Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് പണിയുന്നവരുടെ ശ്രദ്ധയ്ക്ക്: വിവിധതരം ഭവനവായ്പകളെ അറിയാം

x-default ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന വിവിധ തരം പ്രോപ്പര്‍ട്ടി വായ്പകളെ ഒന്ന് പരിചയപ്പെടാം

പൊതുമേഖല, സ്വകാര്യ ബാങ്കുകളും ഇതര ധനകാര്യസ്ഥാപനങ്ങളുമാണ് പ്രോപ്പര്‍ട്ടി വായ്പകള്‍ ഇന്ന് വ്യാപകമായി നല്‍കുന്നത്. വീടുമായി ബന്ധപ്പെട്ട് വിവിധ തരം വായ്പകള്‍ ഇവര്‍ നല്‍കുന്നുണ്ട്. ഓരോരുത്തരുടെയും ആവശ്യമനുസരിച്ചാണ് തെരഞ്ഞെടുപ്പ്. ബാങ്കുകളും ഇതരധനകാര്യസ്ഥാപനങ്ങളും നല്‍കുന്ന വിവിധ തരം പ്രോപ്പര്‍ട്ടി വായ്പകളെ ഒന്ന് പരിചയപ്പെടാം

1. ഹോം പര്‍ച്ചേസ് ലോണ്‍

റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങാനായി ലഭിക്കുന്ന വായ്പയാണിത്. സാധാരണയായി ധനകാര്യ സ്ഥാപനങ്ങള്‍ വീടിന്റെ 80-90 ശതമാനത്തോളം തുക വായ്പയായി നല്‍കും. 30 ലക്ഷം രൂപയുടെ വീടാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ ഏകദേശം 27 ലക്ഷം രൂപ വായ്പയായി ബാങ്ക് അനുവദിക്കാന്‍ സാധ്യതയുണ്ട്. പലിശനിരക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടും. 

2. ഭൂമി വാങ്ങാനുള്ള വായ്പ

വീടിനു മാത്രമല്ല, വീട് വെക്കാനുള്ള ഭൂമി വാങ്ങാനും ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കും. പ്ലോട്ടില്‍ നിങ്ങള്‍ വീട് വെക്കാന്‍ പോകുന്നതാണെന്ന് ബോധ്യപ്പെടുത്തണം. വാങ്ങിക്കുന്ന പ്ലോട്ടിന്റെ 80-85 ശതമാനത്തോളം തുക വായ്പയായി ലഭിക്കും.

3. വീടുണ്ടാക്കാനുള്ള വായ്പ

ഹോം കണ്‍സ്ട്രക്ഷന്‍ ലോണും ബാങ്കുകള്‍ നല്‍കുന്നുണ്ട്. ഉപഭോക്താവ് ഉടമസ്ഥനായോ സഹഉടമസ്ഥനായോ ഉള്ള പ്ലോട്ടില്‍ വീട് പണിയാനുള്ളതാണ് ഇത്തരത്തിലുള്ള വായ്പ. ഹോം കണ്‍സ്ട്രക്ഷന്‍ ലോണ്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ മറ്റ് വായ്പകളില്‍ നിന്നും ചിലപ്പോള്‍ വ്യത്യാസപ്പെട്ടിരിക്കും. വായ്പയ്ക്ക് അപേക്ഷിക്കുന്ന തുകയില്‍ വീട് വെക്കാനായി ഭൂമി വാങ്ങിയ തുക കൂടി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ബാങ്കുകള്‍ കണക്കിലെടുക്കില്ല. വീട് പണിയുന്നതിനുള്ള എസ്റ്റിമേറ്റ് അനുസരിച്ചുള്ള തുകയേ വായ്പയായി ലഭിക്കൂ. 

4. വീട് വികസിപ്പിക്കാന്‍ വായ്പ

നിലവിലുള്ള വീട് കൂടുതല്‍ വികസിപ്പിക്കുന്നതിനായാണ് ഈ വായ്പ ലഭിക്കുക. ഹോം ഇംപ്രൂവ്‌മെന്റ് ലോണിന്റെ ഭാഗമായാണ് ഇത് പല ബാങ്കുകളും നല്‍കുന്നത്. വീട് സ്വന്തമായുള്ളവര്‍ക്ക് അത് റിനൊവേറ്റ് ചെയ്യാന്‍ കാശില്ലാത്തപ്പോള്‍ ഉപകരിക്കുന്നതാണ് ഹോം ഇംപ്രൂവ്‌മെന്റ് വായ്പ. വീടിലെ അറ്റകുറ്റപ്പണികള്‍, പെയ്ന്റിങ്, കുഴല്‍ക്കിണര്‍ നിര്‍മാണം, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം വായ്പ ലഭിക്കും.

5. എന്‍ആര്‍ഐ ഭവന വായ്പകള്‍

പ്രവാസികളായ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ളതാണ് എന്‍ആര്‍ഐ ഹോം ലോണുകള്‍. മറ്റ് ഹോം ലോണുകളുടേതിന് സമാനമായി തന്നെയാണ് ഇത്. എന്നാല്‍ പേപ്പര്‍വര്‍ക്കുകള്‍ കുറച്ച് കൂടുതലായേക്കും. 

Read more Home Loan ഭവനവായ്പ ബജറ്റ് വീട് പണിയാം