ഓരോ മിനിറ്റിലും വെള്ളമുയരുന്നു; വീട്ടിൽ നിന്ന് സഹായമഭ്യർഥിച്ച് യുവാവ്; വിഡിയോ

കേരളത്തിൽ മഴക്കെടുതിയിൽ പതിനായിരക്കണക്കിന് പേർക്കാണ് വീട് നഷ്ടമായിരിക്കുന്നത്. പഴയ വീടുകൾ നിലം പൊത്തിയതും, കേടുപാടുകൾ സംഭവിച്ചതും, വെള്ളം കയറി വാസയോഗ്യമല്ലാതായതും ദുരിതം വർധിപ്പിക്കുന്നു.

പലരും വീടിനുള്ളിൽ ഒറ്റപ്പെട്ട അവസ്ഥയാണ്. ഈ സാഹചര്യത്തിൽ റാന്നിയിൽ നിന്ന് സഹായമഭ്യർഥിച്ച് യുവാവ്. റാന്നിക്ക് സമീപം തോട്ടമണിൽ നിന്നാണ് ജെഫി ജേക്കബ് എന്ന യുവാവ് സഹായം തേടി ഫെയ്സ്ബുക്കിൽ ലൈവായി എത്തിയത്. വെള്ളം കയറിയ സ്വന്തം വീടിന്റെ മുകളിലെ നിലയിൽ നിന്നാണ് യുവാവിന്റെ വിഡിയോ. പ്രായമായവരുൾപ്പെടെ നിരവധി പേരാണ് ഈ പ്രദേശത്ത് വീടുകൾക്കുള്ളിൽ കുടുങ്ങിക്കഴിയുന്നത്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ വെള്ളം ഉയരുന്ന സ്ഥിതിയാണ്. ശബരിഗിരി പദ്ധതിയുടെ ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ആറടി ഉയരത്തിൽ ഉയർത്തിയതാണ് മിന്നൽ പ്രളയത്തിനുകാരണം. ശബരിമല ഉൾപ്പെടെ റാന്നിയുടെ കിഴക്കൻ മേഖലകളിൽ മഴ തുടരുകയാണ്. അർധരാത്രിക്കുശേഷം പമ്പാ നദിയിലും കൈവഴികളിലും ജലനിരപ്പ് ഉയർന്നതോടെയാണ് റാന്നി വെള്ളത്തിലായത്. സർക്കാർ ആശുപത്രി വെള്ളത്തിൽ മുങ്ങി. റാന്നി ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാത, റാന്നി ബൈപ്പാസ്, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവ വെള്ളത്തിനടിയിലായി