വരൂ, പ്രകൃതിയിൽ അലിഞ്ഞു താമസിക്കാം!

തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തത്? ഫോണും ഇമെയിലുകളും ശല്യപ്പെടുത്താതെ പ്രകൃതിയുടെ മടിത്തട്ടിൽ കുടുംബവുമൊത്ത് ചെലവഴിക്കണമെങ്കിൽ നേരെ തൃശൂർ ജില്ലയിലെ പട്ടിക്കാടുള്ള സിദീഖിന്റെ ഹോംസ്റ്റേയിലേക്ക് പോകാം.

പ്രകൃതിരമണീയമായ സ്ഥലത്ത് പ്രകൃതിദത്തമായ ഒരു ഹോംസ്റ്റേ..അതാണ് പ്രവാസിയായിരുന്ന സിദീഖിന്റെ പുതിയ സംരംഭം സഞ്ചാരികൾക്ക് ഉറപ്പുനൽകുന്നത്. ചെറിയ രീതിയിൽ നടത്തിക്കൊണ്ടു പോയിരുന്ന ബിസിനസ് അടുത്തിടെയാണ് സിദീഖ് വിപുലമാക്കിയത്. ആർക്കിടെക്ട് അനസാണ് ഹോംസ്റ്റേയുടെ രൂപകൽപന നിർവഹിച്ചത്. 

പ്രകൃതിരമണീയമായ ഒരേക്കർ സ്ഥലത്ത്  മണ്ണുകൊണ്ട് ഒരു ഹോംസ്റ്റേ. 1063 ചതുരശ്രയടിയുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുടുംബമായി വരുന്നവരെ ഉദ്ദേശിച്ചാണ് രൂപകൽപന. പ്രകൃതിസൗഹൃദമായാണ് നിർമിതി. മണ്ണു കൊണ്ടാണ് ചുവരുകൾ പ്ലാസ്റ്ററിങ് ചെയ്തിരിക്കുന്നത്. സ്ലോപ് റൂഫിൽ ക്ലേ റൂഫ് ടൈലാണ് വിരിച്ചിരിക്കുന്നത്.

നീളൻ സിറ്റൗട്ടിൽ ഇരുന്നാൽ പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാം. ഇടനാഴികളാണ് ഹോംസ്റ്റേയുടെ ആകർഷണം. സിറ്റൗട്ടിൽ നിന്നും ഇടനാഴികൾ വഴി ഇടങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നു. സ്വീകരണമുറിയുടെ വശങ്ങളിലായി കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവ ഒരുക്കിയിട്ടുണ്ട്. കാറ്റും വെളിച്ചവും കാഴ്ചകളും വീടിനുള്ളിലിരുന്നു ആസ്വദിക്കാൻ പാകത്തിൽ വിശാലമായ ജാലകങ്ങളാണ് നൽകിയിരിക്കുന്നത്.

താമസിക്കുന്നവർക്ക് ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും അടുക്കളയിലുണ്ട്. ഇവിടെ ഡൈനിങ് ഏരിയയും ക്രമീകരിച്ചിരിക്കുന്നു. ഇപ്പോൾത്തന്നെ ഇവിടേക്ക് സഞ്ചാരികളുടെ വരവ് തുടങ്ങിയിട്ടുണ്ട്. താമസം കഴിഞ്ഞു പോകുന്ന ഉപഭോക്താക്കൾക്കും പറയാൻ നല്ലതുമാത്രം. 

ചിത്രങ്ങൾ- അഖിൽ കോമാച്ചി

Project Facts

Location- Pattikad, Thrissur

Plot- 98 cents

Area- 1063 SFT

Owner- Sidheeque

Designer- Muhammed Anas

Anexim Consultants, Malappuram

Mob- 9846433512

Completion year- 2018