അംബരചുംബികളുടെ പറുദീസയാണ് ദുബായ്. ബുർജ് ഖലീഫയും, ബുർജ് അൽ അറബും പോലെ രാജ്യത്തിന്റെ അടയാളവും സ്വകാര്യ അഹങ്കാരമായും തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ നിരവധി. മാറുന്ന സാങ്കേതികവിദ്യകൾക്കനുസരിച്ച് എങ്ങനെ വ്യത്യസ്തമായി കെട്ടിടങ്ങൾ നിർമിക്കാം എന്ന് ഇവിടുത്തെ നിർമാതാക്കൾക്കിടയിൽ കിടമത്സരം തന്നെയുണ്ട്. ഇതാണ് ദുബായിലെ നിർമാണമേഖലയെ സജീവമാക്കി നിലനിർത്തുന്ന ഒരു ഘടകവും.
ദുബായ് കണ്ട ഏറ്റവും വിചിത്രമായ ഒരു കെട്ടിടത്തിന്റെ നിർമാണത്തിന് 2021 ൽ തുടക്കമാകും. സിഗുറാത് പിരമിഡ് എന്നാണ് കെട്ടിടത്തിന്റെ പേര്. പുരാതന മെസൊപൊട്ടോമിയയിൽ പല തട്ടുകളായി നിർമിച്ചിരുന്ന സിഗുറാത് പിരമിഡുകളിൽ നിന്നാണ് കെട്ടിടത്തിന്റെ പ്രചോദനവും പേരും ലഭിച്ചത്.
300 നിലകളിലായി 10 ലക്ഷം ആളുകളെ ഉൾകൊള്ളുന്ന നിർമിതിയാകും ഇത്. 2.3 സ്ക്വയർ കിലോമീറ്റർ വിസ്തീർണമുണ്ടാകും കെട്ടിടത്തിന്.
പ്രകൃതി സൗഹൃദവും, സ്വയം പര്യാപ്തവുമായാണ് കെട്ടിടത്തിന്റെ ഡിസൈൻ. കെട്ടിടത്തിനാവശ്യമുള്ള ഊർജം അതിൽത്തന്നെ ഉൽപാദിപ്പിക്കും. കാർബൺ ബഹിർഗമനം കുറവുള്ള നിർമിതിയാകുമിത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട കോംപ്ലക്സുകളായി പടർന്നു കിടക്കുന്ന ശൈലിയിൽ നിർമിക്കുന്നതുകൊണ്ട് ആകെ വിസ്തൃതിയുടെ 10 % ഭൂമി മാത്രമാണ് കെട്ടിടത്തിന്റെ അടിത്തറയ്ക്കായി വേണ്ടി വരിക. ബാക്കി ഭൂമി കാർഷിക വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കും. ലംബമായും തിരശ്ചീനമായും സഞ്ചരിക്കുന്ന 360° ഇന്റഗ്രേറ്റഡ് ഗതാഗതസംവിധാനമായിരിക്കും ഇവിടെ ഒരുക്കുക.
Read more- Dubai Architecture Wonders