ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ...

ചുവരിൽ നിറങ്ങൾകൊണ്ട് മാന്ത്രികത സൃഷ്‌ടിക്കുന്ന ടെക്സ്ചർ പെയിന്റിന്റെ സാധ്യതകൾ അറിയാം...

ചുവരില്ലെങ്കിൽ ചിത്രമെഴുതാനാകില്ല എന്നല്ലേ പഴഞ്ചൊല്ല്. പഴഞ്ചൊല്ല് എന്തായാലും ചുവര് വീടിന്റെ പ്രധാന ഭാഗമാണെന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. വോൾപേപ്പർ, ക്ലാഡിങ്, ഹൈലൈറ്റർ നിറം ഇവയെല്ലാമുണ്ടെങ്കിലും ചുവരിനു പ്രിയം ടെക്സ്ചർ പെയിന്റിങ്ങിനോടു തന്നെ ! ടെക്സ്ചർ പെയിന്റ് മുറിക്കകത്തു സൃഷ്ടിച്ചെടുക്കുന്ന പ്രസരിപ്പും ആകർഷണീയതയും കാരണം അതിന്റെ ജനകീയത ഒട്ടും മടങ്ങിയിട്ടില്ല !

ഏതെങ്കിലും ഉപകരണങ്ങൾ‍ ഉപയോഗിച്ചോ ചരലോ മണലോ പോലുള്ള മീഡിയം(Medium) ഉപയോഗിച്ചോ ഭിത്തിയെ പരുപരുത്തതാക്കുകയോ മിനുസപ്പെടുത്തുകയോ ചെയ്യുന്നതിനെയാണ് ടെക്സ്ചർ പെയിന്റിങ് എന്നു പറയുന്നത്. കോംബ്, സ്പാചുല, നൈഫ്, റോളർ എന്നിങ്ങനെ നിരവധി ഉപകരണങ്ങൾ ടെക്സ്ചർ സൃഷ്ടിക്കാൻ ഉപയോഗിക്കാം. ഇതിനെല്ലാം ഉപരി, സ്വന്തമായി ഭാവനയുണ്ടെങ്കിൽ കൈ ഉപയോഗിച്ചുപോലും ടെക്സ്ചർ ഡിസൈൻ സൃഷ്ടിക്കുകയുമാകാം.

എന്താണ് ടെക്സ്ചർ ?

വീടിന്റെ പുറംഭിത്തികളോ അകത്തെ ഏതെങ്കിലുമൊരു ഭിത്തിയോ ഹൈലൈറ്റ് ചെയ്യാൻ ടെക്സ്ചർ ഉപയോഗിക്കാം. പുറംഭിത്തികളിൽ പായലും പൂപ്പലും വരുന്നതിനെ തടയുമെന്നതിനാൽ നേരിട്ട് മഴയും വെയിലുമടിക്കുന്ന ഭിത്തികളിൽ മീഡിയം ഉപയോഗിച്ച് ടെക്സ്ചർ ചെയ്യാറുണ്ട്. പല ആർക്കിടെക്ടുമാരും വീടിന്റെ എക്സ്റ്റീരിയറിന് മോഡേൺ ലുക്ക് നൽകാൻ ഉപയോഗിക്കുന്നതും ടെക്സ്ചറാണ്.

ഗ്ലോസി, മാറ്റ്, റസ്റ്റിക് ഫിനിഷുകളിൽ ടെക്സ്ചർ പെയിന്റിങ് ചെയ്യാം. ത്രീഡി ഇഫക്ട് ഉണ്ടാക്കുന്ന ടെക്സ്ചറും വിപണിയിലുണ്ട്.

വീടിന്റെ പുറം ഭിത്തികളിലെ ടെക്സ്ചറിങ് ഏതെങ്കിലും മീഡിയം ഉപയോഗിച്ചാണ് സാധാരണ ചെയ്യുന്നത്. മണലോ ചരലോ പോലുള്ള ചെറിയ തരിയുള്ള വസ്തുക്കളാണ് മിക്കയിടത്തും മീഡിയമായി ഉപയോഗിക്കുന്നത്. പ്രതലം നിരപ്പാക്കി പുട്ടിയിട്ടതിനു ശേഷമാണ് ടെക്സ്ചർ ഉണ്ടാക്കാൻ ആവശ്യമായ മീഡിയം ചേർക്കുന്നത്. ഇത്തരത്തിൽ ടെക്സ്ചർ ചെയ്യുമ്പോൾ ഭിത്തി വളരെയധികം മിനുസമായിരിക്കണമെന്നു നിർബന്ധമില്ല. പുട്ടിയുടെ കൂടെ മണലോ ചരലോ ചേർത്ത് കംപ്രസ്സർ ഉപയോഗിച്ച് ഭിത്തിയിൽ പതിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനു മുകളിൽ ഇഷ്ടമുള്ള പെയിന്റ് അടിക്കാം. ചതുരശ്രയടിക്ക് 45 രൂപ മുതൽ ചെലവു വരും.

