വീടുകളിലും സ്ഥാപനങ്ങളിലും ഭാഗ്യം കൊണ്ട് വരാൻ കഴിയുന്ന സസ്യമാണ് ചൈനീസ് ബാംബൂ എന്നാണ് ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയി പറയുന്നത്. കേരളത്തിൽ ഫെങ്ഷൂയിക്കുള്ള പ്രാധാന്യം വർധിച്ചു വരികയാണ്. ഈ പശ്‌ചാത്തത്തിൽ പലരും വീട്ടിലും ഓഫീസിലും സൗകര്യപ്രദമായ ഇടങ്ങളിൽ ചൈനീസ് ബാംബൂ നടുന്നുണ്ട്.
സംഭവം ചൈനീസ് മുള എന്നാണ് ഇത് അറിയപ്പെടുന്നത് എങ്കിലും ലക്കി ബാംബു മുളവര്‍ഗ്ഗത്തില്‍പ്പെട്ട ചെടിയല്ല എന്നതാണ് വാസ്തവം. ഒന്നര അടി മാത്രം ഉയരം വയ്ക്കുന്ന സസ്യമാണ് ഇത്. കാഴ്ചയിൽ അതിന്റെ തണ്ടുകൾ മുളകളോട് സമാനമാണ് എന്ന് മാത്രം. പൂർണമായും വീടിന്റെ അകത്തളങ്ങൾക്ക് യോജിച്ച രീതിയിലുള്ള ഒരു ചെടിയാണിത്. 4000 വർഷങ്ങൾക്ക് മുൻപ് തന്നെ ചൈനയിൽ ഈ സസ്യം വളർത്താൻ ആരംഭിച്ചിരുന്നു.
വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറക്കുക, ഭാഗ്യം കൊണ്ട് വരിക എന്നിവയെല്ലാമാണ് ഇതിന്റെ ദൗത്യങ്ങൾ എന്ന് പറയപ്പെടുന്നു. സൂര്യപ്രകാശം മിതമായി ലഭിക്കുന്ന സ്ഥലത്ത് വേണം ചൈനീസ് ബാംബു നടുവാൻ. മാത്രമല്ല ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ട് എന്നത് ഉറപ്പ് വരുത്തുകയും വേണം. ജലം, മരം തുടങ്ങിയ മനുഷ്യന്റെ നിലനിൽപ്പിനു ആധാരമായ രണ്ടു ശക്തികളുടെ പ്രതീകമാണ് ചൈനീസ് ബാംബു.
അതിനാൽ ഇത് സംരക്ഷിക്കപ്പെടുമ്പോൾ ജലം, മരം തുടങ്ങിയ പ്രകൃതി ശക്തികൾ പ്രീതിപ്പെടുന്നു എന്നാണ് വിശ്വാസം. പത്തോ അതിൽ അധികമോ മുളംതണ്ടുകൾ ഒരു ചുവപ്പു നാടയിൽ കെട്ടിയ രീതിയിലാണ് ചൈനീസ് ബാംബു വാങ്ങാൻ ലഭിക്കുക. ഈ ചുവപ്പ് നാട അഗ്നിയെയാണ് പ്രതിനിദാനം ചെയ്യുന്നത്. നടുമ്പോൾ ചില്ലുപാത്രം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നാല് എന്ന സംഖ്യ ഒഴിവാക്കി എത്ര മുളകൾ വേണമെങ്കിലും ഒരുമിച്ചു നടാൻ സാധിക്കും.
സാധാരണയായി സ്വീകരണമുറികളിലാണ് ചൈനീസ് ബാംബുവിന്റെ സ്ഥാനം. ഒട്ടും വെളിച്ചം ലഭിക്കാത്ത സ്ഥലത്ത് ഇത് നടുന്നത് അശുഭമാണ്. ബാംബു നടുന്ന പാത്രത്തിൽ അലങ്കാര കല്ലുകൾ, ജെല്ലുകൾ, മാർബിളുകൾ എന്നിവ ഇടുന്നത് ആകർഷണീയത വർധിപ്പിക്കും. ചെടിക്കായി ഒഴിക്കുന്ന വെള്ളം ക്ളോറിൻ ഇല്ലാത്തതാകുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം മുള വളരെ വേഗം നശിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.