ജസ്റ്റിൻ ബീബർ താമസിക്കുന്നത് വാടകവീട്ടിൽ!

24,000 ചതുരശ്രയടിയുള്ള പഴയകാല കൊളോണിയൽ ബംഗ്ലാവിലൊന്നാണ് ബീബർ വാടകവീടായി തിരഞ്ഞെടുത്തത്.

വിവാദങ്ങളുടെ തോഴനാണ് പാട്ടുകാരൻ ജസ്റ്റിൻ ബീബർ. സംഗീതപരിപാടികളുമായി ലോകപര്യടനത്തിലാണ് ഇപ്പോൾ ബീബർ. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന താരത്തിന്റെ ഇന്ത്യയിലെ ആദ്യ പരിപാടി വിവാദമായിക്കഴിഞ്ഞിരിക്കുകയാണ്. 

ലൊസാഞ്ചലസിൽ സ്വന്തമായി ഒരു മണിമാളികയുണ്ടെങ്കിലും, യാത്രകൾക്കുശേഷം റിലാക്സ് ചെയ്യാൻ താരം ഇപ്പോൾ എത്തുന്നത് ലണ്ടനിലെ ഒരു വാടകവീട്ടിലേക്കാണ്. ലണ്ടനിലെ കണ്ണായ സ്ഥലത്തുള്ള പഴയകാല കൊളോണിയൽ ബംഗ്ലാവുകളിലൊന്നാണ് ഇത്. 24,000 ചതുരശ്രയടിയാണ് വിസ്തീർണം. 12 തരം വിശേഷപ്പെട്ട ഇറ്റാലിയൻ മാർബിളുകൾ കൊണ്ടാണ് ബംഗ്ലാവിന്റെ നിലവും ചുവരുകളും അലങ്കരിച്ചിരിക്കുന്നത്.

സംഗീതപരിപാടികൾ കൂടുതലും ലണ്ടനിലായതാണ് വാടകവീട് എടുക്കാൻ ബീബറിനെ പ്രേരിപ്പിച്ചതത്രെ. ബീബറിന് സംഗീത പരിശീലനത്തിന് വിശാലമായ ഹാളും ഇൻഡോർ സ്വിമ്മിങ് പൂൾ, സിനിമ തിയറ്റർ, സ്പാ തുടങ്ങി ആഡംബരസൗകര്യങ്ങളുമെല്ലാം ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നു. 

1910 ൽ നിർമിച്ച ഈ ബംഗ്ലാവ് പിന്നീട് ലണ്ടനിലെ റിയൽ എസ്റ്റേറ്റ് വ്യാപാരികൾ വാങ്ങി പുതുക്കിപ്പണിതെടുക്കുകയായിരുന്നു. വിശാലമായ ഉദ്യാനവും പുറത്തുണ്ട്. 10,8000 പൗണ്ടാണ് ഒരു മാസത്തെ വാടക. അതായത് ഏകദേശം 90 ലക്ഷം രൂപ!