Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

8 മാസം, 4.5 സെന്റ്, 24 ലക്ഷം; അവിശ്വസനീയം ഈ വീട്!

24-lakh-home-piravom

എന്റെ പേര് ദിപു മാത്യു. പിറവമാണ് സ്വദേശം. ഏറെക്കാലത്തെ മോഹമായ വീട് പണിയുമ്പോൾ പ്രധാനമായും രണ്ട് ആവശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്- 25 ലക്ഷം രൂപയിൽ താഴെ ബജറ്റ് നിൽക്കണം. രണ്ട്- കണ്ടാൽ ഒരു 40 ലക്ഷത്തിന്റെയെങ്കിലും എടുപ്പും സൗകര്യങ്ങളും ഉണ്ടാകണം. ആവശ്യങ്ങൾ ഡിസൈനർ ദമ്പതികളായ വിനീത്, സിനി ദമ്പതികളെ അറിയിച്ചു. 

24-lakh-home-piravom-view

പ്രധാന വെല്ലുവിളി ആകെയുണ്ടായിരുന്നത്‌ നീളം കൂടുതലും വീതി കുറവുമുള്ള നാലര സെന്റ് പ്ലോട്ടാണ്. അതെല്ലാം മറികടന്നു കേവലം എട്ടുമാസം കൊണ്ട് ഞങ്ങൾ പ്രതീക്ഷിച്ചതിലും ഉപരിയായി ഒരു വീട് ഇരുവരും നിർമിച്ചുനൽകി. കൊളോണിയൽ, കന്റെംപ്രറി ശൈലികൾ സമന്വയിപ്പിച്ചാണ് എലിവേഷൻ. ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് വർക്ക് നൽകിയാണ് റൂഫിങ് ഒരുക്കിയത്. ഇതിലൂടെ രണ്ടു ഗുണങ്ങളുണ്ടായി. ഒന്ന്- ആ സ്ഥലം യൂട്ടിലിറ്റി ഏരിയയായി മാറ്റിയെടുക്കാൻ സാധിച്ചു. രണ്ട് നേരിട്ട് വെയിൽ അടിക്കാത്തതിനാൽ വീടിനുള്ളിൽ താരതമ്യേന ചൂടും കുറവാണ്.

24-lakh-home-living

1400 ചതുരശ്രയടിയുള്ള വീട്ടിൽ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

അനാവശ്യ ചുമരുകൾ ഇല്ലാതെ ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ഇത് വിശാലതയ്‌ക്കൊപ്പം ക്രോസ് വെന്റിലേഷനും സുഗമമാക്കുന്നു. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. ടിവി യൂണിറ്റ്, വാഷ് ഏരിയ എന്നിവയും ഇവിടെ ഒരുക്കി. വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിനുപയോഗിച്ചത്. 

24-lakh-home-hall

അത്യവശ്യ സൗകര്യങ്ങൾ മാത്രമാണ് കിടപ്പുമുറികളിൽ നൽകിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി. ഗ്രാനൈറ്റാണ് കിച്ചൻ കൗണ്ടറിൽ ഉപയോഗിച്ചത്. കിച്ചന്റെ സമീപം പഴയ വിറകടുപ്പും നൽകിയിട്ടുണ്ട്.

24-lakh-home-kitchen

സ്ട്രക്ച്ചറും ഫർണിഷിങ്ങും സഹിതം 24 ലക്ഷം രൂപയ്ക്ക് പണി പൂർത്തീകരിച്ചു. വീട്ടിലെത്തുന്ന അതിഥികൾ രണ്ടു കാര്യത്തിലാണ് അദ്ഭുതം കൊള്ളുന്നത്. ഒന്ന്- നാലര സെന്റിലാണ് വീട് എന്നത്...രണ്ട് നിർമാണച്ചെലവുകൾ കുതിക്കുന്ന ഇന്നത്തെക്കാലത്ത് താരതമ്യേന കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തു പണി പൂർത്തീകരിച്ചു എന്ന കാര്യത്തിലും. എന്തായാലും ഞങ്ങൾ ഹാപ്പിയാണ്...

ചെലവ് കുറച്ച ഘടകങ്ങൾ 

കോൺക്രീറ്റ് ബ്രിക്കുകൾ കൊണ്ടാണ് സ്ട്രക്ചർ കെട്ടിയത്. 

പ്രാദേശികമായി ലഭ്യമായ നിർമാണസാമഗ്രികൾ ഉപയോഗിച്ചു.

ഉറപ്പുള്ള പ്ലോട്ടിൽ അടിത്തറയ്ക്ക് അധികം ചെലവായില്ല.

എട്ടുമാസം കൊണ്ട് പണി പൂർത്തീകരിച്ചു.

വാഡ്രോബ്, കിച്ചൻ കബോർഡുകൾ എന്നിവ ഫെറോസിമന്റ് കൊണ്ടാണ് നിർമിച്ചത്.

ഫോൾസ് സീലിംഗ് നൽകാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.

പഴയ ഫർണിച്ചർ പോളിഷ് ചെയ്തു പുനരുപയോഗിച്ചു.

Project Facts

Location- Piravom, Ernakulam

Area- 1400 SFT

Plot- 4.5 cent

Owner- Dipu Mathew

Designer- Vineeth Joy, Sini Vineeth

Design Groove, Piravom

Mob- 9895758255