ഗൃഹോപകരണ വിപണിയിൽ ഓണാഘോഷം തുടങ്ങി!

ഇലക്രോണിക്സ് ഉപകരണങ്ങൾക്കെല്ലാം 10 ശതമാനം നികുതി കുറച്ചതോടെ ഓണത്തിനു മുൻപേ ഓണം വന്ന ആഘോഷമാണു വിപണിയിൽ.

ഇലക്ട്രോണിക്സ് ഉൽപന്ന വിപണിയിൽ ഇപ്പോൾ രണ്ട് ഉത്സവങ്ങൾ ഒരുമിച്ചു വന്ന പ്രതീതി. കഴിഞ്ഞ ഒരു വർഷം മുഴുവൻ വിപണികളെ തളർത്തിയ ചരക്കുസേവന നികുതിയെ ഇപ്പോൾ ജിഎസ്ടി ബൊണാൻസ എന്നാണു വ്യാപാരികൾ പോലും വിശേഷിപ്പിക്കുന്നത്. ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, മിക്സി, ഗ്രൈൻഡർ തുടങ്ങിയ ഇലക്രോണിക്സ് ഉപകരണങ്ങൾക്കെല്ലാം 10 ശതമാനം നികുതി കുറച്ചതോടെ ഓണത്തിനു മുൻപേ ഓണം വന്ന ആഘോഷമാണു വിപണിയിൽ. എട്ടു ശതമാനം മുതൽ 10 ശതമാനം വരെ വിലക്കിഴിവ്  27 മുതൽ കച്ചവടക്കാർ ഉപ‌യോക്താക്കൾക്കു നൽകുന്നുണ്ട്. അടിസ്ഥാന വിലയിൽ എട്ടു മുതൽ പത്തു ശതമാനം വരെയാണു കുറവു നൽകുന്നത്. 

ടിവിക്ക് വില കുറയില്ല

ടിവിക്കു 10 ശതമാനം നികുതിയൊഴിവു ലഭിച്ചെങ്കിലും കേരളത്തിൽ തീരുമാനം പ്രയോജനപ്പെടില്ലെന്ന് വ്യാപാരികൾ പറയുന്നു. 27 ഇഞ്ചുവരെയുള്ള ടിവികൾക്കാണു നികുതി കുറച്ചത്. 28 ഇഞ്ചിനു മുകളിലുള്ള ടിവികൾക്ക് ഇപ്പോഴും നികുതി ഏറ്റവും ഉയർന്ന സ്ലാബിൽതന്നെയാണ്. കേരളത്തിലെ സ്റ്റോറുകളിൽ (നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും) ഇപ്പോൾ 10 ശതമാനത്തിൽ താഴെ മാത്രമാണ് 28 ഇഞ്ചിനു താഴെ വലുപ്പമുള്ള ടിവികൾ വരുന്നത്. ചെറിയ ടിവികൾക്ക് ഇവിടെ ഡിമാൻഡ് ഇല്ലായെന്നും വ്യാപാരികൾ പറയുന്നു. കേരളത്തിൽ ടിവിയുടെ സ്റ്റാൻഡേർഡ് സൈസ് 32 ഇഞ്ചായി മാറിക്കഴിഞ്ഞു. 50 ശതമാനത്തോളം വിൽപന 32 ഇഞ്ച് ടിവിയാണ്. 40,43,50,55 ഇഞ്ച് ടിവികളും നന്നായി വിറ്റുപോകുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു. 

ആഡംബരം അല്ലാതാകുമോ എസി?

