുക്കിയത്. ഹാങ്ങിങ് ലൈറ്റും ചെടികളും നൽകി ഇവിടം ഹൈലൈറ്റ് ചെയ്തു. ലാമിനേറ്റഡ് പ്ലൈവുഡ് കൊണ്ടാണ് മേശയും കാബിനറ്റും.
Balcony
ലിവിങ് റൂമിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് വാതിലിലൂടെ ബാൽക്കണിയിലേക്കിറങ്ങാം. കൃത്രിമ പുല്ല് വിരിച്ച ബാൽക്കണിയിൽ ഹാങ്ങിങ് പോട്ടുകളിൽ ചെടികൾ വച്ചിട്ടുണ്ട്. അങ്ങനെ പച്ചപ്പിന്റെ തുരുത്തായി ബാൽക്കണി മാറി. ആവശ്യാനുസരണം വെളിച്ചം നിയന്ത്രിക്കാൻ കർട്ടൻ സഹായിക്കുന്നു.
Bedrooms
രണ്ട് കിടപ്പുമുറികളാണുള്ളത്. വെള്ള ഗ്ലോസി ഫിനിഷിലും ടീക്ക്‌വുഡ് ഫിനിഷിലുമുള്ള പ്ലൈവുഡിന്റെ കോമ്പിനേഷനാണ് മാസ്റ്റർ ബെഡ്റൂമിൽ. ഹാങ്ങിങ് ലൈറ്റും കുറച്ചു ഭാഗത്തായി നൽകിയിട്ടുള്ള ഫോൾസ് സീലിങ്ങും മാസ്റ്റർ ബെഡ്റൂമിന്റെ മോടി കൂട്ടുന്നു. തടിയും മൈൽഡ് സ്റ്റീലും കൊണ്ടുള്ള കട്ടിലും സൈഡ് ടേബിളുകളുമാണ് രണ്ടാമത്തെ ബെഡ്റൂമിൽ. രണ്ട് കിടപ്പുമുറികളിലും വോൾപേപ്പർ ഒട്ടിച്ച് ഭംഗി കൂട്ടി.
Designer
Vinod Vishwan
The space details, Kochi
project@thespacedetails.com