രണ്ട് മുറികൾക്കിടയിലുള്ള സ്ഥലത്ത് കോർട് യാർഡും ഇരിപ്പിടങ്ങളുമൊക്കെ ഒരുക്കി. വശങ്ങളിൽ ചെടികളും പിടിപ്പിച്ചു. അപ്പോഴാണ് ഒരു അക്വേറിയം കൂടി ആയാലോ എന്ന് വർഗീസ് സി മാത്യു ആലോചിക്കുന്നത്. കുട്ടിക്കാലം തൊട്ടേ മത്സ്യങ്ങളെന്നാൽ ജീവനാണ് മാത്യുവിന്.
രണ്ട് ചുവരുകൾക്കുമിടയിലുള്ള സ്ഥലത്ത് ഒരടി പൊക്കത്തിലും അഞ്ച് അടി വീതിയിലും കട്ടകെട്ടി പ്ലാസ്റ്ററിങ്ങും വാട്ടർപ്രൂഫിങ്ങും ചെയ്തു. പിൻഭാഗത്ത് നാലര അടി പൊക്കത്തിൽ കോൺക്രീറ്റ് ചെയ്ത ശേഷം മുന്നിൽ അതേ പൊക്കത്തിലും 12 അടി നീളത്തിലുമുള്ള ഗ്ലാസ് കൂടി പിടിപ്പിച്ചതോടെ അക്വേറിയം ഏറെക്കുറെ റെഡിയായി. വെറും അക്വേറിയമല്ല, കേരളത്തിലെ ഏറ്റവും വലിയ ഹോം അക്വേറിയങ്ങളിലൊന്നാണ് സൗത്ത് പാമ്പാടിയിലെ ചേർക്കോട്ട് വീട്ടിലെത്തിയത്.
7000 ലിറ്ററാണ് അക്വേറിയത്തിന്റെ ശേഷി. ഇത്രയും വെള്ളം കൊള്ളുന്നതിനാൽ 19 എം എം കനമുള്ള ടെംപേർഡ് ഗ്ലാസ്സാണ് ഉപയോഗിച്ചത്. കരി, മണൽ, മെറ്റൽ, സ്പോഞ്ച്, അൾട്രാ വയലറ്റ് ലൈറ്റ് എന്നിവയുൾപ്പെടുന്ന 'ഫൈവ് കംപാർട്മെന്റ് ഫിൽറ്ററിങ്' സംവിധാനം കൂടി അക്വേറിയത്തിന് പിന്നിൽ തയ്യാറാക്കിയതോടെ വെള്ളം വൃത്തിയാക്കുന്നതിന്റെ തലവേദനയും ഒഴിവായി.
റെഡ് ടെയ്ൽ ക്യാറ്റ് ഫിഷ്, ബിഷർ, ക്ലൗൺ നൈഫ്...എന്നിങ്ങനെ അധികമെങ്ങും കാണാത്ത വലുപ്പം കൂടിയ വിഐപികളാണ് അക്വേറിയത്തിൽ നീന്തിത്തുടിക്കുന്നത്.