ഒരുക്കാം വീട്ടിലൊരു ജിം (തുണി ഉണക്കാനല്ല)

വീട്ടിൽ ഉള്ള സ്ഥലത്ത് പോക്കറ്റിനിണങ്ങും ബജറ്റിൽ ജിം ഒരുക്കം. കുടുംബാംഗങ്ങളുടെയെല്ലാം ആരോഗ്യം മെച്ചപ്പെടുത്താൻ ഹോം ജിം ഉപകരിക്കും.

വീട്ടിലൊരു ജിം ഉണ്ടെങ്കിൽ പ്രയോജനങ്ങൾ പലതാണ്. തിരക്ക് കാരണം ജിമ്മിൽ പോകാൻ സമയം കിട്ടുന്നില്ല എന്ന വിഷമത്തിന് പരിഹാരമാകും. മാത്രമല്ല, പുറത്തുപോയി വ്യായാമം ചെയ്യാൻ പ്രയാസമുള്ള മുതിർന്നവർക്കും കുട്ടികൾക്കുമെല്ലാം ഇത് പ്രയോജനപ്പെടുത്താം. വീട്ടിലൊരു ജിം ഒരുക്കിയാല്‍ മൊത്തം കുടുംബാംഗങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്താം എന്നർഥം.

ജിം എവിടെ ഒരുക്കാം

വീട്ടിലെ സൗകര്യങ്ങൾ, വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപകരണങ്ങൾ എന്നിവയനുസരിച്ച് വേണം സ്ഥലം നിശ്ചയിക്കാൻ. സ്ഥലവും സൗകര്യവും ഉള്ളവർക്ക് ഒരു മുറി ജിമ്മിനായി മാറ്റിവയ്ക്കാം. അതല്ലെങ്കിൽ ടെറസിന്റെ ഒരു ഭാഗം, ബാൽക്കണി, മുകൾനിലയിലെ ലിവിങ് സ്പേസ് എന്നിവിടങ്ങളിൽ ജിം ഒരുക്കാം. മറ്റൊരുവഴിയുമില്ലെങ്കിൽ മാത്രം കിടപ്പുമുറിയുടെയോ സ്റ്റഡി റൂമിന്റെയോ ഒരു ഭാഗത്ത് ജിം ക്രമീകരിക്കാം.

എവിടെയായാലും നല്ലതുപോലെ ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തുവേണം ജിം ഒരുക്കാൻ എന്നതാണ് പരമപ്രധാനം. അടച്ചിട്ട എസി മുറിയേക്കാൾ നല്ലതുപോലെ കാറ്റും വെളിച്ചവും കയറുന്ന രീതിയിൽ വെന്റിലേഷനുള്ള മുറിയാണ് ജിമ്മിന് അനുയോജ്യം. പുതിയതായി മുറി നിർമിക്കുകയാണെങ്കിൽ ഫ്ലോറിങ്, വയറിങ് എന്നിവയൊക്കെ ജിമ്മിന് അനുയോജ്യമായ രീതിയിൽ തന്നെ ചെയ്യാം. അധികം കടുപ്പമില്ലാത്ത ‘കുഷനിങ് ഇഫക്ട്’ ഉള്ള രീതിയിലുള്ള തറയാണ് ജിമ്മിന് അനുയോജ്യം. തടി, ലാമിനേറ്റഡ് വുഡ്, പിവിസി പ്ലാങ്ക് എന്നിവയൊക്കെ ഇത്തരത്തിലുള്ളതാണ്. വ്യായാമത്തിനുപയോഗിക്കുന്ന ഇരുമ്പ് ഡംബെല്ലും മറ്റും വീണ് തറയ്ക്ക് കേടുപറ്റാൻ ഇടയുണ്ടെന്നതിനാൽ തറയിൽ വിനൈൽ ഷീറ്റ് ഒട്ടിക്കാം. പിന്നീട് വേണമെങ്കിൽ ഇത് ഇളക്കി മാറ്റാം. തറയിൽ വിരിക്കാൻ മൃദുവായ ഷീറ്റുകളും ഇപ്പോൾ ലഭ്യമാണ്. യോഗ മാറ്റ്, ജിം മാറ്റ് എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. 300 രൂപ മുതലാണ് വില.

എത്ര രൂപ ചെലവാകും?

20,000 രൂപ മുതൽ 20 ലക്ഷം രൂപയ്ക്ക് വരെ ജിം ഒരുക്കുന്നവരുണ്ട്. ആദ്യത്തെ ആവേശത്തിന് എല്ലാ ഉപകരണങ്ങളും കൂടി വാങ്ങുന്നതിന് പകരം അടിസ്ഥാന സൗകര്യങ്ങളിൽ തുടങ്ങി പടിപടിയായി ജിം വിപുലീകരിക്കുന്നതാണു ബുദ്ധി.

