കഴിഞ്ഞ കുറച്ചു വർഷത്തിനിടെ കേരളത്തിൽ ഏറ്റവുമധികം വളർച്ച കൈവരിച്ച വിപണികളിലൊന്ന് റൂഫിങ്ങാണ്. ചരിച്ച് അല്ലെങ്കിൽ നിരപ്പായി മേൽക്കൂര വാർത്തിരുന്ന ഒരു കാലം വീട് നിർമാണത്തിലുണ്ടായിരുന്നു. ഇന്ന് നല്ലൊരു ശതമാനം പുതിയ വീടുകളിലും വാർത്ത മേൽക്കൂരയ്ക്ക് മേൽ കിരീടം പോലെ ട്രസ് റൂഫ് കാണാം. ചോർച്ച ഒഴിവാക്കാനായി പഴയ വീടുകളും ഇപ്പോൾ ട്രസ് റൂഫ് അണിയുന്ന തിരക്കിലാണ്. കാരണം മേൽക്കൂര എന്നാൽ വീടിന്റെ തലയാണ്. തലയ്ക്ക് ക്ഷതമേറ്റാൽ പിന്നെ ഉടലിന്റെ കാര്യം പറയേണ്ടല്ലോ!
ഗുണഗണങ്ങൾ നിരവധി
നിലവിലുള്ള മേൽക്കൂരയ്ക്ക് മുകളിൽ കഴുക്കോൽ പാകി ഓടോ ഷീറ്റോ ഇടുന്നതിനെയാണ് ട്രസ് വർക്ക് എന്ന് പറയുന്നത്. ചോർച്ച ഒഴിവാക്കാം, വീട്ടിലെ ചൂട് കുറയ്ക്കാം എന്നിവയാണ് ട്രസ് റൂഫിങ് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ. കോൺക്രീറ്റിലെ വിള്ളൽ കാൻസർ പോലെയാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ഒരിക്കൽ പ്രത്യക്ഷപ്പെട്ടാൽ വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. അത്തരം അവസരങ്ങളിൽ റിസ്ക് ഒഴിവാക്കാൻ ട്രസ് റൂഫിങ് തന്നെ നല്ലത്. വാർക്കയ്ക്കും ട്രസ് റൂഫിനുമിടയിലുള്ള സ്പേസ് ചൂട് ഗണ്യമായി കുറയ്ക്കാനും സഹായിക്കും. മേൽക്കൂര വാർക്കാതെ ട്രസ് റൂഫ് മാത്രം നൽകുന്നത് വലിയൊരളവിൽ ചെലവ് കുറയ്ക്കും.
ട്രസ് റൂഫിട്ട സ്ഥലം മറ്റനേകം ആവശ്യങ്ങൾക്കുള്ള യൂട്ടിലിറ്റി ഏരിയ ആക്കി മാറ്റാം. പാർട്ടി സ്പേസ്, ജിംനേഷ്യം, ഓഫിസ് സ്പേസ് എന്നിവ ചില ആശയങ്ങൾ മാത്രം. കുട്ടികൾക്കുള്ള പ്ലേ ഏരിയയും ഇവിടെ ഒരുക്കാം. പഴയ സാധനങ്ങളും മറ്റും സൂക്ഷിക്കാനുള്ള സ്റ്റോറേജ് സ്പേസ് ആയും ട്രസ് ഏരിയ ഉപയോഗിക്കാം.
തിരഞ്ഞെടുക്കാം ഇഷ്ടം പോലെ
പഴയ ഓടിട്ട വീടുകൾ ഒരർഥത്തിൽ ട്രസ് റൂഫ് തന്നെയാണ്. കളിമൺ ഓടിനു പുറമേ അനവധി സാമഗ്രികളാണ് ഇന്ന് റൂഫിങ് വിപണിയെ സമ്പന്നമാക്കുന്നത്.
കോൺക്രീറ്റ് റൂഫ് ടൈൽ: കളിമണ്ണ്, സ്ലറി, കോൺക്രീറ്റ് പിഗ്മെന്റ് എന്നിവ യോജിപ്പിച്ചാണ് കോൺക്രീറ്റ് ടൈൽ നിർമിക്കുന്നത്. പല നിറങ്ങളിൽ ലഭിക്കുന്ന ഇവയ്ക്ക് ഏകദേശം നാല് കിലോയോളം ഭാരമുണ്ട്. വെള്ളം വലിച്ചെടുക്കുന്നത് കുറവാണെന്നതാണ് പ്രധാന ഗുണം. ഓടൊന്നിന് 44 രൂപ മുതൽ ലഭ്യമാണ്.
