വീട് വാങ്ങും മുമ്പ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

വാങ്ങുന്ന പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ടോയെന്നത് ശരിയായി മനസിലാക്കണം

വീടോ ഫ്‌ളാറ്റോ വാങ്ങാനുള്ള തയാറെടുപ്പിലാണോ നിങ്ങള്‍. അതിന് മുമ്പ് നിര്‍ബന്ധമായും നിങ്ങള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ...

1. കാര്‍പ്പറ്റ് ഏരിയയെക്കുറിച്ച് ധാരണ വേണം

വാങ്ങുന്ന പ്രോപ്പര്‍ട്ടിയുടെ കാര്‍പ്പറ്റ് ഏരിയയെക്കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമുണ്ടാകണം. ബില്‍ഡറോട് സൂപ്പര്‍ ബില്‍റ്റ്അപ്പ് ഏരിയയും കാര്‍പ്പറ്റ് ഏരിയയും വേര്‍തിരിച്ചുള്ള വിവരങ്ങള്‍ തരാന്‍ ആവശ്യപ്പെടണം. അത് വില്‍പ്പന എഗ്രിമെന്റില്‍ ഉള്‍പ്പെടുത്തുകയും വേണം. 

സൂപ്പര്‍ ഏരിയയെക്കുറിച്ച് കൂടുതല്‍ വാചാലരായാണ് ബില്‍ഡര്‍മാര്‍ പ്രോപ്പര്‍ട്ടി വില്‍ക്കാറുള്ളത്.  ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ എല്ലാ വീട്ടുകാരും ഉപയോഗിക്കുന്ന പൊതു സൗകര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ ഏരിയ. ലോബി, ഇലവേറ്ററുകള്‍, സ്‌റ്റെയര്‍കേസുകള്‍, കോറിഡോറുകള്‍ എന്നിവ ഇതില്‍ പെടും. വീട് കവര്‍ ചെയ്തിരിക്കുന്നതാണ് ബില്‍റ്റ് അപ്പ് ഏരിയ. ഒരു അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും മറ്റുമുള്ള ഉപയോഗപ്രദമായ സ്‌പേസാണ് കാര്‍പ്പറ്റ് ഏരിയ. 

2. റെറയുടെ അനുമതിയുള്ളതാണോ പദ്ധതി

റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്റ്റ് (റെറ) നിലവില്‍ വന്നതിനു ശേഷം ബില്‍ഡര്‍മാര്‍ ഫണ്ട് വകമാറ്റാതെ കൃത്യസമയത്തിനുള്ളില്‍ പദ്ധതി കൈമാറണമെന്ന് നിര്‍ബന്ധമുണ്ട്. എന്നാല്‍ എല്ലാ പദ്ധതികളും റെറയ്ക്ക് കീഴിലുള്ളതാകില്ല. ചില സംസ്ഥാനങ്ങള്‍ റെറ ഇതുവരെ നടപ്പാക്കിയിട്ടുമില്ല. ചില പഴയ പദ്ധതികളും റെറയ്ക്ക് കീഴില്‍ വരില്ല. അപ്പോള്‍ നിങ്ങള്‍ വാങ്ങാന്‍ പോകുന്ന പദ്ധതി റെറയ്ക്ക് കീഴിലുള്ളതാണോ അല്ലയോ എന്ന് കൃത്യമായി മനസിലാക്കുക. 

3. അനുമതിയുള്ളതാണോ പദ്ധതി

വാങ്ങുന്ന പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ടോയെന്നത് ശരിയായി മനസിലാക്കണം. അല്ലെങ്കില്‍ പുലിവാല് പിടിക്കും. ചില അപ്പാര്‍ട്ട്‌മെന്റുകള്‍ വെറുതെ കെട്ടിപ്പൊക്കി വാടകയ്ക്ക് കൊടുക്കുന്നവരുണ്ട്. പദ്ധതിയുടെ പേരും മറ്റും വിവരങ്ങളും കാണിച്ച് വായ്പയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അംഗീകൃതമാണെങ്കില്‍ മാത്രമേ അത് ലഭ്യമാകൂ.

4. ബില്‍ഡറെ വിശ്വസിക്കാമോ

നിങ്ങള്‍ പ്രോപ്പര്‍ട്ടി വാങ്ങുന്ന ബില്‍ഡറുടെ വിശ്വാസ്യത ഉറപ്പുവരുത്തണം. നോട്ട് അസാധുവാക്കലിന് ശേഷം പല ബില്‍ഡര്‍മാരും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാന്‍ തയ്യാറായിരുന്നു. ഇവരുടെ ഓഫറുകള്‍ വിശ്വാസയോഗ്യമാണോയെന്ന് ശരിയായി പഠിച്ച ശേഷം മാത്രം പ്രോപ്പര്‍ട്ടി വാങ്ങുക.

5. സൗജന്യപ്പെരുമഴ യാഥാര്‍ത്ഥ്യമാണോ

കൂടുതല്‍ ബിസിനസ് കിട്ടാന്‍ പല ബില്‍ഡര്‍മാരും നിരവധി സൗജന്യങ്ങളാണ് ഓഫര്‍ ചെയ്യുന്നത്. ഇതില്‍ ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, മറ്റ് ഹോം അപ്ലയന്‍സസുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. എന്നാല്‍ ചില വിരുതന്‍മാര്‍ ഇതിന്റെയെല്ലാം പണം കൂടി പദ്ധിതയില്‍ അങ്ങ് ചേര്‍ക്കാനും ശ്രമം നടത്തും. എന്നിട്ട് അതിന്റെ ചാര്‍ജ്ജ് കൂടി ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. അതുകൊണ്ട് ഒരുപാട് ഫ്രീ ഒാഫറുകളുമായി എത്തുന്നവരെ ഒന്നു ശ്രദ്ധിക്കുക. 

Read more: Home plan, Home style, Interior, Dream home