വിലകൂടിയ മോഡലുകളുടെ മാതൃകയിലുള്ള ഉപകരണങ്ങൾ സ്വയം നിർമിച്ചെടുക്കുന്നത് ചെലവ് നിയന്ത്രിക്കാനുള്ള മാർഗമാണ്.

ഉപകരണങ്ങൾ എന്തെല്ലാം വേണം

ചിലർക്ക് വേണ്ടതു മസിൽ ഉറപ്പായിരിക്കും. വണ്ണവും വയറും കുറയ്ക്കുകയായിരിക്കും മറ്റു ചിലരുടെ ആവശ്യം. ഏതൊക്കെ പ്രായത്തിലുള്ളവരാണ് ജിം ഉപയോഗിക്കുന്നത്, ഓരോരുത്തരുടെയും ആവശ്യങ്ങൾ എന്തെല്ലാമാണ് എന്നീ കാര്യങ്ങൾ പരിശോധിച്ചു വേണം ഉപകരണങ്ങൾ തിരഞ്ഞെടുക്കാൻ. ഇതിന് ഒരു ഫിറ്റ്നസ് ട്രെയിനറുടെ സഹായം തേടാവുന്നതാണ്. അപ്പോഴേ ജിം, വീട്ടിലെ എല്ലാവർക്കും പ്രയോജനപ്പെടൂ.

നടപ്പ് പോലെയുള്ള വ്യായാമത്തിനുതകുന്ന ട്രെഡ്മിൽ (35,000 രൂപ മുതൽ), സൈക്കിൾ ചവിട്ടുന്നതു പോലെയുള്ള വ്യായാമം ചെയ്യാനാകുന്ന എലിപ്റ്റിക്കൽ സൈക്കിൾ (15,000 രൂപ മുതൽ), ബഹുവിധ വ്യായാമം സാധ്യമാക്കുന്ന ‘സിംഗിൾ സ്റ്റേഷൻ ഹോം ജിം അഥവാ മൾട്ടി സെറ്റ്’ (25,000 രൂപ മുതൽ) എന്നിവയാണ് വീട്ടിലെ ജിമ്മിലേക്കു കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. ഇതിനൊപ്പം ഭാരം ഉയർത്തിയുള്ള വ്യായാമത്തിനായി ഡംബെൽ, ബാർബെൽ, ബാർബെൽ പ്ലേറ്റ് എന്നിവ കൂടിയായാൽ നല്ലൊരു ജിം തയാറാക്കാനാകും.

ഡംബെല്ലും മറ്റും സൂക്ഷിക്കാനുള്ള സ്റ്റാൻഡുകൾ, കിടന്നും മറ്റും വ്യായാമം ചെയ്യാനുള്ള ബെഞ്ചുകൾ, ജിം ബോൾ എന്നിവയും ഉൾപ്പെടുത്താവുന്നതാണ്.

ശരീരഭാരവും പൊക്കവും അളക്കാനുള്ള ഉപകരണങ്ങളും വ്യായാമത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിവയ്ക്കാനുള്ള പുസ്തകവും കൂടി ജിമ്മിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

വ്യായാമം ആസ്വദിക്കാം

ഓരോരുത്തർക്കും ഇഷ്ടപ്പെട്ട അന്തരീക്ഷത്തിൽ വ്യായാമം ചെയ്യാനാകും എന്നതാണ് വീട്ടിൽ ജിം ഒരുക്കുന്നതുകൊണ്ടുള്ള പ്രയോജനം. ഇഷ്ടമുള്ള സമയത്ത് ടിവി കണ്ടു കൊണ്ടോ പാട്ട് കേട്ടോ ഒക്കെ വ്യായാമം ചെയ്യാം. ഇതിന് ജിമ്മിന്റെ ഒരു ചുവരില്‍ ടിവി പിടിപ്പിക്കുകയോ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കറുകൾ നൽകുകയോ ചെയ്താൽ മതി. ചിലർക്ക് പുറത്തെ കാഴ്ചകൾ കണ്ട് വ്യായാമം ചെയ്യാനായിരിക്കും താൽപര്യം. കുടുംബാംഗങ്ങൾ ഒരുമിച്ച് വ്യായാമം ചെയ്യുന്നതും വ്യത്യസ്തമായ അനുഭവമായിരിക്കും.