എയർ കണ്ടീഷൻ, വലിയ സ്ക്രീനുള്ള എൽഇഡി ടിവികൾ തുടങ്ങി ആഡംബര വസ്തുക്കളെന്ന് ഇപ്പോൾ വിളിക്കുന്ന ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നികുതി  ഏറ്റവും ഉയർന്ന സ്ലാബായ 28 ശതമാനമാണ്. കൃത്യമായ നികുതി സംവിധാനത്തിലൂടെ രാജ്യത്തിന്റെ നികുതി വരുമാനം കൂടിയാൽ ഇവയുടെ നികുതി കുറയ്ക്കുന്ന കാര്യവും ഭാവിയിൽ പരിഗണിക്കുമെന്നാണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി പറയുന്നത്. ജിഎസ്ടി നടപ്പാക്കി ഒരു വർഷവും ഒരു മാസവും കഴിഞ്ഞപ്പോൾ തന്നെ ഫ്രിജും വാഷിങ് മെഷീനും പോലുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നികുതി 10 ശതമാനം കുറച്ചു. ഭാവിയിൽ നികുതി കുറയ്ക്കാൻ സാധ്യതയുള്ള ഉൽപന്നങ്ങളുടെ കൂടെ ജിഎസ്ടിക്കു മുൻപ് 31 ശതമാനം നികുതിയുണ്ടായിരുന്ന സിമന്റും മന്ത്രി ഉൾപ്പെടുത്തിയിട്ടുണ്ട്. സിമന്റ് മാത്രമല്ല, മിനറൽ വാട്ടർ, ഹെയർ ഓയിൽ, നിർമാണ വസ്തുക്കൾ, ടൂത്ത്പേസ്റ്റ്, സോപ്പ് തുടങ്ങിയവയ്ക്കെല്ലാം വാറ്റും കേന്ദ്ര വിൽപന നികുതിയും ചേർത്ത് 31 ശതമാനം നികുതി പണ്ടുണ്ടായിരുന്നു. 

എന്തേ കുറയുന്നില്ല?

ഇതിനിടെ 27 നു മുൻപുള്ള വിലയിൽ മാറ്റമില്ലെന്നു പരാതിപ്പെടുന്ന ഉപയോക്താക്കളുമുണ്ട്. ഫ്രിജിനും വാഷിങ് മെഷീനും 27 നു മുൻപും ശേഷവും ഒരേ വില. 10 ശതമാനം നികുതി കുറഞ്ഞതോടെ റീടെയിലേഴ്സ് നൽകിയിരുന്ന വിലക്കിഴിവും ഓഫറുകളും  പിൻവലിച്ചതായും ഉപയോക്താക്കൾ പരാതിപ്പെടുന്നുണ്ട്. പക്ഷേ, നികുതിയിളവ് എല്ലാവർക്കും ഒരേപോലെ ബാധകമാകുന്നതിനാൽ കിഴിവുകൾ പിൻവലിച്ചാലും ഓണമാകുന്നതോടെ തിരിച്ചുവന്നേക്കും. കൂടാതെ ബ്രാൻഡുകളുടെ ഓഫറുകളും ലഭിക്കും. 

 ചോദിച്ചു വാങ്ങണം വിലക്കിഴിവ്

27 മുതൽ പുതിയ നികുതിയാണ് 17 വിഭാഗങ്ങളിലുള്ള ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് ഈടാക്കുന്നത്. കവറിലുള്ള  എംആർപിയിൽ പഴയ വിലയാണെങ്കിലും പുതിയ വിലയിൽ കച്ചവടക്കാർ ഉൽപന്നങ്ങൾ വിൽക്കണം. കച്ചവടക്കാരുടെ നഷ്ടം നികത്താൻ സർക്കാർ ഇൻപുട് ടാക്സ് ക്രെഡിറ്റ് നൽകുന്നുണ്ട്. അതിനാൽ കൃത്യമായും വിലക്കുറവ് ഉപയോക്താവിന് അവകാശപ്പെട്ടതാണ്.  റെഫ്രിജറേറ്റർ, ഫ്രീസർ, മറ്റ് റെഫ്രിജറേറ്റിങ് ഉപകരണങ്ങൾ, സ്റ്റോറേജ് വാട്ടർ ഹീറ്റർ, ഇലക്ട്രോണിക് കുക്കിങ് വെസൽസ്, മിക്സി, ഗ്രൈൻഡിങ് ഉപകരണങ്ങൾ, ഇലക്ട്രോണിക് വെയിങ് മെഷീൻ, ഫയർ എക്സ്റ്റിങ്യൂഷേഴ്സ്, പ്രിന്റർ, പോർട്ടബിൾ ഇലക്ട്രിക് ലാംപ്, മോണിട്ടർ, പ്രൊജക്ടർ, വാച്ച്, മ്യൂസിക്കൽ ബോക്സസ്, വിഡിയോ ഗെയിം കൺസോൾസ്, 28 ഇഞ്ചിൽ താഴെ വലുപ്പമുള്ള ടിവി തുടങ്ങി ഒട്ടേറെ ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കാണ് നികുതിയിളവു ബാധകമാകുന്നത്.

