Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിലെ ഏറ്റവും പ്രശസ്തനായ കുട്ടിസെലിബ്രിറ്റിയുടെ വീട്!

rashid-belhasa മെസ്സി മുതൽ നമ്മുടെ ഷാരൂഖ് ഖാനും സൽമാൻ ഖാനും വരെ നീളുന്ന സെലിബ്രിറ്റി സുഹൃത്തുക്കളുടെ നീണ്ട നിര, സിംഹവും, കടുവയും സ്വതന്ത്രമായി നടക്കുന്ന വിശാലമായ ഫാം ഹൗസിനു ഉടമ...വിശേഷണങ്ങൾ നിരവധിയാണ് റാഷിദിന്... ചിത്രങ്ങൾക്ക് കടപ്പാട്- ഇൻസ്റ്റഗ്രാം

റാഷിദ് ബെൽഹാസ എന്ന പേര് കേരളത്തിൽ അത്ര പ്രശസ്തമല്ല. പക്ഷേ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ഈ പേര് പരിചിതമായിരിക്കും. ദുബായിലെ ഏറ്റവും സമ്പന്നനായ കുട്ടി, ലോകത്തിൽ ഏറ്റവും വലിയ സ്നീക്കർ ശേഖരമുള്ള കുട്ടി, സാക്ഷാൽ ജാക്കി ചാൻ, ടോം ക്രൂസ്, മെസ്സി മുതൽ നമ്മുടെ ഷാരൂഖ് ഖാനും സൽമാൻ ഖാനും വരെ നീളുന്ന സെലിബ്രിറ്റി സുഹൃത്തുക്കളുടെ നീണ്ട നിര, സിംഹവും, കടുവയും സ്വതന്ത്രമായി നടക്കുന്ന വിശാലമായ ഫാം ഹൗസിനു ഉടമ....

rashid-with-celebrities

പണ്ട് മലയാളസിനിമയിൽ ജോസ് പ്രകാശ് അവതരിപ്പിച്ചിരുന്ന വില്ലൻ കഥാപാത്രങ്ങൾ മുതലക്കുഞ്ഞുങ്ങളെ വളർത്തുകയും പേരിട്ട് വിളിക്കുകയും ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ റാഷിദ് ജീവിതത്തിൽ ഓമനിക്കുന്നതും കളിക്കാൻ ഒപ്പം കൂട്ടുന്നതും സിംഹത്തെയും കടുവയെയുമാണ്. ദുബായിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫാം ഹൗസും മൃഗശാലയും റാഷിദിന് സ്വന്തം. വീടിനോട് അനുബന്ധിച്ചുള്ള  ഫാം ഹൗസിലാണ് മൃഗശാലയുള്ളത്. 

rashid-house-pets

ദുബായിലെ കോടീശ്വരനായ റിയൽ എസ്റ്റേറ്റ്, നിർമാണവ്യവസായി സൈഫ് അഹ്‌മദ്‌ ബെൽഹാസയുടെ മകനാണ് പതിനഞ്ചുകാരനായ റാഷിദ്. 2 ബില്യൻ ഡോളറാണ് റാഷിദിന്റെ കുടുംബത്തിന്റെ ഏകദേശ ആസ്തി. യൂട്യൂബിൽ മണി കിക്ക്സ് എന്ന വ്ലോഗ് തുടങ്ങിയതോടെയാണ് റാഷിദ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. 

യുഎഇയിലെ റാഷിദിന്റെ വീട്ടില്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരെ കാവല്‍ നിര്‍ത്തിയിട്ടുണ്ട്. പ്രധാന കവാടം മുതൽ വൃത്തിയായി ഇന്റർലോക്ക് ചെയ്ത നെടുനീളൻ റോഡ് കാണാം. ഇതിലൂടെ ബഗ്ഗിയിൽ യാത്ര ചെയ്തു വേണം ഫാം ഹൗസിലേക്കെത്താൻ. യാത്രയിൽ ഉടനീളം ജിഐ പില്ലറുകൾ കൊണ്ടൊരുക്കിയ മേൽക്കൂരയിൽ പടർന്നു കയറിയ വള്ളിച്ചെടികൾ തണൽ ഒരുക്കുന്നു. 

