ഡിസൈനറായ ഹിദായത്ത് തന്റെ സ്വപ്നവീട് പണിത അനുഭവം പങ്കുവയ്ക്കുന്നു..
എന്റെ പേര് ഹിദായത്ത്. മലപ്പുറം എളമരത്തിനടുത്ത് എടവണ്ണപ്പാറ സ്വദേശിയാണ്. ഡിസൈനറാണ്. 30 വർഷം പഴക്കമുള്ള ടെറസ് വീട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് പുതിയ വീടിനെക്കുറിച്ച് ചിന്തിച്ചത്. പഴയ വീടിനെ പൂർണമായും പുതിയ കാലത്തിന്റെ കാഴ്ചയിലേക്കും സൗകര്യങ്ങളിലേക്കും മാറ്റിയെടുക്കാനായിരുന്നു പദ്ധതി. ഡിസൈനിംഗും പ്ലാനുമെല്ലാം ഞങ്ങൾ തന്നെയാണ് ചെയ്തത്.
രണ്ടു തട്ടുകളായി കിടക്കുന്ന പത്തു സെന്റ് പ്ലോട്ടാണ് എനിക്കുണ്ടായിരുന്നത്. രണ്ടാമത്തെ തട്ട് റോഡ് നിരപ്പിൽ നിന്നും 2.5 മീറ്റർ താഴെയാണ്. പ്ലോട്ടിന്റെ സ്വാഭാവിക പ്രകൃതി നിലനിർത്തിയാണ് പുതിയ വീട് നിർമിച്ചത്. ആദ്യം താഴത്തെ പ്ലോട്ടിൽ രണ്ടു കിടപ്പുമുറികൾ പണിതു. ഇത് പുറത്തുനിന്നും ദൃശ്യമാകില്ല. അവിടെ താമസിച്ചുകൊണ്ടാണ് റോഡിൽ നിന്നാൽ കാണാവുന്ന ബാക്കി നില പണിതത്. ചുരുക്കത്തിൽ പുറംകാഴ്ചയിൽ ഒരുനില വീട് എന്ന് തോന്നിക്കുമെങ്കിലും രണ്ടു നിലയാണ് വീട്.
സമകാലിക ശൈലിയിൽ ബോക്സ് ആകൃതിയിലാണ് പുറംകാഴ്ച. 1500 ചതുരശ്രയടിയുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവ ഒരുക്കിയിരിക്കുന്നു. പോർച്ചിന്റെ വശത്തായി ക്രീപ്പറുകൾ പടർന്നുകയറാനായി ജിഐ കൊണ്ട് ഗ്രിൽ നൽകിയിട്ടുണ്ട്. സിറ്റൗട്ടിൽ ചെറിയ ഗ്രിൽ പർഗോള നൽകിയിട്ടുണ്ട്. പുറത്തെ കാഴ്ചകൾ കണ്ടിരിക്കാൻ L സീറ്റർ ബെഞ്ചും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
അകത്തും ഇളംനിറങ്ങളാണ് കൂടുതലും. ഇടങ്ങൾ വേർതിരിക്കാനായി വെട്ടുകല്ലിന്റെ നിറമുള്ള കോപ്പർ പെയിന്റ് അടിച്ചത് മനോഹരമായിട്ടുണ്ട് എന്ന് വീട് സന്ദർശിച്ച ഒരുപാട് പേർ പറഞ്ഞു. മാറ്റ് ഫിനിഷുള്ള മാർബോനൈറ്റാണ് കൂടുതലും വിരിച്ചത്. കിടപ്പുമുറിയിലും അടുക്കളയിലും വുഡൻ ഫിനിഷുള്ള ടൈലുകൾ നൽകി.
സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ വിശാലത നൽകുന്നുണ്ട്. ഫോർമൽ ലിവിങ്- ഡൈനിങ്- ഫാമിലി ലിവിങ് എന്നിവ ഓപ്പൺ ശൈലിയിലാണ്. കോർട്യാർഡാണ് മറ്റൊരു ആകർഷണം. ഇവിടെ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഏതുകോണിൽ നിന്നാലും കോർട്യാർഡ് ദൃശ്യമാകുന്ന വിധമാണ് ക്രമീകരണം.
