Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടയാം വായുവിൽ ഒഴുകിയെത്തുന്ന അപകടം

gas-cylinder പ്രളയകാലത്ത് പാചകവാതക സിലിണ്ടറുകളും മറ്റ് അനുബന്ധ സാമഗ്രികളും ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

പ്രളയത്തിനൊടുവിൽ വെള്ളമൊഴിഞ്ഞു വീട്ടിലേക്കു തിരിച്ചെത്തുമ്പോൾ അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തും പാചകവാതക സിലിണ്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ. ഒരു ചെറുതീപ്പൊരിയിൽ ഒളിച്ചിരിക്കുന്നത് വലിയ അപകടമാണ്. പ്രളയകാലത്ത് പാചകവാതക സിലിണ്ടറുകളും മറ്റ് അനുബന്ധ സാമഗ്രികളും ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

∙ വീട്ടിലേക്കോ ഗ്യാസ് ഗോഡൗണിലേക്കോ പോകുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.

∙ എൽപിജി സിലിണ്ടർ പ്രളയത്തിൽ വിച്ഛേദിക്കപ്പെട്ട് ഒഴുകി നടക്കാൻ സാധ്യതയുണ്ട്, ശ്രദ്ധിക്കണം.

∙ എൽപിജിയുടെ മണം പലപ്പോഴും ചീമുട്ടയുടേതിനു സമാനം. വീട്ടിലേക്കു കയറുമ്പോൾ ഇക്കാര്യം മനസ്സിലുണ്ടാകണം.

∙ ചീത്തയായതോ ചീത്തയാകാറായതോ ആയ പച്ചക്കറിയുടെയോ വെള്ളത്തിന്റെയോ ദുർഗന്ധം ശ്രദ്ധിക്കണം.

∙ വീടിന്റെ ഏതെങ്കിലും ഭാഗത്തു നിന്നു ചീറ്റുന്ന ശബ്ദം, തുറസ്സായ സ്ഥലത്ത് വെള്ളത്തിൽ കുമിളകൾ എന്നിവ ശ്രദ്ധിക്കണം.

∙ കെട്ടിടത്തിൽ നിന്നോ ഏതെങ്കിലും മൂലയിൽ നിന്നോ ഗ്യാസിന്റെ മണം വന്നാൽ ഉടൻ തന്നെ ഒഴിപ്പിക്കൽ വേണം.

∙ പൈപ്പ് ഗ്യാസ് വിതരണമാണെങ്കിൽ പൈപ്പുകൾ വീണു കിടക്കുന്നുണ്ടോയെന്നു നോക്കുക. വെള്ളപ്പൊക്കം സിലിണ്ടറുകളെയും ഒപ്പമുള്ള പൈപ്പുകളെയും നീക്കാനിടയുണ്ട്. ഈ സാഹചര്യത്തിൽ അധികൃതരെ ബന്ധപ്പെടണം.

∙ ഇരുട്ടാണെങ്കിൽ ഫ്ലാഷ് ലൈറ്റ് ഉപയോഗിക്കുക. മെഴുകുതിരിയോ മറ്റോ ഒരു കാരണവശാലും ഉപയോഗിക്കരുത്. ലൈറ്റുകളോ ഗാർഹിക ഇലക്ട്രിക് ഉപകരണങ്ങളോ ടെലഫോണോ മൊബൈലോ ഉപയോഗിക്കാതിരിക്കുക.

∙ ഗ്യാസ് സിലിണ്ടർ ഓഫാക്കിയതാണല്ലോ എന്നു കരുതി ഒരിക്കലും അതിനു സമീപത്തേക്കു പോകരുത്. ആദ്യം ഗ്യാസ് ടാങ്കിലെ സപ്ലൈ വാൽവ് തിരിച്ച് ഓഫാക്കുക(ക്ലോക്ക് വൈസിൽ സ്വിച്ച് തിരിച്ച്)

∙ പാചകവാതകം കാറ്റിനേക്കാൾ ഭാരമുള്ളതാണ്, വെള്ളത്തേക്കാൾ ഭാരം കുറവുള്ളതും. ലീക്കുണ്ടെങ്കിൽ വീടിന്റെ ഏറ്റവും താഴത്തെ നിലയിൽ ഗ്യാസ് സാന്നിധ്യമുണ്ടാകാം.

