30 ലക്ഷം വരെ ഭവനവായ്പ; പലിശ കുറച്ച് എസ്ബിഐ

‘പ്രധാനമന്ത്രി ആവാസ് യോജന’ പ്രകാരമുള്ള, 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകളുടെ പലിശ നിരക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 0.25% വരെ കുറച്ചു. ഇന്നു പ്രാബല്യത്തിൽ വരും. 

ശമ്പളവരുമാനക്കാരായ വനിതകൾക്ക് ഇനി 8.35% പലിശനിരക്കിൽ ഈ ഭവനവായ്പ ലഭിക്കും. ഇപ്പോഴത്തെ 8.60% നിരക്കിനെക്കാൾ കാൽ ശതമാനം കുറവ്. ശമ്പളക്കാരായ പുരുഷന്മാർക്കും ശമ്പളക്കാരല്ലാത്ത വനിതകൾക്കും ഇളവ് 0.20% ആണ്. 8.40% ആകും നിരക്ക്. 

ശമ്പളക്കാരല്ലാത്ത പുരുഷന്മാർക്ക് 0.15% ഇളവാണു കിട്ടുക. പദ്ധതിപ്രകാരം സർക്കാർ ഓരോ ഉപയോക്താവിനും വർഷം 2.67 ലക്ഷം രൂപ വരെ പലിശ ഇളവും നൽകുന്നുണ്ട്. ജൂലൈ 31 വരെയാണു പദ്ധതിയിൽ ചേരാൻ അവസരമുള്ളത്.