പ്രശസ്ത അമേരിക്കൻ ഗായിക കാറ്റി പെറി ഹോളിവുഡ് ഹിൽസിലെ തന്റെ ആഡംബരവസതി വിൽക്കാനൊരുങ്ങുകയാണ്. നാലു കിടപ്പുമുറികളുള്ള വീട് 7.1 ദശലക്ഷം യൂറോയ്ക്കാണ് വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഏകദേശം 60 കോടി രൂപ!
1954 ൽ മെഡിറ്ററേനിയൻ ശൈലിയിലാണ് ബംഗ്ലാവ് നിർമിച്ചത്. രണ്ടേക്കറിൽ നാലു ഭാഗങ്ങളായി പരന്നു കിടക്കുകയാണ് വീട്. പ്രധാന വീട്, വിശാലമായ ഗരാജ് സൗകര്യത്തോടെയുള്ള രണ്ടുനില അതിഥിമന്ദിരം, ഉല്ലാസത്തിനായി മ്യൂസിക് റൂം, ഹോം തിയറ്റർ ഉൾപ്പെടുന്ന പ്രത്യേക ഏരിയ, ജിം, സ്വിമ്മിങ് പൂൾ എന്നിവ ഉൾപ്പെടുന്ന ഫിറ്റ്നസ് ഏരിയ എന്നിവയാണ് ആഡംബരവസതിയിലെ ഭാഗങ്ങൾ. അതിവിശാലമായ ഉദ്യാനവും പാർട്ടി സ്‌പേസും ആംഫിതിയറ്ററുമെല്ലാം ലാൻഡ്സ്കേപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
വിശാലമായ ഫ്രഞ്ച് ജനാലകളാണ് വീടിന്റെ മറ്റൊരു സവിശേഷത. തീ കായാനായി ഒരു നെരിപ്പോടും ലിവിങ്ങിൽ ഒരുക്കിയിട്ടുണ്ട്. മുന്തിയ മാർബിളുകളാണ് തറ അലങ്കരിക്കുന്നത്. ഭിത്തികളിലും ചുവരുകളും മനോഹരമായ ചിത്രപ്പണികളും ക്യൂരിയോകളുമൊക്കെ കാണാം.
വിശാലമായ മാസ്റ്റർ ബെഡ്‌റൂം. വെള്ള നിറമാണ് ഇവിടെ ചുവരുകളിൽ നൽകിയിരിക്കുന്നത്. ഒരു സിറ്റിങ് സ്‌പേസും ഇവിടെ ക്രമീകരിച്ചു. മറ്റൊരു കിടപ്പുമുറിയുടെ ഒത്തനടുക്കായി ബാത്ടബ് ക്രമീകരിച്ചു. ഇതിനു മുകളിലായി ആകാശത്തേക്ക് തുറക്കുന്ന സ്‌കൈലൈറ്റ് കാണാം. ഭിത്തികളിലും ചുവരുകളും ധാരാളം ചിത്രപ്പണികളും ഇവിടെ കാണാം.
ക്രീം കളറാണ് അടുക്കളയിൽ നിറയുന്നത്. ധാരാളം സ്‌റ്റോറേജ് സ്‌പേസ് ഒരുക്കിയതിനൊപ്പം ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്.
ഇത്രയും മനോഹരമായ വസതി കാറ്റി വിൽക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഏതായാലും കാറ്റിയുടെ സെലിബ്രിറ്റി പ്രഭാവം മൂലം നിരവധി കോടീശ്വരന്മാർ വീട്ടിൽ കണ്ണുവച്ചുതുടങ്ങി എന്നാണ് സംസാരം..