ആരാണ് ഇതുപോലെ ഒരു ഫ്ലാറ്റ് ആഗ്രഹിക്കാത്തത്! കാരണം...

ദൂരെ ഫോർട്ട്കൊച്ചിയും, മട്ടാഞ്ചേരിയും. വാലുപോലെ വൈപ്പിൻ പാലം...കണ്ടെയിനർ ടെർമിനലിന്റെ വിസ്മയകാഴ്ചകൾ...കായലിൽ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകുന്ന ബോട്ടുകൾ..ദൂരെ ചക്രവാളത്തിൽ മറയുന്ന കപ്പലുകൾ...സ്ഥിരം അതിഥിയായി വീശിയെത്തുന്ന കുളിർകാറ്റ്...

കേരളത്തിലെ ഏറ്റവും സജീവമായ വിനോദസഞ്ചാര കേന്ദ്രമായ കൊച്ചി മറൈൻ ഡ്രൈവിന്റെ കായൽക്കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന ഫ്ലാറ്റ്. കൊച്ചിയിലുള്ള സുനിലിന്റേയും ഓമനയുടെയും ഫ്ളാറ്റിന് വിശേഷണങ്ങൾ അനവധിയാണ്. 

2800 ചതുരശ്രയടിയുള്ള 4 BHK ഫ്ലാറ്റാണ്. ഓരോ ഇടങ്ങളും അത്രയധികം സൂക്ഷ്മതയോടെ ഒരുക്കിയിരിക്കുന്നു എന്നതാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൊളോണിയൽ, കന്റെംപ്രറി, ക്ലാസിക്, ആന്റിക് ശൈലികൾ എല്ലാം ഇവിടെ സമ്മേളിക്കുന്നു. 

ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് പ്രത്യേകം ഡിസൈൻ ചെയ്തെടുത്തവയാണ്. ജിപ്സം സീലിങ്ങിൽ വാം ടോൺ ലൈറ്റുകളും നൽകിയതോടെ ഫ്ലാറ്റിനുള്ളിൽ പ്രസന്നമായ അന്തരീക്ഷം നിറയുന്നു. ഫ്ലാറ്റിനുള്ളിൽ പ്രഭ ചൊരിയുന്ന ഷാൻലിയറുകളും ആർട് വർക്കുകളും ഇംപോർട്ടഡാണ്.

ലിവിങ്ങിനോട് ചേർന്നാണ് പ്രധാന ബാൽക്കണി. ഇവിടെ നിന്നാൽ കൊച്ചിക്കായലിന്റെ സൗന്ദര്യം തണുത്ത കാറ്റിന്റെ പശ്‌ചാത്തലത്തിൽ ആസ്വദിക്കാം. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഡൈനിങ്ങിനോട് ചേർന്ന ഭിത്തി വാൾപേപ്പര്‍ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തു.

ഡൈനിങ് വരുന്ന പ്രധാന ഹാളിലാണ് പൂജാമുറിയും, വാട്ടർബോഡിയും ഒരുക്കിയത്. വാട്ടർ ബോഡിയോട് ചേർന്ന ഭിത്തിയിൽ ക്ലാഡിങ് ടൈലുകൾ പതിപ്പിച്ച് ഹൈലൈറ്റ് ചെയ്തു. ഫ്ലാറ്റിനുള്ളിൽ പച്ചപ്പ് നിറയ്ക്കുന്നത് ഈ ഭാഗമാണ്. കിച്ചനിലേക്കുള്ള പ്രവേശന ഭാഗത്തായി ഒരു ബാർകൗണ്ടർ ക്രമീകരിച്ചിരിക്കുന്നു.

പ്രൗഢി നിറയുന്ന നാലു കിടപ്പുമുറികൾ. മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ്ബോർഡിൽ ഗോൾഡ് ഫിനിഷിൽ ഉള്ള ജാളി സ്‌ക്രീൻ കാണാം. അറ്റാച്ച്ഡ് ബാത്റൂം, ഡ്രസ്സിങ് യൂണിറ്റ്, വാഡ്രോബ് എന്നിവയും ഒരുക്കിയിരിക്കുന്നു. മാസ്റ്റർ ബെഡ്‌റൂമിൽ നിന്നും സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്നു ചെറിയ ബാൽക്കണിയിലെത്താം. ഇവിടെ നിന്നാൽ പച്ചപ്പിന്റെയും ജലാശയങ്ങളുടെയും കാഴ്ചകൾ ആസ്വദിക്കാം. 

ആന്റിക് ശൈലിയിലാണ് മറ്റൊരു കിടപ്പുമുറി ഒരുക്കിയിരിക്കുന്നത്. റസ്റ്റിക് ഫിനിഷിലാണ് അടുത്ത കിടപ്പുമുറി. സ്റ്റോറേജിന്‌ നൽകിയ പ്രാധാന്യമാണ് കിടപ്പുമുറികളുടെ ഒരു പൊതുസവിശേഷത. വോൾ ടു സീലിങ് വാഡ്രോബുകൾ നൽകിയിരിക്കുന്നു. ഇൻബിൽറ്റായി ടിവി ഏരിയയ്ക്കും ഇവിടെ സ്ഥാനം നൽകിയിരിക്കുന്നു. 

വൈറ്റ് തീമിലാണ് കിച്ചൻ. പ്ലാനിലാക് ഗ്ലാസിലാണ് കബോർഡുകൾ ഒരുക്കിയത്. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു. 

ചുരുക്കത്തിൽ രാവിലെയും വൈകുന്നേരവും പ്രകൃതിയും സൂര്യനും ഒരുക്കുന്ന ഭാവമാറ്റങ്ങളുടെ പോസിറ്റീവ് പ്രഭാവം ഫ്ലാറ്റിനുള്ളിലും നിറയുന്നു.

Project Facts

Location- Kochi

Area- 2800 SFT

Owner-Sunil & Omana

Designer- Reji Kurian

Inscape Design, Kochi

Mob- 9846140109

Completion year- 2017