മാജിക് ബൾബ് വിപണിയിൽ

കറന്റ് പോയാൽ ഉടൻ തനിയെ തെളിയുന്ന എമർജൻസി ബൾബ് വിപണിയിലെത്തി.

ഇൻവർട്ടർ ഇല്ലാത്തവരും ഇനി പേടിക്കേണ്ട. കറന്റ് പോയാലും ബൾബ് കത്തിത്തന്നെ നിൽക്കും. ഒന്നും രണ്ടുമല്ല മൂന്ന് മണിക്കൂർ വരെ, കറന്റ് പോയാലുടൻ തനിയെ പ്രകാശിക്കുന്ന എൽഇഡി എമർജൻസി ബൾബ് ആണ് വിപണിയിലെ താരം.

സാധാരണ ബൾബിന്റേത് പോലെതന്നെയാണ് എമർജൻസി ബൾബിന്റെ രൂപവും പ്രവർത്തനവും. ഹോൾഡറിൽ ഉറപ്പിച്ച ശേഷം സ്വിച്ച് ഇട്ടാൽ ബൾബ് തെളിയും. ഏഴ് വാട്ട് എൽഇഡി ആയതിനാൽ 60 വാട്ട് ഇൻകാനഡസന്റ് ബൾബിനെക്കാൾ വെളിച്ചവും ലഭിക്കും. കത്തിക്കൊണ്ടിരിക്കുമ്പോൾ കറന്റ് പോയാലും ബൾബ് തെളിഞ്ഞു തന്നെ നിൽക്കുമെന്നതാണ് പ്രത്യേകത. മാത്രമല്ല, കറന്റ് ഇല്ലാത്തപ്പോൾ സ്വിച്ച് ഓൺ ചെയ്താലും ബൾബ് തെളിയും.



ബൾബിനുള്ളിലുള്ള വളരെ ചെറിയ ലിഥിയം ബാറ്ററിയിൽ വൈദ്യുതി സംഭരിച്ച് വയ്ക്കുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. കറന്റ് ഉള്ളപ്പോൾ മെയിൻ ലൈനിൽ നിന്ന് വൈദ്യുതി സ്വീകരിച്ച് ബൾബ് പ്രകാശിക്കും. ഒപ്പം സ്വയം ചാർജ് ചെയ്യുകയും ചെയ്യും.

കറന്റ് പോയാൽ ഉടൻ തന്നെ ബൾബിലെ സെൻസർ പ്രവർത്തിക്കുകയും ഫിലമെന്റിനുള്ളിലെ ഡയോഡിലുള്ള ഓട്ടോമാറ്റിക്ക് ഡൈവർട്ടറിന്റെ സഹായത്തോടെ ബാറ്ററിയിൽ സംഭരിച്ചിരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ബൾബ് തെളിയുകയും ചെയ്യും. ഇൻവർട്ടർ ഇല്ലാത്ത വീടുകളിലാണ് എമർജൻസി ബൾബ് കൂടുതലായും പ്രയോജനപ്പെടുക.

വാഹങ്ങളുടെ ലൈറ്റ് നിർമാണരംഗത്ത് 40 വർഷത്തെ അനുഭവസമ്പത്തുള്ള ഫിയം എന്ന ഇന്ത്യൻ കമ്പനിയാണ് 'എൽഇഡി' എമർജൻസി ബൾബ് വിപണിയിലെത്തിച്ചിരിക്കുന്നത്. 450 രൂപയാണ് ഈ ബൾബിന്റെ വില. ഒരുവർഷം വാറന്റിയും നൽകുന്നുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്: രാജു വർഗീസ്
ജോയ്‌സ് സപ്ലയേഴ്സ്, കോന്നി, പത്തനംതിട്ട