ആവശ്യാനുസരണം കഴുകാനാകുമെന്നതാണ് ഇത്തരം ഭിത്തികളുടെ മേന്മ. ഒരിക്കൽ ഭിത്തി ഈ വിധത്തിൽ തയാറാക്കിയാൽ പിന്നീട് അതിൽ മാറ്റം വരുത്തണമെങ്കിൽ പുട്ടിയിടുക തന്നെ വേണം. അകത്തെ ചില ഭിത്തികളിലും ഇത്തരം ടെക്സ്ചർ സൃഷ്ടിക്കുന്നവരുണ്ട്.

ടെക്സ്ചർ അകത്തളത്തിൽ

അകത്തളത്തിൽ മായികലോകം സൃഷ്ടിക്കുന്ന ടെക്സ്ചർ പെയിന്റ് സാധാരണ പെയിന്റിൽ നിന്ന് അല്പം വ്യത്യസ്തമാണ്. ഈ ആവശ്യത്തിനായി കമ്പനികൾ പ്രത്യേകം പെയിന്റ് വിപണിയിൽ ഇറക്കുന്നുണ്ട്. തേച്ച് മിനുസപ്പെടുത്തിയ പ്രതലത്തിലാണ് ടെക്സ്ചർ ചെയ്യുന്നത്. ഒരു നിറത്തിനു മുകളിൽ തികച്ചും വ്യത്യസ്തമായ നിറം അടിച്ച് അവ കൂട്ടിക്കലർത്തുമ്പോഴു ണ്ടാകുന്ന ഡിസൈനാണ് ടെക്സ്ചറിന്റെ മനോഹാരിത. ഗ്ലോസി, മാറ്റ്, റസ്റ്റിക് ഫിനിഷുകളിൽ ടെക്സ്ചർ പെയിന്റിങ് ചെയ്യാം. ത്രീഡി ഇഫക്ട് ഉണ്ടാക്കുന്ന ടെക്സ്ചറും വിപണിയിലുണ്ട്.

ലിവിങ് റൂമിലെ ഹൈലൈറ്റ് ചെയ്യുന്ന ഭിത്തി, വാഷ് കൗണ്ടർ, സീലിങ്ങിലെ ചെറിയൊരു ഭാഗം, തുറന്ന കബോർഡുകൾക്കുൾവശം എന്നിവിടങ്ങളിലെല്ലാം ടെക്സ്ചർ പെയിന്റിങ് ചെയ്യാം.

ആദ്യം ഭിത്തിയിലെ കുഴികൾ, പുട്ടി ഉപയോഗിച്ച് അടച്ച് മിനുസപ്പെടുത്തുന്നു. അതിനു മുകളിൽ ആദ്യത്തെ കോട്ട് പെയിന്റ് അടിക്കാം. രണ്ട് മുതൽ അഞ്ച് കോട്ട് പെയിന്റ് വരെ ടെക്സ്ചർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. പുട്ടിയുടെ മുകളിൽ ആദ്യം അടിക്കുന്ന പാളിയെ ബേസ് കോട്ട് എന്നു പറയും. അതിനു മുകളിൽ വ്യത്യസ്തമായ മറ്റൊരു നിറം അടിക്കുന്നു. ഇതിനെ ടോപ്കോട്ട് എന്നാണ് വിളിക്കുന്നത്. ബേസ്കോട്ട് ഉണങ്ങുന്നതിനു മുൻപുവേണം ടോപ് കോട്ട് അടിക്കാൻ. എല്ലാ പാളിയും അടിച്ചശേഷം പെയിന്റ് ഉണങ്ങുന്നതിനു മുൻപു തന്നെ സ്പാചുലയോ നൈഫോ മറ്റ് ഏതെങ്കിലും ഉപകരണമോ ഉപയോഗിച്ച് ഡിസൈൻ സൃഷ്ടിക്കുന്നു.

