റിയല്‍ എസ്‌റ്റേറ്റ് രംഗം എത്ര മാന്ദ്യാവസ്ഥയിലാണെന്ന് പറഞ്ഞാലും വീട് വാങ്ങാനോ വെക്കാനോ പോകുമ്പോഴാണ് ചെലവിന്റെ വലുപ്പം നമുക്ക് മനസിലാകുക. വീടെന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാനായി പ്രോപ്പര്‍ട്ടി വാങ്ങാന്‍ ചെല്ലുമ്പോള്‍ വില കേട്ട് സാധാരണക്കാര്‍ ഞെട്ടാറാണ് പതിവ്. ശമ്പളക്കാരനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വീട് വയ്ക്കാനുള്ള തുക നീക്കിയിരുപ്പായി ഒരിക്കലും കൈയിലുണ്ടാകില്ല. 40കളിലും 50കളിലും എത്തിയവര്‍ക്ക് പോലും ജോലി ചെയ്തുണ്ടാക്കിയ കാശുകൊണ്ട് വീട് വാങ്ങാന്‍ പറ്റണമെന്നുമില്ല. ആകെ മുന്നിലുള്ള ഓപ്ഷന്‍ ഭവനവായ്പ എടുക്കുക എന്നതു മാത്രമാണ്.
പണ്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി ഭവനവായ്പയ്ക്ക് അപേക്ഷ നല്‍കുന്നത് എളുപ്പമായി മാറിയിട്ടുണ്ട്. എന്നാല്‍ നല്ലൊരു ധനകാര്യസ്ഥാപനത്തില്‍ നിന്നും മികച്ച പലിശനിരക്കോടെ ഭവനവായ്പ ലഭിക്കുകയെന്നത് വിചരിക്കുന്നത്ര എളുപ്പമായിക്കൊള്ളണമെന്നുമില്ല.
വായ്പയ്ക്കുള്ള ആപ്ലിക്കേഷന്‍ റിജക്റ്റ് ചെയ്യുന്ന കേസുകള്‍ നിരവധിയാണ്. വായ്പാ തിരിച്ചടവ് ശേഷി ഉപഭോക്താവിന് കുറവാണെന്ന് ബാങ്കിന് തോന്നിയാല്‍ വായ്പ ലഭ്യമാകില്ല. ഭവനവായ്പ അംഗീകരിക്കാനും തള്ളിക്കളയാനും ചില മാനദണ്ഡങ്ങള്‍ ധനകാര്യസ്ഥാപനങ്ങള്‍ വിലയിരുത്താറുണ്ട്. അതിലെ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങള്‍ ഇതാ...വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും ഇതേക്കുറിച്ച് ബോധ്യം വേണം
1. വയസ്സ്
നിങ്ങളുടെ വായ്പാതിരിച്ചടവ് ശേഷി പരിശോധിക്കുന്നതില്‍ വയസ്സ് ഒരു പ്രധാന ഘടകമാണ്. ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്യാനിരിക്കുന്ന പ്രായത്തിലാണ് ഹോം ലോണിന് അപേക്ഷിക്കുന്നതെങ്കില്‍ മിക്കവാറും അത് ലഭ്യമാകില്ല. 25-30 വര്‍ഷം തിരിച്ചടവ് കാലാവധി ചോദിച്ച്, പ്രായമായവര്‍ അപേക്ഷിക്കുന്ന ഹോം ലോണുകള്‍ അനുവദിക്കപ്പെടാന്‍ യാതൊരു സാധ്യയുമില്ല. സ്ഥിരവരുമാനമുള്ള 20കളിലെയും 30കളിലെയും ഉപഭോക്താക്കള്‍ക്ക് ഭവനവായ്പ നല്‍കാനാണ് എപ്പോഴും കമ്പനികള്‍ക്ക് താല്‍പ്പര്യം. കുറച്ച് പ്രായമായാല്‍ തിരിച്ചടവ് കാലാവധി കുറച്ചുള്ള വായ്പ (ഇഎംഐ) വളരെ കൂടുതലായേക്കും.