ഇംപോർട്ടഡ് ക്ലേ ടൈൽ: വിവിധ ഡിസൈനുകൾക്കനുസരിച്ച് (പ്രൊഫൈൽ) വില വ്യത്യാസപ്പെടും. ടാക്സ് ഒഴിച്ച് 90 രൂപ മുതലാണ് വില തുടങ്ങുന്നത്. 40 വർഷം വരെ നിറം മങ്ങില്ല, പായൽ പിടിക്കില്ല എന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ഗ്ലോസി, മാറ്റ് ഫിനിഷുകളിൽ ലഭ്യമാണ്. എത്ര ഡിഗ്രി വരെയും ചരിവ് കൊടുക്കാൻ സാധിക്കുന്ന ഇവ ചൂടിനെ പ്രതിരോധിക്കുന്നതിലും മുൻപന്തിയിലാണ്.
ഷിംഗിൾസ്: വിദേശരാജ്യങ്ങളിൽ പ്രചാരം നേടിയ ഷിംഗിൾസിന് കേരളത്തിലും നല്ല വിപണിയുണ്ട്. ഗ്ലാസ് ഫൈബർ, ബിറ്റുമെൻ, സെറാമിക് പൗഡർ എന്നിവ കൊണ്ടാണ് ഷിംഗിൾസ് നിർമിക്കുന്നത്. പായലും പൂപ്പലും പിടിക്കില്ല എന്നതാണ് പ്രധാന ഗുണം. പല നിറങ്ങളിലും കനത്തിലും ലഭ്യമാണ്. 2.5 എംഎം മുതൽ എട്ട് എംഎം വരെ കനത്തിലുള്ളവയാണ് വിപണിയിലുള്ളത്. നാല് എംഎം കനത്തിലുള്ള ഷിംഗിൾസിന് പണിക്കൂലിയടക്കം ചതുരശ്രയടിക്ക് 110 രൂപയാകും.
മെറ്റൽ ഷീറ്റ്: ഏറ്റവും കൂടുതൽ വൈവിധ്യങ്ങൾ കാണാനാവുക മെറ്റൽ റൂഫിങ്ങിലാണ്. സിങ്ക്, അലുമിനിയം, ജിഐ, സ്റ്റീൽ തുടങ്ങി പല തരത്തിലുള്ള ഷീറ്റുകൾക്ക് ആവശ്യക്കാരേറെയാണ്. ജിഐ ഷീറ്റിന് മേൽ അലുമിനിയം കോട്ടിങ് ഉള്ള ഗാൽവാല്യും ഷീറ്റുകളും വിപണിയിൽ ചലനമുണ്ടാക്കുന്നുണ്ട്. 0.40 എംഎം, 0.46 എംഎം, 0.56 എംഎം എന്നീ കനത്തിലാണ് അലുമിനിയം ഷീറ്റുകൾ മേൽക്കൂരയ്ക്കായി പുറത്തിറക്കുന്നത്. ചതുരശ്രയടിക്ക് 31 രൂപ മുതലാണ് വില. കിലോയ്ക്കാണെങ്കിൽ 300 രൂപ മുതലാണ് വില തുടങ്ങുക. എളുപ്പം ചൂടാകുന്ന അലുമിനിയം അതുപോലെതന്നെ തണുക്കുകയും ചെയ്യും. പിന്നീട് ഷീറ്റ് വിറ്റാലും മോശമല്ലാത്ത വില ലഭിക്കും. മഴ പെയ്യുമ്പോൾ ശബ്ദമുണ്ടാകുമെന്നതാണ് പോരായ്മ.
പോളികാർബണേറ്റ് ഷീറ്റ്: കോർട്‌യാർഡ്, പർഗോള തുടങ്ങിയ സ്ഥലങ്ങളിലാണ് പോളികാർബണേറ്റ് ഷീറ്റ് കൂടുതലും ഉപയോഗിക്കുന്നത്. നാല് എംഎം മുതൽ 12 എംഎം വരെ അളവിൽ ലഭിക്കുന്ന ഷീറ്റ് ഉപയോഗിച്ച് ട്രസ് വർക്ക് ചെയ്യാൻ ചതുരശ്രയടിക്ക് 250 രൂപയാകും. ഗുണമേന്മയേറിയ കോംപാക്ട് പോളികാർബണേറ്റ് ഷീറ്റിന് ചതുരശ്രയടിക്ക് 300 രൂപയാകും. പ്രത്യേക തെർമൽ കോട്ടിങ്ങോടു കൂടിയ ഷീറ്റുകൾ ചൂടിനെ പ്രതിരോധിക്കും.
വിവരങ്ങൾക്ക് കടപ്പാട്:
റൂഫ്കോ ബിൽഡേഴ്സ്, എറണാകുളം