Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ യുവാക്കള്‍ നാടിന് അഭിമാനം, സരോജിനിക്ക് ആശ്വാസം

sarojini-house കോട്ടൂളി കൊടിച്ചിക്കാട്ടിൽ സരോജിനിയുടെ വീടിന്റെ നവീകരണപ്രവൃത്തികൾ കോട്ടൂളി യുവധാരയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു

അടുത്ത ഞായറാഴ്ച ഹോം ഓഫ് ലവിൽനിന്ന് മടങ്ങിയെത്തുമ്പോൾ കോട്ടൂളി കൊടിച്ചിക്കാട്ടിൽ സരോജിനിയെ വരവേൽക്കുന്നത് പുഞ്ചിരിക്കുന്നൊരു വീടായിരിക്കും. വർഷങ്ങളായി സരോജിനി ഒറ്റയ്ക്കു താമസിച്ചുവന്ന തകർന്ന വീടിന് പുതുജീവൻ നൽകിയത് യുവാക്കളുടെ കൂട്ടായ്മയായ കോട്ടൂളി യുവധാരയാണ്. 

മക്കളില്ലാതിരുന്ന സരോജിനി ഭർത്താവും മരിച്ചതോടെയാണ് ഒറ്റയ്ക്കായത്. നാട്ടുകാരുടെ കരുണയിലാണ് ജീവിതം. വീടിന്റെ അവസ്ഥ പരമദയനീയമായതോടെയാണ് നവീകരിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങിയത്. 

ഒറ്റയ്ക്കായെങ്കിലും വീടുവിട്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലുമാകാതിരുന്ന സരോജിനിയെ സ്വന്തംവീട്ടിൽതന്നെ താമസിപ്പിച്ചു സംരക്ഷിക്കാൻ യുവധാര തീരുമാനിക്കുകയായിരുന്നു. 

വീടുനന്നാക്കുന്ന സമയം കോട്ടൂളി ഹോം ഓഫ് ലവിലേക്കു മാറ്റി. നവീകരണ ജോലികൾ അവസാനഘട്ടത്തിലായിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് ചെറിയൊരു ചടങ്ങോടെയാണ് ഗൃഹപ്രവേശനം. ആശംസകൾ നേർന്ന് ഹോം ഓഫ് ലവിലെ അന്തേവാസികളുമുണ്ടാകുമെന്ന്  യുവധാര സെക്രട്ടറി പ്രമോദ് കോട്ടൂളി പറഞ്ഞു. നേരത്തേ മെട്രോ മനോരമ പ്രസിദ്ധീകരിച്ച വാർത്തകണ്ട് സരോജിനിയെ സഹായിക്കാൻ കോർപറേഷന്റെ വയോമിത്രം പ്രവർത്തകരും എത്തിയിരുന്നു.