അകത്തളത്തിലാണ് ഇത്തരം ടെക്സ്ചർ പെയിന്റിങ് കൂടൂതലായി ചെയ്യുന്നത്. ഏതെങ്കിലും ഭിത്തികൾ ഹൈലൈറ്റ് ചെയ്യാനാണ് ടെക്സ്ചറിന്റെ സഹായം തേടുന്നത്. ഗോവണിയുടെ ലാൻഡിങ്ങിലെ ഭിത്തി. കട്ടിലിന്റെ ഹെഡ് ബോർഡ് വരുന്ന ഭിത്തി. ഫോയറിന്റെ ഭിത്തി, ലിവിങ് റൂമിലെ ഹൈലൈറ്റ് ചെയ്യുന്ന ഭിത്തി, വാഷ് കൗണ്ടർ, സീലിങ്ങിലെ ചെറിയൊരു ഭാഗം, തുറന്ന കബോർഡുകൾക്കുൾവശം എന്നിവിടങ്ങളിലെല്ലാം ടെക്സ്ചർ പെയിന്റിങ് ചെയ്യാം.

ഒരു ഭിത്തി മുഴുവനായി ടെക്സ്ചർ പെയിന്റിങ് ചെയ്യാതെ ചെറിയൊരു ഭാഗം മാത്രമായും ചെയ്യാം. ഭിത്തിയെ രണ്ട് ഭാഗമാക്കി ഒരിടത്തെ ബേസ്കോട്ട് മറുഭാഗത്ത് ടോപ് കോട്ടായും തിരിച്ചും ഡിസൈൻ ചെയ്യാം. ഭിത്തി മുഴുവനായി ടെക്സ്ചർ ചെയ്യുന്നില്ലെങ്കിൽ ടെക്സ്ചർ ചെയ്യുന്ന ഭാഗത്തിനു ചുറ്റും തടി റീപ്പർകൊണ്ടുള്ള ബോർഡർ സ്ഥാപിക്കുന്നതു നന്നാകും.

നിറമേത് ?

പ്രമുഖ പെയിന്റ് കമ്പനിക്കാർ എല്ലാവരും തന്നെ െടക്സ്ചർ പെയിന്റിന്റെ നിറങ്ങളുടെ കോംബിനേഷനുകൾ വ്യത്യസ്ത പേരുകളിൽ ഇറക്കിയിട്ടുണ്ട്. ഇതിൽ മുറിയുടെ നിറത്തോടും ഫ്ലോറിങ്ങിനോടും അവിടെയുള്ള മറ്റ് ഘടകങ്ങളോടും ചേരുന്ന നിറക്കൂട്ട് ഭിത്തിക്കു നൽകാം. ബേസ് കോട്ട് ഇളം നിറം, ടോപ് കോട്ട് കടുംനിറം എന്ന രീതിയിലാണ് മിക്ക കമ്പനികളും ഡിസൈൻ ക്രമീകരിക്കുന്നത്. ഗോൾഡ്, കോപ്പർ പോലുള്ള നിറങ്ങളും ടോപ് കോട്ടായി ഉപയോഗിക്കാം. എവിടെയും കാണാത്ത ഡിസൈൻ വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനും സാധ്യതയുണ്ട്.

ഇഷ്ടപ്പെട്ട നിറങ്ങൾ ഉപയോഗിച്ച് സ്വന്തമായി ടെക്സ്ചർ ചെയ്യാവുന്നതാണ്. നിറങ്ങൾ കൂട്ടിച്ചേർത്ത് ഇഷ്ടപ്പെട്ട നിറവും സൃഷ്ടിക്കാം. പക്ഷേ, ചേർക്കുന്ന നിറങ്ങളുടെ അളവ് കൃത്യമായി നേരത്തെ മനസ്സിലാക്കി വച്ചില്ലെങ്കിൽ പെയിന്റ് തികയാതെ വന്നാൽ വീണ്ടും മിക്സ് ചെയ്യാൻ പ്രയാസമാകും. അതുകൊണ്ടു തന്നെ വളരെയധികം പ്രാഗത്ഭ്യമുള്ള പെയിന്റർമാരെ മാത്രമേ പെയിന്റ് സ്വന്തമായി മിക്സ് ചെയ്യാൻ ഏൽപ്പിക്കാവൂ. ചതുരശ്രയടിക്ക് 55 രൂപ മുതൽ 110 രൂപ വരെ ടെക്സ്ചർ പെയിന്റിങ്ങിനു ചെലവാകും.