∙ ഒരു അംഗീകൃത ടെക്നിഷ്യൻ പരിശോധിക്കാതെ ഒരിക്കലും ഗാർഹിക ഉപകരണങ്ങൾ, സാമഗ്രികൾ, വാഹനങ്ങൾ എന്നിവയിലുള്ള ഗ്യാസ് സപ്ലൈ ഓഫ് ചെയ്യരുത്.

∙ എൽപിജി പരിശീലനം നൽകിയ അംഗീകൃത ഡിസ്ട്രിബ്യൂട്ടർ മുഖേനയല്ലാതെ പാചകവാതക പൈപ്പ് ലൈൻ ഒരു കാരണവശാലും അടയ്ക്കാൻ ശ്രമിക്കരുത്.

∙ ഗ്യാസ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വീടിനു പുറത്താണെങ്കിൽ ഒരിക്കലും വീടിന് അകത്തോ അതിനോടു ചേർന്നുള്ള ഷെഡ്, ബേസ്മെന്റ്, ചെറിയ കൂര എന്നിവയിൽ സൂക്ഷിക്കരുത്. ഇവയിൽ നിന്ന് വിഷാംശം വീടിനകത്തേക്ക് കടന്നു മരണത്തിനു വരെ സാധ്യതയുണ്ട്. വീടിനകത്ത് ഉപയോഗിക്കാവുന്നതും അതിനു വേണ്ടി നിർമിതവുമായ ഉപകരണങ്ങൾ മാത്രം വീടിനുള്ളിൽ ഉപയോഗിക്കുക. 

∙ പ്രളയസമയത്ത് എൽപിജി സിലിണ്ടർ വീടിനുള്ളിൽ സൂക്ഷിക്കരുത്. വീടിനോടു ചേർന്ന ബേസ്മെന്റ്, ഷെഡ്, ഗാരിജ് എന്നിവിടങ്ങളിലും സ്റ്റോർ ചെയ്യരുത്.

∙ ഗ്യാസ് ഓവൻ, ടോപ് ബർണറുകൾ എന്നിവ സ്ഥലം ചൂടാക്കാൻ ഒരിക്കലും ഉപയോഗിക്കരുത്.

∙ റെഗുലേറ്റർ വാൽവ് പോലുള്ള ഉപകരണങ്ങളിൽ സ്വയം റിപ്പയറിങ് വേണ്ട.

∙ വെള്ളത്തിൽ കിടന്ന ഗ്യാസ് സംബന്ധിയായ ഉപകരണങ്ങൾ ലൈറ്റ് ഓൺ ചെയ്ത് ഒരിക്കലും പരിശോധിക്കരുത്.

∙ ഗ്യാസുമായി ബന്ധപ്പെട്ട് എന്തു ചെയ്യുമ്പോഴും മുറിയിലെ ഇലക്ട്രിക് സംവിധാനത്തിൽ ഷോർട് സർക്യൂട്ട് ഉൾപ്പെടെ ഇല്ലെന്ന് ഉറപ്പാക്കണം.

∙ എൽപിജി ഉപയോഗിക്കുന്ന സാമഗ്രികളോ വാഹനങ്ങളോ വെള്ളത്തിനടിയിലാണെങ്കിൽ ഗ്യാസ് സപ്ലൈ ഓഫാക്കി മാത്രം പുറത്തെടുക്കുക.

∙ വീട് വിട്ടു പോകുകയാണെങ്കിൽ പാചകവാതക സിലിണ്ടർ അടയ്ക്കാൻ മറക്കരുത്. വീട്ടിൽ തുടരുകയാണെങ്കിൽ മുകളിലെ നിലകളിലേക്കു മാറുക.

∙ പാചകവാതകം കേന്ദ്രീയ വിതരണ ശൃംഖലയിൽ നിന്നാണു വരുന്നതെങ്കിൽ ഉത്തരവാദപ്പെട്ടവരെ അറിയിക്കുക.

∙ വെള്ളവും മാലിന്യങ്ങളും ഗ്യാസ് ഉപകരണങ്ങളുടെ റെഗുലേറ്ററിൽ ഉൾപ്പെടെ കയറി അപകടം വിളിച്ചു വരുത്താം. ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

വിവരങ്ങൾക്കു കടപ്പാട്: ഡോ.ആർ.വേണുഗോപാൽ

ഡെപ്യൂട്ടി ചീഫ് കൺട്രോൾ ഓഫ് എക്സ്പ്ലോസീവ്, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസഷൻ (പെസോ)