2. എത്ര രൂപ വായ്പ കിട്ടും
എടുക്കുന്ന ഭവനവായ്പാ തുക മുഴുവനായും തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടോ എന്നത് ബാങ്കുകള്‍ വിശദമായും പരിശോധിക്കും. അതുകൊണ്ട് നിങ്ങളുടെ വരുമാനം പ്രധാനമാണ്. അതനുസരിച്ചാകും ഹോം ലോണ്‍ അപ്രൂവല്‍. വായ്പാ തുകയ്ക്ക് അപേക്ഷിക്കുമ്പോള്‍, അത് നിങ്ങളുടെ വരുമാനവുമായി താരതമ്യപ്പെടുത്തി മാത്രം നിശ്ചയിക്കുക. മറ്റു ലോണുകള്‍ ഉണ്ടെങ്കില്‍ ആ ബാധ്യതയും കൂടി കിഴിച്ചുള്ള തുക ഇഎംഐ ആയി അടയ്ക്കാന്‍ ഉപഭോക്താവിന് ശേഷിയുണ്ടോയെന്ന് വായ്പാദാതാവ് പരിശോധിക്കും. ഒന്നിലധികം വായ്പകള്‍ പേരിലുണ്ടെങ്കില്‍ പുതിയ ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജോലിയുള്ള പങ്കാളിയെ കൂടി സഹഅപേക്ഷനാക്കുക.
3. നിലവില്‍ വായ്പ എടുത്തിട്ടുണ്ടോ
നിലവില്‍ ഏതെങ്കിലും വായ്പ എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ ഭവന വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണായകമാണ്. മുമ്പെട്ടുത്ത വായ്പകളിലെ തിരിച്ചടവിലെ കൃത്യതയും വീഴ്ച്ചയും ബാങ്ക് പരിശോധിക്കും. അതനുസരിച്ച് മാത്രമേ പുതിയ ഭവനവായ്പ അനുവദിക്കപ്പെടൂ. മോശം ക്രെഡിറ്റ് സ്‌കോറാണ് ഉള്ളതെങ്കില്‍ ആദ്യം അത് ശരിയാക്കിയിട്ട് ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്നതാകും നല്ലത്.
4. ജോലി പ്രധാനം
സ്ഥിരതയോടെയുള്ള ജോലിയിലാണോ ഉപഭോക്താവെന്ന് ധനകാര്യസ്ഥാപനങ്ങള്‍ പരിശോധിച്ചേക്കാം. ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്കുള്ള ജോലിയില്‍ രണ്ട് വര്‍ഷമെങ്കിലും സ്ഥിരതയുണ്ടെങ്കില്‍ നന്നായിരിക്കും. ചെറിയ ഒരു കാലയളവിനുള്ളില്‍ തന്നെ നിരവധി ജോലിമാറ്റങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയുടെ ഹോം ലോണ്‍ അപേക്ഷകള്‍ തള്ളാന്‍ സാധ്യതയുണ്ട്.
5. മതിയായ രേഖകള്‍
ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ എല്ലാ രേഖകളും ശരിയായി ഉണ്ടെന്ന് ഉറപ്പാക്കണം. എന്തെല്ലാമാണോ ബാങ്ക് ആവശ്യപ്പെടുന്നത് അത് കൃത്യമായി ശേഖരിച്ച് സമര്‍പ്പിക്കണം. കെവൈസി വിവരങ്ങള്‍, വരുമാനം തെളിയിക്കുന്നതിനുള്ള രേഖകള്‍, പുതിയ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ അങ്ങനെ നിരവധി ഡോക്യുമെന്റുകള്‍ ആവശ്യമായി വരും. ഇതെല്ലാം കൃത്യമായി നല്‍കിയാലേ ലോണ്‍ അനുവദിച്ചു കിട്ടൂ.