ഈ നിറങ്ങൾക്കും പറയാനുണ്ട് വീടിന്റെ കഥ!

എത്ര മനോഹരമായ ചിത്രമാണ് നാം വരയ്ക്കുന്നത് എങ്കിലും ആ ചിത്രത്തിന് ഒരു ജീവൻ ലഭിക്കണമെങ്കിലും അതിന്റെ ഭംഗി മറ്റുള്ളവർ ആസ്വദിക്കണമെങ്കിലും അതിനു നിറങ്ങൾ കൂടിയേ തീരൂ. ഒരു വ്യക്തിയുടെ കണ്ണിനെ അത്രമേൽ സ്വാധീനിക്കുന്നവയാണ് നിറങ്ങൾ. ഏറെ സമ്മർദത്തിൽ ഇരിക്കുന്ന ഒരു വ്യക്തിക്ക് നല്ല നിറങ്ങൾ ഉള്ള ഒരു ചിത്രം കാണുന്നത് സന്തോഷം പകരുന്നു. നിറങ്ങൾക്ക് ഒരു വ്യക്തിയുടെ ജീവിതത്തിൽ അത്രമേൽ സ്വാധീനം ചെലുത്താൻ കഴിയും. 

അങ്ങനെയെങ്കിൽ വീടുകൾക്ക് നിറം നൽകുന്നതിലും നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായില്ലേ? വീടുകളിൽ നാം അടിക്കുന്ന ഓരോ നിറത്തിനും ഓരോ കഥകൾ പറയാനുണ്ടാകും. പണ്ട് കാലത്ത് എല്ലാ മുറികളിലും വെള്ള നിറത്തിലുള്ള പെയിന്റുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് അതല്ല അവസ്ഥ. വെള്ള നിറത്തെ ആളുകൾ പടിക്ക് പുറത്താക്കി കഴിഞ്ഞു. കളർഫുൾ ഇന്റീരിയർ ആണ് ആളുകൾ ഇപ്പോൾ ഇഷ്ടപ്പെടുന്നത്.  

ഇളം നിറത്തിലുള്ള പെയിന്റും അതിന് ചേര്‍ന്ന ഷേഡുകളുമാണ് വീടിന് ഇപ്പോൾ കൂടുതലായും ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ  വീടിന്റെ ആകെ മുഖച്ഛായ മാറ്റാന്‍ അതിന് കഴിയും. ഇളം നിറങ്ങൾ ഭിത്തികൾക്ക് നൽകുമ്പോൾ വീടിനകത്ത് കൂടുതല്‍ സ്ഥലമുള്ളതായി തോന്നും. വലുപ്പം കുറഞ്ഞ വീടുകൾക്ക് ഈ മാതൃക പ്രയോജനപ്പെടും.

സ്വീകരണ മുറികൾക്ക് മഞ്ഞ, ഇളം പച്ച, ഓളം നീല, റോസ് തുടങ്ങിയ നിറങ്ങളാണ് ഇപ്പോൾ ഉപയോഗിച്ച് വരുന്നത്. മനസിനെ കുളിർപ്പിക്കാൻ ശേഷിയുള്ളവയാണ് ഈ നിറങ്ങൾ. മാത്രമല്ല, മൂഡ് ഓഫ് ആയ ആളുകൾക്ക് അല്പം ആശ്വാസം നൽകുന്ന നിറങ്ങളാണ് ഇവ. ഭിത്തികളിൽ അടിക്കുന്ന നിറങ്ങൾക്ക് അനുയോജ്യമായ നിറത്തിലുള്ള ഫർണിച്ചറുകളും ഉപയോഗിക്കുവാൻ ശ്രദ്ധിക്കണം. 

ബെഡ്‌റൂമുകൾക്ക് ഇപ്പോഴും ചേരുന്ന നിറം പച്ചയാണ്. പ്രശ്ന പരിഹാരങ്ങളും ചിന്തകളും സ്നേഹവും അങ്ങനെ പലവിധ വികാരങ്ങൾ കൊണ്ട് നിറഞ്ഞതാണല്ലോ ബെഡ്റൂമുകൾ, അപ്പോൾ പ്രതീക്ഷയിലേക്ക് കണ്ണുകളെ നയിക്കുന്ന പച്ച നിറമാണ് ഇവിടേക്ക് യോജിച്ചത്.പച്ച ഉത്സാഹവും ഉന്മേഷവും നൽകുന്ന നിറമാണ്.

അടുക്കളക്ക് ചേർന്ന നിറം മഞ്ഞയാണ്. മഞ്ഞ പൊസിറ്റിവിറ്റിയുടെയും ആത്മവിശ്വാസത്തിന്റെയും കൂടി നിറമാണ്. ഐവറി കളറും അനുയോജ്യമാണ്. കുട്ടികളുടെ ബെഡ്‌റൂം ഒരുക്കുമ്പോൾ അവരുടെ പ്രായം കൂടി നോക്കിയുള്ള നിറങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഓറഞ്ച്, റെഡ്, റോസ് തുടങ്ങിയ നിറങ്ങൾ കുട്ടികളുടെ മുറികൾക്കായി ഉപയോഗിച്ച് വരുന്നു. 

സിറ്റിംഗ് റൂം, റിലാക്സിംഗ് റൂം എന്നിവയ്ക്ക് വുഡൻ ഷെയ്ഡ് ആണ് അനുയോജ്യം. അത് കൂടുതൽ ഉന്മേഷം നൽകുന്ന ഒരു നിറമാണ്. നിറങ്ങളിൽ പ്രത്യേകിച്ച് കാര്യങ്ങൾ ഒന്നുമില്ല എന്ന് പറയുമെങ്കിലും, മേൽപ്പറഞ്ഞ രീതിയിൽ സജ്ജീകരിച്ച വീട്ടിൽ ഒന്ന് താമസിച്ചു നോക്കൂ, അപ്പോൾ അറിയാം അതിന്റെ വിശേഷം.