എന്റെ പേര് ഡോ. അബ്ദുൽ അസീസ്. മലപ്പുറം മഞ്ചേരിയാണ് സ്വദേശം. ഭാര്യയും ഡോക്ടറാണ്. മൂന്ന് മക്കളാണ് ഞങ്ങൾക്ക്. അത്യാവശ്യം ഗൃഹപാഠം ചെയ്താണ് ഞങ്ങൾ വീടുപണിക്കിറങ്ങിയത്. ജോലിയും കുടുംബവും ഇടകലരാതെ പൊസിറ്റീവ് എനർജി നിറയുന്ന അകത്തളങ്ങളുള്ള വീട് എന്നതായിരുന്നു ഞങ്ങളുടെ ആശയം.
പുറംകാഴ്ചയിൽ ഫ്യൂഷൻ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഫ്ലാറ്റ്, സ്ലോപ്, കർവ് എന്നിവ എലിവേഷനിൽ വരുന്നു. സ്ലോപ്പിലും കർവിലും ഷിംഗിൾസ് വിരിച്ചു. രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ കഴിയുംവിധമാണ് പോർച്ച് ഒരുക്കിയത്. പ്രധാന ഗെയ്റ്റിന് പുറമെ വിക്കറ്റ് ഗെയ്റ്റും നൽകിയിട്ടുണ്ട്. ജിഐ മെഷ്, വുഡ് എന്നിവ കൊണ്ടാണ് ഗെയ്റ്റ് ഒരുക്കിയത്.
കിഴക്കോട്ട് ദർശനമായാണ് വീട് നിർമിച്ചത്. ഗാർഡനിങ് ഞങ്ങൾക്ക് താൽപര്യമുണ്ടായിരുന്നു. അതുകൊണ്ട് 35 സെന്റ് പ്ലോട്ടിൽ നല്ലൊരു ശതമാനം ചെടികൾക്കും പച്ചക്കറിത്തോട്ടത്തിനുമായി മാറ്റിവച്ചു. മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീട് പണിതത്. നാച്വറൽ സ്‌റ്റോണും ഗ്രാസും വിരിച്ചു മുറ്റം അലങ്കരിച്ചു. വശങ്ങളിൽ പുൽത്തകിടിയും ചെടികളും നട്ടുപിടിപ്പിച്ചു. ഗാർഡനിൽ ഹൈലൈറ്റർ ലൈറ്റുകൾ നൽകിയിട്ടുണ്ട്. രാത്രിയിൽ ഇത് ഓണാകുമ്പോൾ ബാൽക്കണിയിൽ നിന്നുള്ള കാഴ്ച മനോഹരമാണ്. വീടിന്റെ പിന്നിലും പച്ചക്കറി തോട്ടത്തിനായി സ്ഥലം ഒരുക്കിയിട്ടുണ്ട്.
4800 ചതുരശ്രയടിയുള്ള വീട്ടിൽ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ വരുന്നത്. സിറ്റൗട്ടിനോട് ചേർന്ന് മറ്റുഭാഗങ്ങളിൽ നിന്നും വേർപെടുത്തി ഒരു കൺസൾട്ടിങ് റൂമും ഒരുക്കി. മുകൾനിലയിൽ ലിവിങ്, സ്‌റ്റഡി ഏരിയ, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയും വരുന്നു. മാർബിളിന്റെ പ്രൗഢിയാണ് ഫ്ലോറിൽ നിറയുന്നത്. ഇതിനു അകമ്പടിയായി വാം ടോൺ ലൈറ്റുകൾ കൂടി വരുമ്പോൾ ഇന്റീരിയറിൽ പ്രസന്നമായ അന്തരീക്ഷം നിറയുന്നു. റോമൻ ബ്ലൈൻഡുകളാണ് ജാലകങ്ങൾക്ക് അഴക് പകരുന്നത്.
ഊണുമുറി ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് അടുക്കള. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. സമീപം വർക്കേരിയയും ഒരുക്കി.
ഗോവണിയുടെ ആദ്യ ലാൻഡിങ്ങിൽ നിന്നും പുറത്തേക്ക് ഒരു ബാൽക്കണി നൽകിയിട്ടുണ്ട്. വി ബോർഡിലാണ് ഈ സ്ട്രക്ച്ചർ ഒരുക്കിയത്. സീലിങ്ങിൽ ഷിംഗിൾസ് വിരിച്ചു. ഗോവണി കയറിച്ചെല്ലുമ്പോൾ ടിവി യൂണിറ്റോടുകൂടിയ അപ്പർ ലിവിങ് ക്രമീകരിച്ചു. ഞങ്ങളുടെ പ്രൊഫഷനൽ ആവശ്യങ്ങൾക്ക് റഫർ ചെയ്യാനായി ഒരു ലൈബ്രറിയും സ്‌റ്റഡി ഏരിയയും സമീപമായി ഒരുക്കി.
അത്യാവശ്യം വിശാലമായാണ് കിടപ്പുമുറികൾ. സ്‌റ്റോറേജിന് പ്രാധാന്യം നൽകി മുഴുനീള വാഡ്രോബുകൾ നൽകിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ് എന്നിവയും ഒരുക്കി. കുട്ടികളുടെ കിടപ്പുമുറി അവരുടെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്തുംവിധം കലാപരമായാണ് ഒരുക്കിയത്. ബങ്ക്‌ബെഡ്, വോൾപേപ്പറുകൾ എന്നിവ നൽകി കളറാക്കി.
സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ വിശാലതയ്‌ക്കൊപ്പം വെന്റിലേഷനും സുഗമമാക്കുന്നു. ഇത് വീടിന്റെ അന്തരീക്ഷം എപ്പോഴും പൊസിറ്റീവാക്കി നിലനിർത്തുന്നു.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Manjeri, Malappuram
Area- 4800 SFT
Plot- 35 cent
Owner- Dr. Abdul Azeez
Designer- Asar Juman
AJ Designs
Mob- 9633945975