ഊണുമേശ ഞങ്ങൾ സവിശേഷമായി ഒരുക്കിയെടുത്തതാണ്. ബെഞ്ചാണ് ഇരുവശത്തും നൽകിയിട്ടുള്ളത്. അക്കേഷ്യ കൊണ്ടാണ് ഊണുമേശ നിർമിച്ചത്. ഊണുമേശയ്ക്ക് മുകളിൽ സീലിങ്ങിൽ യഥേഷ്ടം നീക്കാവുന്ന തൂക്കുവിളക്കുകൾ നൽകി. ഇത് മുറിയുടെ ആംബിയൻസ് വളരെയധികം വർധിപ്പിച്ചിട്ടുണ്ട്.
ഊണുമുറിയുടെ വശത്തായി ഫാമിലി ലിവിങ്ങിന്റെ സീലിംഗ് ശ്രദ്ധിച്ചോ? പ്ലൈവുഡ് കൊണ്ട് ചെറിയ സീലിംഗ് നൽകിയിട്ടുണ്ട്. എന്നാൽ ഇതിന്റെ മുകൾനില ഭാവിയിൽ ഗോവണി നിർമിക്കാൻ പാകത്തിൽ തുറസായി ക്രമീകരിച്ചിരിക്കുകയാണ്. പുറത്തുനിന്നുനോക്കിയാൽ ആർക്കും ഇത് മനസ്സിലാവുകയില്ല. ഇതുപോലെ ഒരുക്കിയിരിക്കുന്ന ചെപ്പടിവിദ്യകളാണ് ഞങ്ങളുടെ ഒരു ത്രിൽ.
കിടപ്പുമുറിയുടെ രണ്ടുവശത്തെ ഭിത്തിയിലും ഗ്രിൽ ജനാല നൽകി. ഇതുവഴി വെളിച്ചം നല്ലതുപോലെ അകത്തേക്കെത്തുന്നു. രണ്ടു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. കിടപ്പുമുറിയിലെ വാഡ്രോബിന്റെ വാതിൽ തുറന്നാൽ ബാത്റൂമിലേക്ക് പ്രവേശിക്കുന്ന വിധത്തിൽ കൺസീൽഡ് ശൈലിയിലാണ് ക്രമീകരണം.
പ്ലൈവുഡ് കൊണ്ടാണ് അടുക്കളയുടെ ഫർണിഷിങ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഓപ്പൺ ശൈലിയിൽ വർക്കേരിയയുമുണ്ട്.
ഏകദേശം പത്തുമാസം കൊണ്ട് വീടുപണി പൂർത്തിയായി. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 25 ലക്ഷം രൂപയാണ് ഞങ്ങൾക്ക് ചെലവായത്. മുടക്കിയ കാശിനു തക്ക സൗകര്യങ്ങളുള്ള ഇരുനില വീട് ലഭിച്ചതിൽ ഞങ്ങൾ അങ്ങേയറ്റം ഹാപ്പിയാണ്. ബാക്കി നിങ്ങൾ കണ്ടിട്ട് പറയൂ...
ചെലവ് ചുരുക്കിയ മേഖലകൾ
- പുറംചുവരുകളിൽ ഇളംനിറത്തിലുള്ള പുട്ടി മാത്രമാണ് അടിച്ചത്.
- തടിയുടെ ഉപയോഗം നിയന്ത്രിച്ചു.
- ഫോൾസ് സീലിംഗ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.
- അടുക്കളയിലെ കബോർഡുകളും കിടപ്പുമുറിയിലെ വാഡ്രോബുകളും അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
- ഇടത്തരം മാർബോനൈറ്റ് ടൈലുകളാണ് നിലത്തു വിരിച്ചത്.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Elamaram, Malappuram
Area- 1500 SFT
Plot- 10 cent
Owner & Designer- Hidayath Bin Ali
email-Hidayath.da@gmail.com
Mob- 9846045109