കുറവുകൾ പരിഹരിക്കാം.

നനവ് നേരിട്ടു തട്ടുന്ന ഭിത്തികളിലൊഴികെ എല്ലായിടത്തും ടെക്സ്ചർ പെയിന്റിങ് ചെയ്യാം. വെറ്റ് ഏരിയ വേർതിരിക്കാത്ത ബാത് റൂമിന്റെയും അടുക്കളയുടെയും ഭിത്തിയിൽ സാധ്യമല്ല. നേരിട്ട് വെള്ളം തട്ടിയാൽ പൊളിഞ്ഞിളകാൻ സാധ്യതയുണ്ട്. എന്നാൽ വോൾപേപ്പർ ഉപയോഗിക്കാൻ സാധിക്കാത്ത ബാത് റൂമിലെ വാഷ് കൗണ്ടറിന്റെ ഭിത്തിയിൽ വരെ ടെക്സ്ചർ ചെയ്യാം. സ്ഥിരമായി ആളുകൾ സഞ്ചരിക്കുന്ന വഴിയോടു ചേർന്ന ഭിത്തികളിൽ ത്രീഡി ഡിസൈനുകൾ ഒഴിവാക്കുന്നതാണ് നല്ലത്. വസ്ത്രങ്ങളിലോ ശരീരത്തിലോ തട്ടി ഉരയാൻ സാധ്യതയുള്ളതിനാലാണിത്.

പരുക്കൻ പ്രതലമായതിനാൽ പെട്ടെന്ന് പൊടിപിടിക്കാൻ സാധ്യതയുണ്ടെന്നത് ടെക്സ്ചറിനെക്കുറിച്ചുള്ള പരാതിയാണ്. നനഞ്ഞ തുണി ഉപയോഗിച്ചു തുടയ്ക്കുന്നതാണ് ഇതിനുള്ള പ്രതിവിധി. നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന ഭിത്തികളിൽ ടെക്സ്ചർ ചെയ്താൽ നിറം മങ്ങാൻ സാധ്യതയുമുണ്ട്. ഒരിക്കൽ ടെക്സ്ചർ പെയിന്റിങ് ചെയ്ത ഭിത്തി വീണ്ടും പെയിന്റ് ചെയ്യുമ്പോൾ ആദ്യം സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ചുനിരപ്പാക്കണം. അതിനു മുകളിൽ പുട്ടിയിട്ടശേഷം വേണം വീണ്ടും പെയിന്റ് ചെയ്യാൻ. സാധാരണ െപയിന്റോ ടെക്സ്ചറോ വീണ്ടും ചെയ്യാം.

റോളർ ഉപയോഗിച്ച്

ആദ്യം ഭിത്തിയിലെ കുഴികൾ, പുട്ടി ഉപയോഗിച്ച് അടച്ച് മിനുസപ്പെടുത്തുന്നു. എല്ലാ പാളിയും അടിച്ചശേഷം പെയിന്റ് ഉണങ്ങുന്നതിനു മുൻപു തന്നെ സ്പാചുലയോ നൈഫോ മറ്റ് ഏതെങ്കിലും ഉപകരണമോ ഉപയോഗിച്ച് ഡിസൈൻ സൃഷ്ടിക്കുന്നു.

ഭിത്തിയിലെ സാധാരണ പെയിന്റിനു മുകളിൽ ഏതെങ്കിലും ഡിസൈൻ മറ്റൊരു നിറത്തിൽ മുക്കിയ റോളർ ഉപയോഗിച്ച് വരയ്ക്കുന്ന രീതിയുമുണ്ട്. പൂക്കളുടെയോ ഇലകളുടെയോ ആകൃതിയോ മറ്റെന്തെങ്കിലും ഡിസൈനോ ഇത്തരത്തിൽ ഭിത്തിയിൽ സൃഷ്ടിക്കാം. പെയിന്റിൽ മുക്കി ഭിത്തിയിലൂടെ ഓടിക്കുമ്പോൾ ഡിസൈൻ ഭിത്തിയിൽ പതിയുകയാണ് ചെയ്യുന്നത്. ഇത്തരം റോളറുകൾ പെയിന്റ് കടകളിലും ഓൺലൈൻ സൈറ്റുകളിലും ലഭിക്കും. ഒന്നോ രണ്ടോ മൂന്നോ എണ്ണമുള്ള പാക്കറ്റുകൾക്ക് 300 രൂപ മുതൽ വിലവരും.