കിടിലൻ വീടിന്റെ രഹസ്യം ഇപ്പോൾ പരസ്യം!

സുന്ദരമായ ഒരു നിറംമതി വീടിന്റെ എക്‌സ്‌റ്റീരിയറിനെ വാനോളം ഉയർത്താൻ. ഓർക്കേണ്ടത് അധികമായാൽ അമൃതും വിഷമാകുമെന്ന സത്യം മാത്രം.

∙ ലാൻഡ്‌സ്‌കേപ്പിങ് ചെയ്യാൻ ഉദ്ദേശ്യമുണ്ടെങ്കിൽ പൂന്തോട്ടത്തോടു യോജിക്കുന്ന നിറം എക്‌സ്‌റ്റീരിയറിനു തിരഞ്ഞെടുത്താൽ നന്നായിരിക്കും.

∙ കൊളോണിയൽ ശൈലിയിലുള്ള വീടിന് വെള്ളയോടൊപ്പം ഒലിവ് ഗ്രീൻ നിറം നൽകാം. ഭിത്തിയിലെ ക്ലാഡിങ്ങിനോടും ചേരുന്ന നിറമാണ് പച്ച.

∙ കന്റംപ്രറി വീടിന് ഒഴിവാക്കാനാകാത്ത നിറമാണ് മഞ്ഞ. കൂടെ ആഷും വെള്ളയും കറുപ്പും ഉണ്ടെങ്കിൽ സുരക്ഷിതമായ കോംബിനേഷൻ ആയി.

∙ ന്യൂട്രൽ നിറമായ ആഷിന്റെ യഥാസ്‌ഥാനത്തുള്ള ഉപയോഗത്തിലൂടെ വീടിനെ ലളിതമായ, എന്നാൽ മോഡേണായ വീട് ആക്കാം.

∙ മാമ്പഴമഞ്ഞയുടെ പ്രസരിപ്പ് മുറിക്കുള്ളിൽ നവോന്മേഷം നിറയ്‌ക്കാൻ ഉപകരിക്കും.

∙ തടിയുടെ നിറത്തോടും മഞ്ഞയോടും വെള്ളയോടുമൊത്തു പോകാൻ കാവി നിറത്തിനു കഴിയും. കുറച്ചു സ്‌ഥലത്തേ നൽകാവൂ എന്നു മാത്രം.

∙ ഇന്റീരിയറിൽ ട്രെൻഡി ആയ നിറമാണ് പർപ്പിൾ. ഹൈലൈറ്റർ ഭിത്തിയും പർഗോളയും മാത്രം പർപ്പിൾ ഉപയോഗിച്ച് മുറി ആകർഷകമാക്കാവുന്നതാണ്.



∙ ഇളം നിറങ്ങൾ ആകാമെങ്കിലും അകത്തളഭിത്തികൾക്ക് വെള്ള തന്നെ അനുയോജ്യം. ഒരു ഭിത്തി മാത്രം ഇഷ്‌ടനിറമുപയോഗിച്ച് ഹൈലൈറ്റ് ചെയ്യാം.

∙ ഡ്രസ് വാങ്ങുമ്പോൾ എന്നതുപോലെ വ്യത്യസ്‌തമായ നിറക്കൂട്ടുകൾ ഭിത്തിയിലും പരീക്ഷിക്കാം.

∙ ഗെസ്‌റ്റ് റൂം ഇളം മഞ്ഞ ഉപയോഗിച്ച് ആകർഷകമാക്കാം. സ്‌റ്റെൻസിൽ ഉപയോഗിച്ച് ഭിത്തി ഹൈലൈറ്റ് ചെയ്യാം.

∙ മോഡേൺ ശൈലിയിലുള്ള ഇന്റീരിയറിന്റെ ഹൈലൈറ്റ് കണ്ണിനെ നോവിക്കാത്ത ആഷ്–മെറൂൺ കോംബിനേഷനാണ്.

∙ ഔപചാരികത കലർന്ന ലിവിങ് റൂമിന് ഊഷ്‌മളത പകരാൻ മഞ്ഞനിറം ടെക്‌സ്‌ചർ പെയിന്റ് ഉപയോഗിക്കാവുന്നതാണ്.

∙ മുറിയിലെ അന്തരീക്ഷം മയപ്പെടുത്താൻ മഞ്ഞയോടൊപ്പം കോട്ടഗ്രീൻ ഉപയോഗിക്കാം. മുറിക്കു പ്രസരിപ്പു നൽകാൻ ഇതിനു കഴിയും.

∙ വെള്ളയോടും തടിയുടെ കോഫിബ്രൗണിനോടും യോജിക്കുന്ന വൈൻ റെഡ് ഹൈലൈറ്റർ ഭിത്തിക്ക്‌ നൽകാം. സ്‌റ്റെൻസിൽ കൊണ്ട് ഡിസൈനും നൽകണം.



∙ ഉറക്കം ഉണരുമ്പോൾ പോസിറ്റീവ് എനർജി നിറയ്‌ക്കാൻ ഹൈലൈറ്റർ നിറങ്ങൾക്കു കഴിയും.

∙ ഒരിക്കലും മടുക്കാത്ത നിറങ്ങളായ മഡ് ബ്രൗൺ, പച്ച, നീല തുടങ്ങിയവ കിടപ്പുമുറിക്കു നൽകാം.

∙ ട്രഡീഷണലോ മോഡേണോ എന്ന വ്യത്യാസമില്ലാതെ മാസ്‌റ്റർ ബെഡ്‌റൂമിനു നൽകാവുന്നതാണ് എർത്‌ലി കളർ.

∙ കബോർഡും ഭിത്തിയും ഫർണിഷിങ്ങും ചേരുന്ന സ്‌ട്രൈപ്പ് യൂണിറ്റ്. ചുവരിലെ നിറത്തോടു ചേരുന്ന നിറം കബോർഡിനു നൽകാം.

∙ ഇളം മഞ്ഞയും ചാരനിറവും തമ്മിലുള്ള കോംബിനേഷൻ സൂപ്പർ! കിടപ്പുമുറിക്കു പ്രസരിപ്പേകുന്നു ഈ നിറം.

∙ കബോർഡിലും ഫർണിഷിങ്ങിലും ഭിത്തിയിലും ഒരേ തീം പിൻതുടരുന്നത് പുതിയ ട്രെൻഡാണ്. ഏതെങ്കിലും മോട്ടിഫ് ഉപയോഗിച്ചും ഇങ്ങനെ ചെയ്യാവുന്നതാണ്.

∙ പച്ചയുടെ വിവിധ ഷേഡുകൾ കൊണ്ടും കിടപ്പുമുറി ഭംഗിയാക്കാം, മനസമാധാനവും കണ്ണിനു കുളിർമയും നൽകാൻ പച്ചയ്‌ക്കാവും.