റിസോർട്ടിലും ഹോട്ടലിലുമൊക്കെ സമയം ചെലവഴിക്കാനാണ് കൂടുതൽ ആളുകൾക്കും താൽപര്യം. എന്താണ് കാരണം? ഇഷ്ടം തോന്നുന്നതൊന്നും വീട്ടിലില്ല എന്നതുതന്നെ. അവരവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്തുക്കൾ, നല്ല ഓർമകളെ തഴുകിയുണർത്തും കാഴ്ചകൾ, മനസ്സിനിണങ്ങിയ നിറങ്ങൾ, സുഗന്ധം...ഇവയൊക്കെ വീട്ടിലുണ്ടെങ്കിലോ? ആരും വീടുവിട്ടോടില്ല.
വീട്ടുകാരുടെ അഭിരുചികളും താൽപര്യങ്ങളും സൂക്ഷ്‌മമായി നിരീക്ഷിച്ച് അതിനിണങ്ങും രീതിയിൽ ഇന്റീരിയർ ഒരുക്കുന്നതുകൊണ്ടുള്ള ഗുണമിതാണ്.
സ്വയം കണ്ടെത്തുക! അതാണ് നൊസ്റ്റാൾജിക് ഇന്റീരിയർ. വീട്ടുകാരുടെ മുഖം തെളിയുന്ന കണ്ണാടിയാണ് ഈ ലിവിങ് റൂം. തടിയോടുള്ള വീട്ടുകാരുടെ ഇഷ്ടക്കൂടുതൽ ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. കൊളോണിയൽ ക്ലാസിക് ശൈലികൾ കൂട്ടിയിണക്കിയ ഡിസൈൻ ആണ് ഫർണിച്ചറിനെല്ലാം. തടിക്കൊപ്പം ഫ്ലോറൽ പ്രിന്റുള്ള അപ്ഹോൾസ്റ്ററി കൂടി ചേരുന്നതോടെ അഴക് കൂടുന്നു.
കണ്ണിനു വേണ്ടി ഇന്റീരിയർ ഒരുക്കാം. ഭംഗിയുള്ള കാഴ്ചകൾക്കായിരിക്കും മുൻഗണന. ശരീരത്തിന് വേണ്ടിയും ഇന്റീരിയർ ചിട്ടപ്പെടുത്താം. അതിൽ സുഖസൗകര്യത്തിനായിരിക്കും പ്രഥമ പരിഗണന. ഇനി മൂന്നാമതൊന്നുണ്ട്. മനസ്സിനു വേണ്ടിയുള്ള ഇന്റീരിയർ. അങ്ങനെയാകുമ്പോൾ കാലം പിന്നിടുമ്പോഴും കാഴ്ചകൾ മടുക്കില്ല. യാത്രകൾക്കിടയിൽ വാങ്ങിയ വസ്തുക്കളാണ് ഈ ഊണുമുറിയുടെ അലങ്കാരം. ഓർമ്മകളാണ് അതിന്റെ സൗന്ദര്യം.
രണ്ട് കസേര. വളരെ പഴയൊരു മേശ. അത്രയേയുള്ളൂ. പക്ഷേ അതിന്റേതായൊരു തനിമയുണ്ട് വർത്തമാനം പറഞ്ഞിരിക്കാനുള്ള ഈ ഇത്തിരിയിടത്തിന്. പൊടിപ്പും തൊങ്ങലിലുമൊന്നുമല്ല കാര്യം. ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഇടങ്ങൾ വേണം വീടിനു ജീവൻ പകരാൻ.
തടിയുടെ സൗമ്യസാന്നിധ്യം തന്നെയാണ് ഈ കിടപ്പുമുറിയുടെ സവിശേഷത. കിടക്കവിരിയിലും കസേരയുടെ അപ്ഹോൾസ്റ്ററിയിലും മാത്രമേ നിറങ്ങളുള്ളൂ. ജനാലയ്ക്കു പിന്നിലെ നേർത്ത കർട്ടനിലൂടെ അരിച്ചെത്തുന്ന വെളിച്ചം മുറിയെ സജീവമാക്കുന്നു.
ആർക്കിടെക്ട്സ്
ബാബു ചെറിയാൻ, സിനു താര ചെറിയാൻ
ബിസിഐ ആർക്കിടെക്ചർ, കോഴിക്കോട്