Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഒരേക്കറിൽ ഉയരും, നന്മയുടെ ഗാന്ധിഗ്രാമം!

gandhi-gramam ഗാന്ധിഗ്രാമത്തിൽ താമസിക്കാൻ ഒരുങ്ങുന്നവർ നിയാസ് ഭാരതിക്കൊപ്പം.

ഭിന്നശേഷിക്കാരനായ മകനുമായി കണ്ണീരോടെയെത്തിയ ആ അമ്മ. അവരിൽനിന്നാണ് ആ വലിയ നന്മയുടെ തുടക്കം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മുദാക്കൽ സ്വദേശിയായ അവർ അഡ്വ. നിയാസ് ഭാരതിയോടു ഹൃദയം തകർന്നു പറഞ്ഞത് ഇത്രമാത്രം: കുട്ടിയുടെ ചികിത്സയ്ക്കു വേണ്ടി കിടപ്പാടം നഷ്ടപ്പെട്ടു. സഹായിക്കാൻ ആരുമില്ല.

നിയാസ് ആ വാക്കുകൾ കേട്ടുമറന്നില്ല. ഉറച്ചൊരു തീരുമാനമെടുത്തു, തന്റെ പേരിലുള്ള ഒരു ഏക്കർ 10 സെന്റ് പാവപ്പെട്ടവർക്കു നൽകണം, അവിടെ ‘ഗാന്ധി ഗ്രാമം’ പണിയണം. നാലു വർഷങ്ങൾക്കിപ്പുറം കൊല്ലം ചിതറയിൽ ആ സ്വപ്ന ഗ്രാമം ഉയരുകയാണ്. ചിതറ പെരിങ്ങാട്ട് നിയാസിനു മാതാപിതാക്കൾ നൽകിയ വസ്തു സമ്മാനിച്ചത് 20 പേർക്ക്. കൊല്ലം തിരുവനന്തപുരം ജില്ലകളിൽ ഉള്ളവരാണു മിക്കവരും. 

റബർ കൃഷി ചെയ്തിരുന്ന സ്ഥലം നിരപ്പാക്കി ഓരോരുത്തർക്കും 4 സെന്റ് വീതം നൽകി. ബാക്കി സ്ഥലം പ്രാർഥനാ കേന്ദ്രം, വായനശാല, തൊഴിൽ കേന്ദ്രം എന്നിവയ്ക്കും. റോഡും കുളവും നിർമിച്ചു. ഗാന്ധി പ്രതിമയും സ്ഥാപിച്ചു. ഇനി ഓരോരുത്തർക്കും 2 കിടപ്പുമുറികൾ ഉള്ള വീടാണു ലക്ഷ്യം. ഭിന്നശേഷി ഉള്ള കുട്ടിക്കു നിയാസ് തന്നെ വീട് നിർമിക്കും. മറ്റുള്ളവർക്കു വീട് ഒരുക്കുന്നതിനു വിവിധ സംഘടനകളുടെ സഹായം തേടും.

ഗാന്ധിജിയാണു നിയാസിന്റെ മാർഗദർശി. അതുകൊണ്ടു കൂട്ടുകാർ, ഗാന്ധി എന്നു വിളിപ്പേരുമിട്ടു. റിട്ട. അധ്യാപകൻ വൈ.സൈനുദീന്റെയും പരേതയായ സൗദാബീവിയുടെയും മകനായ നിയാസ് യൂത്ത് കോൺഗ്രസ്  സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ഗവ. ലോ കോളജ് ചെയർമാൻ, എൻഎസ്‌യു ഐയുടെ നാഷനൽ കോ–ഓർഡിനേറ്റർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് നടത്തുന്നു. ആറ്റിങ്ങലിൽ താമസം. ഭാര്യ  വെഞ്ഞാറമ്മൂട് എൻജി. കോളജ് അസി. പ്രഫസർ സംല.  മക്കൾ സയിൽ, സയാൻ.