പ്രതീക്ഷ 20 ശതമാനം അധിക വിൽപന

ഈ ഓണത്തിന് ഹോം അപ്ലയൻസ് വിഭാഗത്തിൽ മാത്രം 20 ശതമാനം അധിക വിൽപന പ്രതീക്ഷിക്കുന്നു. അടിസ്ഥാന വിലയുടെ എട്ടു മുതൽ 10 ശതമാനം വരെ കുറവ് 27 മുതൽ ഉപയോക്താക്കൾക്കു നൽകുന്നുണ്ട്. ജിഎസ്ടി കുറച്ചതോടെ ഷോപ്പിലെത്തുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. നോട്ട് നിരോധനവും ജിഎസ്ടിയും മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഓണം സീസണിൽ വളർച്ച കാണിച്ചിരുന്നില്ല. നികുതി കുറച്ചതുകൊണ്ടുള്ള വിലക്കുറവ് മറ്റു ഡിസ്കൗണ്ടുകളെ ബാധിച്ചിട്ടില്ല.

ഉപയോക്താക്കളിലേക്ക് നികുതിയിളവ് കൃത്യമായും എത്തേണ്ടതാണ്. ഓണം പ്രമാണിച്ചുള്ള എല്ലാ ഓഫറുകളും എല്ലാ ഉൽപന്നങ്ങളിലും തുടരും. ഉദാഹരണത്തിന് 20,000 രൂപ എംആർപി വരുന്ന റെഫ്രിജറേറ്റർ ഓണത്തോട് അനുബന്ധിച്ച് 15,000 രൂപയ്ക്കു വിൽക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിൽ ആ 15,000 ന്റെ എട്ടു ശതമാനം കൂടി കുറച്ചുള്ള വിലയായിരിക്കും ഈടാക്കുക. സർക്കാർ ഉപയോക്താക്കൾക്കു നൽകുന്ന ഇളവ് ഞങ്ങളുടെ ഓഫറുകളെ ബാധിക്കില്ല. വരുന്ന ജിഎസ്ടി കൗൺസിലുകളിൽ വലിയ സ്ക്രീനുള്ള ടിവിയുടെ നികുതി കൂടി സർക്കാർ കുറയ്ക്കുമെന്നാണു പ്രതീക്ഷ.

- വി.എ. അജ്മൽ– ബിസ്മി ഗ്രൂപ് മാനേജിങ് ഡയറക്ടർ

25 ശതമാനം വിൽപന ഉയരും

ഇലക്ട്രേണിക്സ് ഉൽപന്ന വിപണി വലിയൊരു തിരിച്ചുവരവ് ഈ വർഷം പ്രകടിപ്പിക്കും. കഴിഞ്ഞ വർഷത്തെക്കാൾ 25 ശതമാനം വളർച്ചയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. പല ബ്രാൻഡുകളിലായി 1200 ഇനങ്ങൾക്കാണ് ലുലു കണക്ടിൽ വില കുറയുന്നത്. 27 നു മുൻപേ തന്നെ സോഫ്ട്‌വെയർ അപ്ഡേറ്റ് ചെയ്തിരുന്നതിനാൽ പുതുക്കിയ ജിഎസ്ടി ബില്ലോടെ അന്നു മുതൽ ഉപയോക്താക്കൾക്ക് ഉൽപന്നങ്ങൾ നൽകി.

നികുതി കുറഞ്ഞതോടെ മൂന്നു തലത്തിലുള്ള പ്രയോജനങ്ങൾ  ഈ വർഷം ഉപയോക്താക്കൾക്കു ലഭിക്കും. ബ്രാൻഡുകൾ നൽകുന്ന ഓഫറുകളും റീടെയ്‌ലർ നൽകുന്ന കിഴിവുകളും സർക്കാർ നൽകുന്ന പത്തു ശതമാനം നികുതിയിളവും. 

- എം.എ. നിഷാദ്–ഡയറക്ടർ ലുലു ഗ്രൂപ്