rashid-in-farm-house

ഫാം ഹൗസിനു മുന്നിലെത്തിയാൽ ഒരു തുരങ്കം കാണാം. ഈ തുരങ്കം എപ്പോഴും തണുപ്പിച്ചിരിക്കും. വീടിന്റെ നടുമുറ്റത്ത് ചുറ്റും ഗ്ലാസ് റൂഫുകൾ കാണാം. ഇതിലൂടെ അകത്തേക്ക് കണ്ണോടിക്കുമ്പോൾ രണ്ടു സിംഹങ്ങൾ ആലസ്യത്തോടെ വിശ്രമിക്കുന്നു. വീടിന്റെ ഒത്ത നടുക്കുള്ള സ്‌പേസിലാണ് മൃഗശാല. വീട്ടിലെ ഓരോ ഇടങ്ങളിൽ നിന്നും ഓരോ മൃഗങ്ങളുടെ കാഴ്ച കാണാം. 

rashid-house-living

അറേബ്യൻ മജ്‌ലിസ് ശൈലിയിൽ ഒരുക്കിയ സ്വീകരണമുറി. നിലത്ത് വിരിച്ചിരിക്കുന്ന മുന്തിയ മാർബിളിൽ പലയിടത്തും ചിത്രപ്പണികൾ കാണാം. മുന്തിയ അറേബ്യൻ ഷാൻലിയറുകൾ സീലിങ്ങിൽ വർണ്ണവിസ്മയം തീർക്കുന്നുണ്ട്. ഇതിനു സമീപമായി അസംഖ്യം താരങ്ങൾക്ക് ആതിഥേയത്വം ഒരുക്കിയ വിശാലമായ ഊണുമുറി. 

rashid-jackie-chan

വൃത്താകൃതിയിൽ ഒരുക്കിയ ഊണുമേശയും സീലിങ്ങിലെ സ്ലോപ് റൂഫ് ഡിസൈനും കണ്ണിൽ ഉടക്കുന്നവയാണ്. എന്നാൽ കിടപ്പുമുറികളിലും അടുക്കളയിലും ഒറ്റനോട്ടത്തിൽ അത്ര ആഡംബരം ദൃശ്യമാകില്ല. 

സ്നീക്കറുകൾ സൂക്ഷിച്ച മുറി ഒരു മ്യൂസിയം പോലെയാണ്. ഏതോ വിശുദ്ധ വസ്തു പ്രദർശിപ്പിച്ചിരിക്കുന്ന പോലെ സ്നീക്കറുകൾ ചില്ലുകൂട്ടിലിരുന്നു പുഞ്ചിരിക്കുന്നു. ഓരോ ഇടത്തിനും കൺസീൽഡ് എൽഇഡി ലൈറ്റുകൾ നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. 

rashid-sneekar

മഴ പെയ്യും പോലെയുള്ള ജലധാരയും കൃതിമ വെള്ളച്ചാട്ടവും സജ്ജീകരിച്ച പൂൾ ആണ് ഫാം ഹൗസിലെ മറ്റൊരു ആകർഷണം. ഇതിനോട് ചേർന്ന് ഉല്ലസിക്കാനായി ജക്കൂസിയും നിർമിച്ചിട്ടുണ്ട്.

rashid-pool

വിശാലമായ കാർപോർച്ചിൽ ലംബോർഗ്നിയും, ബെന്റ്ലിയും, മസെരാട്ടിയും അടങ്ങുന്ന മുന്തിയ ആഡംബര കാറുകൾ അനുസരണയോടെ നിരന്നുകിടക്കുന്നു. റാഷിദിനായി പ്രത്യേക സൂപ്പർമാർക്കറ്റ് തന്നെ ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്. ചുരുക്കത്തിൽ ആർക്കും അസൂയ തോന്നുന്ന വ്യത്യസ്തമായ കാഴ്ചകളാണ് ദുബായിലെ റാഷിദിന്റെ ഫാം ഹൗസിൽ ഒരുക്കിയിരിക്കുന്നത്. ഇത്രയും ധനികൻ ആണെങ്കിലും പെരുമാറ്റത്തിൽ പുലർത്തുന്ന ലാളിത്യം കൂടിയാണ് റാഷിദിനെ സെലിബ്രിറ്റി പദവിയിലേക്ക് ഉയർത്തിയത്.

Read more on Celebrity Home